ഈ കഥകളൊക്കെയും ആത്മാവിന്റെ നിശ്വാസങ്ങൾ (മിനി വിശ്വനാഥൻ)

ആർ. ഷഹിനയുടെ പതിച്ചി എന്ന ചെറുകഥാ സമാഹരത്തെക്കുറിച്ച്
ജീവിതത്തിന്റെ രുചിയും ഗന്ധവും അളക്കുന്നതിനുള്ള ഉപാധിയെന്തെന്ന ചോദ്യത്തിനുള്ള ഉത്തരം തേടലാണ് തന്റെ എഴുത്ത് എന്ന് കഥാകാരി ആമുഖത്തിൽ തുറന്നു പറയുന്നുണ്ട്. നോവിൽ എരിയുന്ന മനസ്സിനെ ആശ്വസിപ്പിക്കുന്ന മരുന്ന് കൂടിയാണതെന്ന് ഏറ്റുപറയുമ്പോൾ ഈ കഥകളൊക്കെയും ആത്മാവിന്റെ നിശ്വാസങ്ങളാണെന്ന് വായനക്കാരൻ അനുഭവിക്കും.

കാമുകനും ഭർത്താവും എന്ന ദ്വന്ദ്വങ്ങൾക്കപ്പുറം പുരുഷന്റെ ഇടപെടലുകൾ സ്ത്രീ ജീവിതത്തെ എങ്ങിനെയൊക്കെ ബാധിക്കും എന്ന് ഷഹിന വളരെ മനോഹരമായി ഗുഹ, ഭ്രാന്ത്, പുത്രകാമേഷ്ടി , കുഞ്ഞുട്ടൻ, പതിച്ചി എന്ന കഥകളിൽ വിവരിച്ചിരിക്കുന്നു.

പ്രവാസ ജീവിതത്തിനിടയിൽ നഷ്ടപ്പെട്ടുപോവുന്ന ഓർമ്മകളുടെ കണ്ണികൾ തിരിച്ചു പിടിക്കുന്ന നാനാർത്ഥം എന്ന കഥയിലെ ഭാര്യ തിരിച്ചറിയുന്നത് തന്റെ ഭ്രാന്തൻ സ്വപ്നങ്ങളുടെ അർത്ഥശൂന്യതയായിരുന്നു. വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് വരുന്ന കുട്ടികൾ ലുലുമാൾ നാട്ടിലുമുണ്ടെന്ന് ആശ്വസിക്കുമ്പോൾ , അവൾക്ക് പോവേണ്ടത് കൗമാരം മുതൽ സ്വപ്നം കാണുന്ന കുടജാദ്രിയിലേക്കായിരുന്നു. ഇതുവരെ കണ്ടെത്താത്ത മുഖമുള്ള അയാൾക്കൊപ്പമൊരു മലകയറ്റം. വടക്കുംനാഥനും പാറേമ്മേക്കാവിലെ മുട്ടറക്കലും ഈ ഭ്രാന്തിന്റെ ബാക്കിപത്രമായിരുന്നു.
“ആലോചനകൾ വിട്ട് എന്റെ ഭാര്യയാവൂ ” എന്ന് അവൻ പറയുമ്പോഴാണ് അവൾ തന്റെ സ്വപ്നങ്ങളുടെ ഭ്രമാത്മകത തിരിച്ചറിയുന്നത്.

ഈ സമാഹാരത്തിലെ തീർത്തും വ്യത്യസ്തമായ ഒരു കഥയാണ് ഒരു നിമിഷം . അലസനായ ഒരു അവിവാഹിതനിൽ വിവാഹത്തെക്കുറിച്ചുള്ള സങ്കല്പങ്ങൾ നട്ടുമുളപ്പിക്കുന്നത് ഒരു കാഴ്ചയുടെ പകുതിയിൽ കണ്ട ഒരു വിവാഹിതയും അമ്മയുമായ ഒരു സ്ത്രീയാണ്. കുഞ്ഞിനെക്കുറിച്ചുള്ള അവളുടെ കരുതൽ കലർന്ന ഫോൺ വിളിക്കിടെ തന്നിലേക്ക് അറിയാതെ പതിഞ്ഞ ആ കണ്ണുകളിൽ ഒരു പ്രണയക്കടൽ അനുഭവിക്കുകയാണ് ആ ചെറുപ്പക്കാരൻ . മഴ നനയാൻ ഇഷ്ടമില്ലാത്ത പെണ്ണിനെ കല്യാണം കഴിക്കാമെന്ന് അമ്മയോട് വിളിച്ചു പറയുമ്പോൾ അയാളുടെ ജീവിതത്തോടുള്ള മനോഭാവം തന്നെ മാറിയിരുന്നു…

