റോയ് മാത്യു
ശമ്പളം പിടിക്കാനുള്ള ഉത്തരവ് കത്തിച്ച അധ്യാപകരെ വിമർശിക്കുന്ന പോസ്റ്റുകളാൽ Fb തിങ്ങിനിറഞ്ഞു കിടക്കയാണ്. ധനമന്ത്രി തോമസ് ഐസക്കും അധ്യാപകരെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. നല്ല കാര്യം – സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത കുട്ടങ്ങൾ എന്നൊക്കെയാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
കേരളത്തിൽ ഇതിനേക്കാൾ ഭീകരവും രാക്ഷസീയവുമായ സമരമാർഗങ്ങൾ നടത്തിയ പാരമ്പര്യമുള്ള പാർട്ടിയുടെ നേതാക്കളാണ് അധ്യാപകർക്കെതിരെ ഇപ്പോൾ ചന്ദ്രഹാസമിളക്കുന്നത്.
അധ്യാപകരുടെ മനോഭാവം അതിലും പ്രാകൃതവും മര്യാദകെട്ടതുമെന്ന് പറയാതെ വയ്യ!
രണ്ടാം ഇ എം എസ് മന്ത്രിസഭയുടെ പതനത്തെ തുടർന്ന് 1970 ൽ അധികാരത്തിൽ വന്ന അച്ചുതമേനോൻ മന്ത്രിസഭയെ താഴെ ഇറക്കാൻ “ഡൈസ്നോണി ” നെതിരെ സി പി എം നേതൃത്വത്തിലുള്ള സർവീസ് – തൊഴിലാളി സംഘടനകൾ കാണിച്ചു കുട്ടിയ വൃത്തികേടുകളെക്കുറിച്ച് അച്ചുതമേനോൻ വെളിപ്പെടുത്തിയിട്ടുണ്ട്. കേരളം സാക്ഷ്യം വഹിച്ച ഏറ്റവും ക്രൂരവും പൈശാചികവുമായ സംഭവമായിരുന്നു അക്കാലത്ത് മട്ടന്നൂരിൽ നടന്നത്. – “1970 ജനുവരി 21- സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ പണി മുടക്കിയ തൊഴിലാളികളിൽ ചിലർ പണിമുടക്കിനെ അക്രമാസക്തമാക്കിയപ്പോൾ അവരെ പിരിച്ചു വിടാൻ സർക്കാർ തീരുമാനിച്ചു. അങ്ങനെ പിരിച്ചുവിട്ട വരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി സി ഐ ടി യു തൊഴിലാളികൾ പ്രക്ഷോഭത്തിലേർപ്പെട്ടിരുന്ന കാലം. ജനുവരി 21 തീയതി കണ്ണൂർ ട്രാൻസ്പോർട് സ്റ്റാൻഡിൽ നിന്നും 50 ൽ പരം യാത്രക്കാരുമായി തിരിച്ച ഒരു ബസ് മട്ടന്നൂർ കവലയിലെത്തിയപ്പോൾ ഒരു സംഘം അക്രമികൾ ബസ് തടയുകയും തീ വെയ്ക്കാൻ പെട്രോളൊഴിക്കുകയും ചെയ്തു. യാത്രക്കാരെ ഇറക്കി വിടാനുള്ള സന്മനസു പോലും ഇ എം എസിൻ്റേയും എ കെ ജിയുടേയും അണികൾ പ്രകടിപ്പിച്ചില്ല. സംഭവിക്കുന്നതു കണ്ടു ഭയാക്രാന്തരായ യാത്രക്കാർ ഒരു വിധം പുറത്തിറങ്ങിയപ്പോഴേക്കും തീ ആളിപ്പടർന്നു കഴിഞ്ഞു.
മനുഷ്യത്വം മരവിച്ചവർ പോലും അതു കണ്ടും അറിഞ്ഞും അയ്യോ എന്ന് സ്വയം വിലപിച്ചു പോയി. ഭരണകൂടത്തെ നേരിടാൻ ഒരു രാഷ്ട്രീയ പാർടിയും കേരളത്തിൽ അതിനു മുമ്പും പിമ്പും ഇത്ര നീചവും നിന്ദ്യവുമായ കിരാത പർവം ആടിയിട്ടില്ല. ഇതാണോ മഹാനായ മാർക്സ് വിഭാവനം ചെയ്തത്.? നിരീക്ഷകരാകെ ചോദിച്ചു. അവരൊക്കെ അന്ന് മാർക്സിനെ ശപിച്ചു. ഇങ്ങനെയൊരു പ്രത്യയ ശാസ്ത്രമുണ്ടാക്കിയതിന്. ഇങ്ങനെയൊരു പാർട്ടിയുണ്ടാക്കാൻ പ്രേരകമായതിന്”
അച്ചുതമേനോൻ മാധ്യമ പ്രവർത്തകനായ തെക്കും ഭാഗം മോഹനോട് വെളിപ്പെടുത്തിയ യാഥാർത്ഥ്യമാണിതെല്ലാം
ഡ്രൈവറുൾപ്പടെ മൂന്ന് പേരാണ് അന്ന് ബസിൽ വെന്തുമരിച്ചത്. പച്ച മാംസം കത്തിയെരിഞ്ഞ ഗന്ധം കേരളമാകെ പടർന്നുവെന്നാണ് മോഹൻ “ജനാധിപത്യ കേരളത്തിൽ അച്ചുതമേനോൻ ” എന്ന ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ജീവിതാവസാനം വരെ അച്ചുതമേനോനെ വേട്ടയാടിയ സംഭവമാണിത്. താനാദ്യമായി മുഖ്യമന്ത്രി പദം രാജിവെക്കാനാലോചിച്ചത് ഈ സംഭവം നടന്ന കാലത്തായിരുന്നുവെന്നദ്ദേഹം പറഞ്ഞിട്ടുണ്ട്.
പിന്നെ അധ്യാപകരുടെ സാമൂഹ്യ ബോധത്തെ ക്കുറിച്ച് ഐസക്കും കൂട്ടരും വിമർശിക്കുമ്പോൾ ഐസക്കിൻ്റെ പാർട്ടിക്കാർ പിഞ്ചു കുട്ടികളുടെ മുന്നിൽ വെച്ച് അധ്യാപകനെ വെട്ടിത്തുണ്ട മാക്കിയ ചരിത്രവും മറന്നു പോവരുത്.
ഭരണത്തിൽ നിന്ന് പുറത്താവുമ്പോൾ നാട്ടിൽ അഴിച്ചു വിടുന്ന സമരങ്ങളെക്കുറിച്ച് സിപിഎം നേതാക്കൾ വല്ലപ്പോഴും ഒരു തിരിഞ്ഞുനോട്ടം നടത്തിയാ കൊള്ളാം.











































