കേരളത്തിന് ഇന്ന് ആശ്വാസം ദിനം; ആര്‍ക്കും കോവിഡില്ല, ഒമ്പത് പേര്‍ രോഗമുക്തര്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ കോവിഡ് വ്യാപനത്തിന് ശേഷം രോഗികള്‍ ഇല്ലാത്ത ആദ്യ ദിനം.
ഇന്ന് സംസ്ഥാനത്ത് പുതിയ ഒരു കോവിഡ് -19 കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

അതേസമയം ഒമ്പത് പേര്‍ ഇന്ന് കോവിഡ് രോഗമുക്തരായി. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും 4 വീതവും എറണാകുളത്ത് ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ 392 പേരാണ് രോഗമുക്തരായത്. നിലവില്‍ 102 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

21,499 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 21,067 പേര്‍ വീടുകളിലും 432 പേര്‍ ആശുപത്രികളിലുമാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 27,150 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭ്യമായ 26,225 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.

സംസ്ഥാനത്ത് പുതുതായി 10 പ്രദേശങ്ങളെ കൂടി കോവിഡ് ഹോട്ട് സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ ഉദുമ, മലപ്പുറം ജില്ലയിലെ മാറഞ്ചേരി, തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍, പാറശാല, അതിയന്നൂര്‍, കാരോട്, വെള്ളറട, അമ്പൂരി, ബാലരാമപുരം, കുന്നത്തുകാല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 80 ആയി.