പുതിയ കോവിഡ് രോഗികളില്‍ 66ശതമാനവും വീടുകളില്‍ കഴിയുന്നവര്‍; ഞെട്ടിക്കുന്ന വിവരമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍

ന്യൂയോര്‍ക്ക്: രാജ്യത്ത് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന പുതിയ കോവിഡ് രോഗികളില്‍ 66ശതമാനവും വീടുകളില്‍ കഴിയുന്നവരാണെന്നത് ഞെട്ടിപ്പിക്കുന്നതായി ഗവര്‍ണര്‍ ആന്‍ഡ്രു ക്യുമൊ. ന്യൂയോര്‍ക്കിലെ നൂറ് ആശുപത്രികളില്‍ നിന്നും ശേഖരിച്ച വിവരങ്ങളില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുണ്ടായതെന്ന് ഗവര്‍ണര്‍ ആന്‍ഡ്രു ക്യുമോ മാധ്യമങ്ങളോട് പറഞ്ഞു.

നേഴ്‌സിങ് ഹോമില്‍ നിന്നും കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍ 18ശതമാനമാണ്. ജയിലുകളില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന കോവിഡ് കേസുകള്‍ വെറും ഒരു ശതമാനം മാത്രമാണ്. വീടുകളില്‍ കഴിഞ്ഞിരുന്നവരാണ് കൂടുതല്‍ കോവിഡ് ബാധിച്ച്‌ ആശുപത്രിയിലെത്തുന്നതെന്ന് ആശ്ചര്യപ്പെടുത്തുന്നുവെന്നാണ് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ പറഞ്ഞത്.ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ 73ശതമാനവും 51 വയസിലേറെ പ്രായമുള്ളവരാണ്. ഇവരില്‍ ഭൂരിഭാഗവും ജോലികളില്‍ നിന്നും വിരമിച്ചവരോ നിലവില്‍ ജോലിയൊന്നും ചെയ്യാത്തവരോ ആണ്. ഇതില്‍ പകുതിയും ന്യൂനപക്ഷങ്ങളായ ആഫ്രിക്കന്‍ അമേരിക്കക്കാരോ സ്പാനിഷ് വംശജരോ ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇപ്പോഴും ജോലിക്ക് പോകുന്ന അവശ്യ സേവനങ്ങളില്‍ പെട്ടവരായിരിക്കും പുതിയ കോവിഡ് രോഗികളില്‍ വലിയ പങ്കുമെന്നാണ് അധികൃതര്‍ ഊഹിച്ചിരുന്നത്. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകരോ ജോലിക്ക് പോകുന്നവരോ അല്ല മറിച്ച്‌ വീടുകളില്‍ ഇരിക്കുന്നവരാണ് പുതിയ കോവിഡ് രോഗികളില്‍ മൂന്നിലൊന്നുമെന്നതാണ് ഞെട്ടിച്ചിരിക്കുന്നത്.