തിരുവനന്തപുരം: ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച പുതിയ മാര്‍ഗ നിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി. സംസ്ഥാനത്തിന്റെ സവിശേഷതകള്‍ക്കനുസരിച്ച് ഗ്രീന്‍ സോണുകളില്‍ കേന്ദ്രം നല്‍കിയ ഇളവുകള്‍ വെട്ടിച്ചുരുക്കുന്നതാണ് പുതിയ മാര്‍ഗനിര്‍ദേശം.
റെഡ് സോണ്‍ ജില്ലകളിലെ ഹോട്ട്സ്പോട്ടുകളില്‍ നിലവിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.ഓറഞ്ച് സോണിലെ ഹോട്‌സ്‌പോട്ടുകളില്‍ (കണ്ടെന്‍മെന്റ് സോണ്‍) നിലവിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഗ്രീന്‍ സോണിലും നിലവിലെ സുരക്ഷ തുടരും.
ഗ്രീന്‍ സോണുകളിലെ ഇളവുകള്‍/നിയന്ത്രണങ്ങള്‍
1.പൊതുഗതാഗതം അനുവദിക്കില്ല
2. സ്വകാര്യ വാഹനങ്ങളില്‍ രണ്ടു പേരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ല
3. ടൂവീലറില്‍ അടിയന്തര സാഹചര്യങ്ങളിലൊഴികെ പിന്‍സീറ്റ് യാത്ര അനുവദിക്കില്ല
4. സിനിമാ തിയേറ്റര്‍, ആരാധനാലയം, പാര്‍ക്കുകള്‍, ജിം തുടങ്ങിയവയിലെ നിയന്ത്രണം തുടരും
5. മദ്യശാലകള്‍, മാളുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല
6.വിവാഹം, മരണാനന്തര ചടങ്ങുകള്‍: 20 പേര്‍ മാത്രം പങ്കെടുക്കാം
7. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല. പരീക്ഷ നടത്തപ്പിന് നിബന്ധനകള്‍ പാലിച്ച് തുറക്കാം
8. അവശ്യ സര്‍വീസല്ലാത്ത സര്‍ക്കാര്‍ ഓഫിസുകള്‍ മേയ് 17വരെ പ്രവര്‍ത്തിക്കും. ശനിയാഴ്ച ഓഫിസുകള്‍ക്ക് അവധിയായിരിക്കും.
9. ഗ്രീന്‍ സോണുകളില്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മണി മുതല്‍ രാത്രി 7.30 വരെ ആയിരിക്കും. ആഴ്ചയില്‍ ആറു ദിവസം തുറക്കാം. ഓറഞ്ച് സോണില്‍ നിലവിലെ സ്ഥിതി തുടരും. ഞായറാഴ്ച എല്ലാ സോണുകളിലും പൂര്‍ണമായ ലോക്ഡൗണ്‍ ആയിരിക്കും.
10. ഗ്രീന്‍ മേഖലയിലെ സേവന മേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്നു ദിവസം പരമാവധി 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. ഓറഞ്ച് സോണില്‍ നിലവിലെ സ്ഥിതി തുടരും.
11. ഹോട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹോട്ടലുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും പാഴ്‌സലുകള്‍ നല്‍കാം. നിലവിലുള്ള സമയക്രമം പാലിക്കണം.
12. ഷോപ്പ് ആന്‍ഡ് എക്സ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് നിലവിലെ സ്ഥിതി തുടരാം. ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്‌സ്‌റ്റൈല്‍ സ്ഥാപനങ്ങള്‍ അഞ്ചില്‍ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം.
 
            

























 
				
