മൂക്കുത്തി എന്ന കൊച്ച് കഥയിലെ മൂക്കുത്തി അവൻ സമ്മാനിച്ച പ്രണയ ഓർമ്മകളിലേക്കുള്ള ഏണിപ്പടിയാണ്. പ്രായമിത്രയായിട്ടും മരണത്തിലേക്ക് നടന്നുകയറുമ്പോഴും ചുവന്ന കല്ലുള്ള ആ മൂക്കുത്തി തന്റെ ശരീരത്തിലുണ്ടാവണമെന്ന് നിർബന്ധം പിടിക്കുന്ന മുത്തശ്ശിയെ മനസ്സിലാക്കാൻ ഏറെ പാടില്ല.

വായന ‘പതിച്ചി’ യിലെത്തുമ്പോൾ സ്ത്രീ എന്നത് വെറുമൊരു ശരീരം മാത്രമാണെന്ന് ഓർമ്മിപ്പിക്കുന്ന പതിച്ചിയോട് നീരസം തോന്നുക സ്വാഭാവികം. പ്രണയിച്ച് മിശ്രവിവാഹിതയായ മകളെ ഉപാധികളില്ലാതെ സ്വീകരിക്കാൻ തയ്യാറാവുന്നത് പേരക്കുട്ടികൾ എന്ന പ്രലോഭനം കൊണ്ട് മാത്രമാണെന്നത് അംഗീകരിക്കുമ്പോഴും താനെന്ന വ്യക്തിയെക്കുറിച്ച് അഭിമാനിക്കുന്നുണ്ട് കഥാനായിക.

കഥ അവസാനിക്കുമ്പോൾ സ്നേഹത്തിന്റെ അളവ്കോലുകളും മാനദണ്ഡങ്ങളും തകിടം മറിയുന്നത് തിരിച്ചറിയുന്നതിനോടൊപ്പം സ്ത്രീ ആകർഷണീയമായ ശരീരം കൂടിയാണെന്ന് മനസ്സിലാക്കുകയും പാതിയെങ്കിലും അംഗീകരിക്കുകയും ചെയ്ത് ജീവിതമിങ്ങിനെയെന്ന് അംഗീകരിക്കാൻ തയ്യാറാവുമ്പോൾ കഥ അവസാനിക്കുന്നു. വായനക്കാരനെ ചിന്തിപ്പിച്ചു കൊണ്ട് .

ഷഹിനയുടെ കഥയിൽ കടന്നുവരുന്ന ഓരോ സ്ത്രീ കഥാപാത്രങ്ങളും തന്റെ വ്യക്തിത്വത്തിന് ജീവിതത്തിൽ പ്രഥമസ്ഥാനം നൽകുന്നവരാണ്. സമൂഹം അവരെ വിലയിരുത്തുന്നത് എങ്ങിനെയെന്നത് അവരെ വേവലാതിപ്പെടുത്തുന്നില്ല. ജീവതമിങ്ങിനെയുമെന്ന് തിരിച്ചറിഞ്ഞവരാണ് അവരോരോരുത്തരും.

വായിക്കാതിരിക്കാൻ കാരണങ്ങളില്ലാത്ത ഈ കഥാ സമാഹാരത്തിന്റെ രചയിതാവ് ആർ. ഷഹിനയാണ്. പ്രവാസിയായ എഴുത്തുകാരി അഭിഭാഷകയും കൂടിയാണ്. നിരവധി അവാർഡുകളാലും പുരസ്കാരങ്ങങ്ങളാലും സമ്മാനിതയായ ഷഹിന നാടകത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച ഈ കഥാ സമാഹാരത്തിന് 80 രൂപയാണ് വില.

 

മിനി വിശ്വനാഥൻ