ഞങ്ങൾ യുദ്ധത്തിലാണ്,കണ്ണ് മൂടി കെട്ടിയ അവസ്ഥയിൽ ഒരു യുദ്ധം

ശ്രീരേഖ കുറുപ്പ്
ഇന്ത്യ ഞാൻ ജനിച്ച രാജ്യമാണ്. ജന്മനാടായ കേരളം അഭിമാനവുമാണ്. എങ്കിലും അമേരിക്കയിൽ ജീവിക്കുന്ന എനിക്ക് അമേരിക്കയെ പറ്റി ഈ വരുന്ന ട്രോളുകൾ കണ്ടിട്ട് സങ്കടം തോന്നുന്നുണ്ട്. അമേരിക്കയിൽ ഉള്ളതും മനുഷ്യരാണ്. അതിൽ നല്ലൊരു വിഭാഗം ഇന്ത്യക്കാരാണ്. ഇന്ത്യക്കാർ എന്ന് പറയുമ്പോൾ അതിൽ കൂടുതൽ കേരളത്തിൽ നിന്നും വന്നവരാണ്. വർഷങ്ങൾക്ക് മുൻപ്‌ ഇന്ന് ഈ അഭിമാനം ആയ ഇന്ത്യയിൽ നിന്നും തൊഴിൽ തേടി വന്നവരാണ് ഇവിടെ ഉള്ള ആദ്യ ഇന്ത്യൻ വംശജരായ തലമുറ. അവരുടെ അധ്വാനത്തിന്റെ തണൽ അനുഭവിക്കുന്നവർ ഇന്നും ഇന്ത്യയിലും കേരളത്തിലും ഉണ്ട്.
പയ്യൻ അമേരിക്കയിലാണ് അല്ലെങ്കിൽ പെണ്ണ് അമേരിക്കയിലാണ് എന്ന് കേൾക്കുമ്പോൾ തന്നെ കണ്ണും പൂട്ടി മക്കളെ കല്യാണം കഴിപ്പിച്ചു വിടാൻ ഇരിക്കുന്ന അച്ഛനും അമ്മയും ഇന്നും കേരളത്തിൽ ഉണ്ടെന്നാണ് എന്റെ വിശ്വാസം.
ഈ പറയുന്ന കൊറോണ അമേരിക്കയിൽ അല്ല സൃഷ്ടിക്കപ്പെട്ടത്. ലോകം മുഴുവനും വ്യാപിച്ച ഒന്നാണ് കോവിഡ് 19. കേരളത്തിൽ ലോക് ഡൗൺ വച്ചു, വളരെ നല്ല കാര്യം. പോലീസ് ഇറങ്ങി നടന്നിട്ടായാലും ആളുകൾ അകത്തിരിക്കുന്നു.
രാജ്യം തന്നെ ലോക് ഡൗൺ ആയി. അതിലും അഭിമാനം.
കോവിഡ് ചികിൽസിച്ചു ഭേദമാക്കുന്നു. വളരെ സന്തോഷം ഉള്ള കാര്യം ആണ്.
പിന്നെ പോസിറ്റീവ് ആയ ആളുകളെ ട്രാക് ചെയ്യുന്നു. മികച്ച രീതിയാണ്.

പക്ഷേ ഈ പറയുന്ന രീതി അമേരിക്കയിൽ അത്ര എളുപ്പം നടപ്പാവില്ല. കാരണം ഒരു രോഗിയെക്കുറിച്ചു അയാളുടെ അനുവാദം ഇല്ലാതെ അയാൾ ഹോസ്പിറ്റലിൽ ആയെന്നോ അയാൾക്ക്‌ ഇതാണ് അസുഖം എന്നോ പുറത്തായാൽ അത് “HIPPA ” വയലേഷൻ ആണ്. ഒരു രോഗിയുടെ സ്വകാര്യതയെ സംരക്ഷിക്കാൻ വേണ്ടി ഉള്ളതാണ് HIPPA. എനിക്ക് ഈ നിയമം വെച്ചിട്ട് സ്വന്തം ഭർത്താവിനോട് പോലും വേണമെങ്കിൽ രോഗ വിവരങ്ങൾ, ചികിത്സാ സംബന്ധമായ കാര്യങ്ങൾ ഒക്കെ മറച്ചു വെയ്ക്കാം. രോഗിക്ക് സ്വന്തം ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ സ്വന്തമായി തീരുമാനം എടുക്കാൻ കഴിയാത്ത ഒരവസ്ഥ വന്നാൽ മാത്രമേ രണ്ടാമത് ഒരാൾക്ക് അവരുടെ കാര്യത്തിൽ ഇടപെടാൻ നിയമപരമായി പറ്റുകയുള്ളൂ.
പ്രായപൂർത്തി ആയ (18വയസ്സ് )കുട്ടികൾക്ക് വേണമെങ്കിൽ ഈ നിയമം വെച്ചു ഡോക്ടറെ കാണുമ്പോൾ മാതാപിതാക്കളെ ഒഴിവാക്കാം. 15വർഷമായി ഇവിടെ ജീവിക്കുന്നതിന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണ്. ഇവിടെ കേരളത്തിൽ കാണും പോലെ കോഴിക്കോട് ഉള്ള നാസറിന് കോവിഡ് വന്നു, അല്ലെങ്കിൽ പത്തനം തിട്ടയിൽ സാബുവിന് കോവിഡ് സ്ഥിതീകരിച്ചു എന്ന് പറഞ്ഞു നടക്കാൻ പാടില്ല. രോഗിയുടെ അനുവാദത്തോടെ മാത്രമേ അവരെക്കുറിച്ചുള്ള വിവരം പുറത്ത് പറയാൻ പറ്റൂ.

