ഇന്ത്യന്‍ ഡോക്ടറെ ആദരിക്കാന്‍ ‘വാഹന പരേഡ്’

വാഷിങ്ടണ്‍: കോവിഡ് ചികിത്സയില്‍ നിര്‍ണായക പങ്ക് വഹിച്ച മൈസൂര്‍ സ്വദേശിനിയായ ഡോക്ടറെ സ്നേഹവും ആദരവും അറിയിക്കാന്‍ ‘വാഹന പരേഡ്’ നടത്തി അമേരിക്കക്കാര്‍. യു.എസിലെ സൗത്ത് വിന്‍ഡ്സര്‍ ഹോസ്പിറ്റലിലെ ഡോ. ഉമ മധുസൂദനയാണ് ചികിത്സിച്ച്‌ ഭേദമാക്കിയ രോഗികളുടെയും ബന്ധുക്കളുടെയും സ്നേഹാദരവ് ഏറ്റുവാങ്ങിയത്.

കാറുകളും പൊലീസ് വാഹനങ്ങളും ഫയര്‍ എന്‍ജിനുകളും അടക്കം നൂറോളം വാഹനങ്ങള്‍ പരേഡില്‍ അണിനിരന്നു. ഡോ. ഉമയുടെ വീടിന് മുന്നിലൂടെ വരി വരിയായി ഹോണടിച്ചാണ് വാഹനങ്ങള്‍ നീങ്ങിയത്. പുറത്തിറങ്ങി നിന്ന ഡോക്ടറെ തുറന്ന വിന്‍ഡോ ഗ്ലാസിലൂടെ ‘താങ്ക് യൂ ഡോക്ടര്‍’ എന്നെഴുതിയ ബഹുവര്‍ണ പ്ലക്കാര്‍ഡുകളും കാട്ടി.

ഡോക്ടര്‍ അവരെ തിരികെ അഭിവാദ്യം ചെയ്യുന്നതും നന്ദി പറയുന്നതും സമൂഹ മാധ്യമങ്ങളില്‍ വൈറലായ വിഡിയോയില്‍ കാണാം. മൈസൂരുവിനടുത്തുള്ള ശിവരത്രീശ്വര നഗറിലെ ജെ.എസ്.എസ് മെഡിക്കല്‍ കോളജിലെ 1990 ബാച്ചിലെ വിദ്യാര്‍ഥിനിയായിരുന്നു ഡോ. ഉമ. വ്യവസായിയായ ഹര്‍ഷ ഗോയങ്കയടക്കം നിരവധി പേരാണ് ട്വിറ്ററില്‍ ഈ വിഡിയോ പങ്കുവെച്ചത്. ‘കോവിഡ് രോഗികള്‍ക്കായി ഇന്ത്യക്കാരിയായ ഡോ. ഉമ മധുസൂദന്‍ നല്‍കിയ നിസ്വാര്‍ഥസേവനത്തിന് രോഗമുക്തി നേടിയവരുടെ വ്യത്യസ്തമായ നന്ദിപ്രകടനം’ എന്ന കുറിപ്പോടെ ഹര്‍ഷ ഗോയങ്ക പോസ്റ്റ് ചെയ്ത വീഡിയോ 47,000ത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.

ഇന്ത്യയില്‍ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുകയും ഡോക്ടറുടെ മൃതദേഹം സംസ്കരിക്കാന്‍ പോലും അനുവദിക്കാതിരിക്കുകയും ചെയ്യുമ്ബോള്‍ മറുനാട്ടില്‍ അവര്‍ ആദരവ് ഏറ്റുവാങ്ങുന്നത് ഇവിടുള്ളവര്‍ കണ്ടുപഠിക്കട്ടെ എന്നടക്കമുള്ള പ്രതികരണങ്ങളാണ് വിഡിയോക്ക് ലഭിച്ചിരിക്കുന്നത്.