വായന ഒരു ജനിതക രോഗമാണ്

നന്ദകുമാർ ഉണ്ണി
മുന്നിലൂടെ കടന്നുപോകുന്ന ആവർത്തനവിരസതകൾ കണ്ടു മടുത്തു്, ഉള്ളിലുള്ള കവാടങ്ങൾ തുറന്നു സങ്കൽപ്പങ്ങളുടെ ചിരാതുകൾക്ക് തിരികൊളുത്തുന്നവർ. കാണുന്ന എല്ലാത്തിനെയും സ്വപ്നങ്ങളുടെ മൂശയിൽ ഉരുക്കി പുതിയ രൂപങ്ങൾ പണിയുന്നവർ.
അവർ ജന്മനാൽ അങ്ങിനെ ആയിരിക്കും.
അവർക്ക് രണ്ടു വരി കവിത ഉണ്ടെങ്കിൽ ഒരു ദിവസത്തിന്റെ മണിക്കൂറുകൾ എങ്ങിനെ കടന്നുപോയി എന്നറിയില്ല.
അവരെ നോവിച്ചു കടന്നുപോകുന്നതിനെ അവർ ക്ഷണിച്ചു വിരുന്നൂട്ടും…
എപ്പോഴും ഒരു വേദനയുടെ സാമീപ്യം അവരിൽ സൗന്ദര്യാനുഭൂതി ഉണർത്തും.

അവർ ആത്മാവിനെക്കാൾ ശരീരത്തിനെ ഇഷ്ടപെടും
അവർ സുരക്ഷിതത്വത്തേക്കാൾ ഭയം ഉണർത്തുന്ന വിജനതകൾ ഇഷ്ടപെടും
സ്ഥിരതയെക്കാൾ അസ്ഥിരത പ്രിയപ്പെട്ടതാകും
സ്വർഗത്തെക്കാൾ ഭൂമിയേ പ്രണയിക്കും
കർമ്മത്തെക്കാൾ ധ്യാനം പ്രിയമുള്ളതാകും.
അവരുടെ പ്രണയങ്ങൾക്കോ വേർപാടിനോ പ്രത്യേകിച്ച് കാരണം ഒന്നും ഉണ്ടാകില്ല.
എന്ത് പ്രവർത്തിക്കും ഒരു കാരണം വേണമെന്ന സാമൂഹ്യനിഷ്ഠ അവർക്ക് മരണത്തോളം അസഹ്യമായിരിക്കും..
അവരുടെ ഭാവി വീഥികളില്ലാത്ത അതിരുകളില്ലാത്ത മരുഭൂമി പോലെ പരന്നു കിടക്കും.

വിജയങ്ങൾക്കും പരാജയങ്ങൾക്കുമപ്പുറം സ്വനിഷ്ഠക്കും സ്വധർമ്മത്തിനും പ്രാധാന്യമുണ്ടെന്നും, എത്ര യുദ്ധങ്ങൾ വിജയിച്ചാലും അവസാനം ബാക്കിയാവുന്നത് ദുഖവും പശ്ചാത്താപവും ആണെന്ന് ബോധ്യം വരാൻ ഒരു കുട്ടിക്ക് മഹാഭാരതം കഥ പറഞ്ഞു കൊടുത്താൽ മതി….

എത്ര ശക്തിമാൻ ആയാലും, ചിന്തിക്കാവുന്ന എല്ലാ മരണസാധ്യതകൾക്കെതിരെ വരങ്ങൾ നേടിയാലും, ഒരു ശത്രുവിനും അകത്തു കടക്കാൻ പറ്റാത്ത വിധം കോട്ടകളും നഗരങ്ങളും പണിതാലും – തന്നിൽ വെച്ച് എത്രയോ നിസ്സാരമെന്ന് തോന്നുന്ന ജീവികൾ ഇവയെല്ലാം ഭേദിച്ചു തന്നെ വധിക്കും എന്ന ബോധ്യം വരാൻ രാവണന്റെ കഥ പറഞ്ഞു കൊടുത്താൽ മതി.

