റോയ് മാത്യു
അന്തരിച്ച ജോസഫ് പുലിക്കുന്നേലിന്റെ സംഘടനയ്‌ക്കെതിരെ സിബിഐ കേസ്; വിദേശ നാണയ വിനിമയ ചട്ടലംഘനം; സംഘടനയില്‍ മുന്‍ സുപ്രീം കോടതി ജഡ്ജിയും മുന്‍ മന്ത്രിയും, എഴുത്തുകാരനും
പ്രമുഖ കത്തോലിക്ക സഭ പരിഷ്‌കര്‍ത്താവും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന ജോസഫ് പുലിക്കുന്നേലിന്റെ നേതൃത്വത്തിലുള്ള രണ്ട് സംഘടനകള്‍ വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചതിനും തട്ടിപ്പ് നടത്തിയതിനും സിബിഐ അന്വേഷണം ആരംഭിച്ചു.
1977 മുതല്‍ 2009 വരെയുള്ള കാലയളവില്‍ പുലിക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ഗുഡ് സമരിറ്റന്‍ പ്രോജക്ട്‌സ് ഇന്ത്യ, കാത്തലിക് റിഫര്‍മേഷന്‍ ലിറ്ററേച്ചര്‍ സൊസൈറ്റി എന്നീ സംഘടനകള്‍ നെതര്‍ലന്റ് ആസ്ഥാനമായ വുഡ് ആന്റ് ഡാഡ് എന്ന സംഘടനയില്‍ നിന്ന് കോടികള്‍ വെട്ടിച്ചുവെന്നാണ് സിബിഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏപ്രില്‍ 30-നാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.
ജോസഫ് പുലിക്കുന്നേല്‍ 2017-ല്‍ അന്തരിച്ചുവെങ്കിലും അദ്ദേഹത്തിന് പുറമേ സുപ്രീം കോടതി മുന്‍ ജഡ്ജി കെ.ടി തോമസ്, മുന്‍മന്ത്രി എന്‍.എം ജോസഫ്, എഴുത്തുകാരന്‍ സക്കറിയ തുടങ്ങിയവരാണ് ഡയറക്ടറന്മാരായുള്ളത്.
2012-ലാണ് വലിയതുറ പോലീസ് വിദേശ നാണയ വിനിമയചട്ടലംഘനത്തിന് ഈ സംഘടനകള്‍ക്കെതിരെ കേസെടുത്തത്. പിന്നീട് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെയാണ് സിബിഐ കേസ് ഏറ്റെടുത്തത്.
നെതര്‍ലണ്ട് ആസ്ഥാനമായ സംഘടന നൽകിയ പണം ആതുര സേവനത്തിനും സാമൂഹ്യസേവനത്തിനുമായി നല്‍കിയ പണം ഉപയോഗിച്ച് വസ്തുവകകള്‍ വാങ്ങി ലാഭമുണ്ടാക്കിയെന്നാണ് കേസ്. ഏതാണ്ട് രണ്ട് കോടിയിലധികം രൂപയുടെ തിരിമറിയുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.
2005-ലെ സുനാമി പുനരധിവാസത്തിനായി നല്‍കിയ പണം ദുരപയോഗം ചെയ്തുവെന്ന് ആരോപണമുയര്‍ന്നിരുന്നു. നെതര്‍ലന്റിലെ സംഘടന ഉപയോഗിച്ച് തെരുവ്കുട്ടികളെ പുനരധിവസിപ്പിക്കാനായി നിര്‍മ്മിച്ച ഹോശാന വാലി പബ്ലിക് സ്‌കൂളും വസ്തുവും പിന്നീട് സ്വകാര്യ വ്യക്തിക്ക് മറിച്ചു വിറ്റതും സിബിഐ അന്വേഷിക്കുന്നുണ്ട്്. സ്‌കൂള്‍ തുടങ്ങി ആറുമാസം കഴിഞ്ഞ ഉടന്‍ തന്നെ കൊച്ചിയിലെ സ്വകാര്യ വ്യക്തിക്കാണ് സ്‌കൂളും നാലേക്കര്‍ സ്ഥലവും വിറ്റത്.
തിരുവനന്തപുരം ചെറിയതുറയിലെ മത്സ്യബന്ധന തൊഴിലാളികളുടെ പുനരധിവാസം എന്ന പേരില്‍ ആരംഭിച്ച സാമൂഹ്യസംഘടനാ സ്ഥാപനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥലവും കെട്ടിടങ്ങളും വാങ്ങി മറിച്ചുവില്‍ക്കുകയായിരുന്നു. വിശ്വാസവഞ്ചനയും, തട്ടിപ്പും, വിദേശനാണയ വിനിമയ ചട്ടലംഘനവും നടത്തിയെന്നാണ് കേസ്. എറണാകുളത്തെ അഭിഭാഷകനായ വിന്‍സെന്റ് പാനിക്കുളങ്ങരയാണ് പരാതിക്കാരന്‍.
 
            


























 
				
