കേരളം ലോക് ഡൗണിൽ നിന്നും പുറത്തു വരുമ്പോൾ അതിന് മുൻപ് നടന്നതൊന്നും ആവർത്തിക്കാതെ ഇരിക്കട്ടെ. ഇപ്പോൾ പടിക്കലോളം എത്തിട്ടേ ഉള്ളൂ, പുരയ്ക്കകത്ത് കേറാതെ ഇരിക്കട്ടെ. കേരളത്തിൽ മികച്ച ചികിത്സ കിട്ടുന്ന രോഗികൾ ഭാഗ്യവാൻമാരും ഭാഗ്യവതികളും. ഇതൊക്കെ ആശ്വാസമാണ്. എങ്കിലും ഇത്രയും മികച്ച ചികിത്സ അവിടെ കിട്ടുമായിരുന്നിട്ടും രണ്ടു വർഷം മുൻപ് പ്രളയം വന്നു മുങ്ങിയ കേരളത്തിൽ നിന്നും എന്തിനാണോ ബഹുമാനപ്പെട്ട മുഖ്യമന്ത്രി അമേരിക്കയിലേയ്ക്ക് ചികിത്സ തേടി വന്നത്? അപ്പോൾ അവസരത്തിനൊത്ത് ഉള്ള പുകഴ്ത്തലും ഇകഴ്ത്തലും ആണ് ഈ കാണുന്നത്. ശരിയാണ് PPE ഷോർട്ടജ് ഉണ്ട്. അത് പക്ഷേ ലോകത്ത് ആകമാനം ആണ്. ഒരു വർഷത്തേയ്ക്കുള്ളത് ഈ കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ ഉപയോഗിച്ച് തീർന്നു കാണും. ആശുപത്രികൾ ശ്രമിക്കുന്നുണ്ട് ഞങ്ങളെ സംരക്ഷിക്കാൻ. സംരക്ഷിക്കും എന്നാണ് വിശ്വാസവും. പിന്നെ നാളെ ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ നഷ്ട്ടം ഞങ്ങളുടെ കുടുംബത്തിന് മാത്രമാണ്. ഈ രോഗികളെ പരിചരിക്കാൻ ആരെങ്കിലും വേണ്ടേ. ഞങ്ങൾക്ക് ജോലിക്കു പോയെ തീരൂ.
ഇവിടെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന 90ശതമാനം ആളുകളും മലയാളികളാണ്. ഞാൻ ഉൾപ്പെടുന്ന മലയാളികൾ ദിവസവും ജോലിക്ക് പോകുന്നുണ്ട്. ഞങ്ങളെ പോലെ ജോലിക്ക് പോയ ചിലരെ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. ചിലയിടങ്ങളിൽ മലയാളികൾക്ക് രോഗബാധയുണ്ട്. സുരക്ഷിതരായി സ്വന്തം വീടുകളിൽ ഇരുന്ന് ട്രോൾ ഇറക്കാതെ നിങ്ങൾക്ക് ഞങ്ങൾക്കായി പ്രാർത്ഥിച്ചു കൂടെ?
ഏതു മരുന്നും ഫലം കാണാനും നമുക്ക് അധീതമായ ഒരു ശക്തി കൂടി അനുഗ്രഹിക്കണം. ആ ശക്തിയെ ദൈവം എന്നോ അമാനുഷീക ശക്തിയെന്നോ എങ്ങിനെ വേണമെങ്കിലും വിളിച്ചോളൂ. ആ ശക്തിയോട് അപേക്ഷിക്കാം, ഈ ദുരിതത്തിൽ നിന്നും മോചിപ്പിക്കാൻ.
ദയവ് ചെയ്ത് ഈ രാജ്യത്തിന്റെ വീഴ്ച്ചയാണ് ഇതെങ്കിൽ നിങ്ങൾ അത് ആഘോഷിക്കരുത്… ഇവിടെയുള്ള സാധാരണക്കാർക്കാണ് ഇതുകൊണ്ട് നഷ്ട്ടങ്ങൾ വരാൻ പോകുന്നത്. പ്രളയം വന്നപ്പോൾ ഇവിടുന്നുള്ള മലയാളി സംഘടനകൾ കേരളത്തിന്‌ താങ്ങായിരുന്നു. അന്നൊക്കെ വാർത്തകണ്ടു കരഞ്ഞിട്ടെ ഉള്ളൂ. ഇതും വേദനയാണ്. ഞങ്ങൾ യുദ്ധത്തിലാണ്. കണ്ണ് മൂടി കെട്ടിയ അവസ്ഥയിൽ ഒരു യുദ്ധം.
കൂടെ നിൽക്കണം.