ഒരിക്കലും തന്റെ ജൈവശക്തികൾക്ക് അപ്പുറമുള്ള കാര്യങ്ങൾ ഇച്ഛിക്കരുത് എന്ന് മനസ്സിലാക്കാൻ പഞ്ചതന്ത്രത്തിലെ ഒരു കഥ മതി.
നമ്മുടെ ഉള്ളിൽ നമ്മൾ എന്ത് വളർത്തുന്നുവോ അതിനാൽ നമ്മുടെ വിധി നിശ്ചയിക്കപെടും എന്ന് മനസ്സിലാക്കാൻ അന്യന്റെ വാക്ക് കേട്ട് പ്രിയതമയെ സംശയിച്ച ഒഥല്ലോയുടെ കഥ പറഞ്ഞു കൊടുത്താൽ മതി.

ഒരു കഥ കൊണ്ട് ഒരു കുട്ടിയുടെ മനസ്സിൽ എത്ര കോൺസെപ്റ്റുകൾ ആണ് ജനിക്കുന്നത്?
സമുദ്രം, ആകാശം, വൃക്ഷം, പക്ഷി, മൃഗം, വേഗം, മന്ദത…. തുടങ്ങി അനവധി.

ബോധത്തിൽ ഈ concept formation നടക്കാത്തതിന്റെ അപാകതയാണ് പലരിലും കാണുന്ന അപകർഷതാബോധം.
ഒരുപാട് പേരോട് തുല്യമാവണം ഞാനും എന്ന ഇച്ഛ സത്യത്തിൽ അധമവും violence ഉണർത്തുന്നതുമാണ്.
സങ്കൽപ്പസമൃദ്ധിയുള്ളവൻ ഒരിക്കലും വേറൊരാൾക്ക് തുല്യമാവാൻ പരിശ്രമിക്കില്ല. അവനവന്റെ സങ്കല്പത്തോട് അവന് അത്രയും പ്രണയം കാണും.
അവന്റെ ദുഃഖങ്ങളെ ഇല്ലാതാക്കാൻ അവൻ വേറൊരാളെ imitate ചെയ്യില്ല.

വായിക്കാൻ അക്ഷരം പഠിപ്പിക്കുന്നതിലും മുന്നേ സങ്കൽപ്പങ്ങളിൽ വസ്‍തുക്കളും ജീവജാലങ്ങളും രൂപം കൊള്ളണം.
A for apple, B for Boy, C for cat എന്ന് നൂറു പ്രാവശ്യം copy എഴുതുന്നത് – ഒരു ആൺകുട്ടിയും, പൂച്ചയും ആപ്പിളും ചേർത്തുള്ള കഥക്ക് കഴിയും.

സങ്കൽപ്പത്തിൽ തിന്മ ചെയ്യുന്നതിൽ ആനന്ദം കണ്ടെത്താൻ ആകാത്ത ഒരാളും കള്ളനോ കൊലപാതകിയോ ആവില്ല.
ഒരുവൻ പൊതുമുതൽ കക്കുന്നതിൽ, മറ്റുള്ളവരെ ഉപദ്രവിക്കുന്നതിൽ, മറ്റുള്ളവരെ അവഹേളിക്കുന്നതിൽ സുഖം കണ്ടെത്തുന്നുണ്ടെങ്കിൽ ഉറപ്പിച്ചോളൂ – അവന്റെ ബാല്യം നല്ല കഥ കേൾക്കാതെ, വായിക്കാതെ സങ്കല്പങ്ങളില്ലാതെ ദരിദ്രമായിരിക്കും.

അധ്യാപകർ നല്ലവണ്ണം കഥ പറയാൻ കഴിവുള്ളവർ ആയിരിക്കണം ! എന്ത് വായിക്കണം എന്നല്ല എങ്ങിനെ വായിക്കണം എന്നാണ് കുട്ടികൾക്ക് പറഞ്ഞു കൊടുക്കേണ്ടത്.

നന്ദകുമാർ ഉണ്ണി