കോവിഡിനെതിരെ ഔഷധ പരീക്ഷണം; കേരളത്തിന് അനുമതി നല്‍കി ഐസിഎംആര്‍

തിരുവനന്തപുരം: കോവിഡിനെതിരായ ഔഷധപരീക്ഷണത്തിന് കേരളത്തിന് അനുമതി നല്‍കി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. ആരോഗ്യവകുപ്പ് വഴി ജവാഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ജെഎന്‍ടിബിജിആര്‍ഐ) സമര്‍പ്പിച്ച പ്രൊപ്പോസലിനാണ് ഐസിഎംആര്‍ അനുമതി നല്‍കിയിരിക്കുന്നത്.

ചിക്കുന്‍ ഗുനിയക്കും ഡെങ്കുവിനും എതിരെ കണ്ടെത്തിയ ‘ആന്റിവൈറല്‍ ഘടകം’ കോവിഡിനെതിരെ പ്രയോഗിച്ച് ഔഷധം കണ്ടെത്താനുള്ള പരീക്ഷണത്തിനാണ് അനുമതി ലഭിച്ചിരിക്കുന്നത്.പശ്ചിമഘട്ടത്തിലുള്ള മൂന്ന് ചെടികളില്‍ നടത്തിയ പരീക്ഷണമാണ് ചിക്കുന്‍ഗുനിയക്കും ഡെങ്കുവിനും എതിരെയുള്ള ആന്റിവൈറല്‍ കണ്ടുപിടിക്കുന്നതിലേക്ക് ജെഎന്‍ടിബിജിആര്‍ഐയെ നയിച്ചത്. ആദിവാസികള്‍ നല്‍കിയ ഔഷധച്ചെടികളുടെ വിവരത്തിന്റെ ചുവട് പിടിച്ചായിരുന്നു പരീക്ഷണം.മൂന്ന് ചെടികളില്‍ ഒന്നില്‍നിന്ന് വേര്‍തിരിച്ചെടുത്ത ആന്റിവൈറല്‍ ഘടകമാണ് ചിക്കുന്‍ ഗുനിയക്കും ഡെങ്കുവിനും എതിരെ കൂടുതല്‍ ഫലപ്രദമെന്ന് തെളിഞ്ഞത്.