വൈറ്റ്ഹൗസിലും വൈറസ്, പതിമൂന്നുലക്ഷത്തിലേക്ക് പകര്‍ച്ചവ്യാധി

ഹ്യൂസ്റ്റണ്‍: മരണത്തിന്റെ തോത് 78,639 തിലേക്ക് കടന്ന ദിവസം തന്നെ പതിമൂന്നു ലക്ഷം പേര്‍ക്ക് കൂടി പകര്‍ച്ചവ്യാധി പിടിപെട്ടിരിക്കുന്നു. അതായത്, 1,323,078 പേര്‍ക്കാണ് ഇതുവരെ അമേരിക്കയില്‍ കോവിഡ്-19 ബാധിച്ചിരിക്കുന്നത്. ഇതില്‍ 223,876 പേരുടെ രോഗം ഭേദമായി. 16,917 പേര്‍ ഗുരുതരാവസ്ഥയില്‍ വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ കഴിയുന്നു. അതേസമയം, കോവിഡ് 19 നെതിരേയുള്ള വാക്‌സിനേഷന്റെ കാര്യത്തിലും പുതിയ സാമ്പത്തിക ഉത്തേജക പാക്കേജിന്റെയും കാര്യത്തില്‍ ചര്‍ച്ചകള്‍ രാഷ്ട്രീയമായി വഴിതെറ്റുന്നുവെന്നതാണ് പുതിയ വാര്‍ത്ത. പലേടത്തും കൊറോണയ്‌ക്കെതിരേ മരുന്നു കണ്ടെത്താന്‍ കഴിയാത്തതിന്റെ സമ്മര്‍ദ്ദത്തിലാണ് ആശുപത്രികളെന്നാണു സൂചന. ഇതാണ് കിഴക്കന്‍, പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ തുറക്കാനാവാത്തതിന്റെ പിന്നലെ പ്രതിസന്ധിയും.

മൂന്ന് ആന്റിവൈറല്‍ മരുന്നുകളുടെ സംയോജനത്തിലൂടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ട്രിപ്പിള്‍ ഡ്രഗ് തെറാപ്പി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. ന്യൂയോര്‍ക്ക് സിറ്റിയിലെ വിവിധ ആശുപത്രികളില്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു. കൊറോണ വൈറസ് അണുബാധകളില്‍ നിന്ന് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ രോഗികളെ ഇതു സഹായിച്ചേക്കുമെന്ന് ഡോക്ടര്‍മാര്‍ ഇന്നലെ അറിയിച്ചു. സമീപനത്തിന് കൂടുതല്‍ പരിശോധന ആവശ്യമാണെങ്കിലും സാധ്യമായ മറ്റൊരു ചികിത്സാ രീതിയായിരിക്കുമെന്ന് അവര്‍ പറയുന്നു. ഹോങ്കോങ്ങിലെ ഡോക്ടര്‍മാരാണ് ഇത്തരമൊരു സാധ്യതയെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത്. ഇതേത്തുടര്‍ന്നാണ് ഇത്തരമൊരു രീതി അവലംബിക്കാന്‍ ന്യൂയോര്‍ക്ക് തയ്യാറായത്.

കോവിഡ് 19 പരിശോധനയ്ക്കുള്ള കൂടുതല്‍ ടെസ്റ്റിങ് കേന്ദ്രങ്ങള്‍ തുറക്കുകയും വീട്ടില്‍ തന്നെ കോവിഡ് 19 പരിശോധന നടത്താനുള്ള അനുമതിയും ഫെഡറല്‍ സര്‍ക്കാര്‍ നല്‍കുന്നു. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് ഈ അനുവദാം നല്‍കിയിരിക്കുന്നത്. അടിയന്തരസാഹചര്യത്തില്‍ വീട്ടില്‍നിന്നും ഉമിനീര്‍ സാമ്പിളുകള്‍ പരിശോധനയ്ക്കായി എടുക്കാനുള്ള സൗകര്യം ഇതോടെ രോഗലക്ഷണം കാണിക്കുന്നവര്‍ക്ക് ലഭ്യമായി. പ്രായമായവരെയും കുട്ടികളെയുമായി ടെസ്റ്റിങ് കേന്ദ്രങ്ങളില്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കുന്നതിന്റെ വൈഷമ്യം നേരത്തെ തന്നെ പരാതിക്കിട നല്‍കിയിരുന്നു. ജനങ്ങള്‍ക്ക് അവരുടെ ഉമിനീര്‍ വീട്ടില്‍ ശേഖരിക്കാനും ഫലങ്ങള്‍ക്കായി സാമ്പിളുകള്‍ ഒരു ലാബിലേക്ക് അയയ്ക്കാനും ഇതോടെ കഴിയും.