വാഷിങ്ടണ്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അമേരിക്കയിലുണ്ടായ മരണങ്ങളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കന്‍ ഭാഷാശാസ്ത്ര പണ്ഡിതനും സൈദ്ധാന്തികനുമായ നോം ചോംസ്‌കി.
അമേരിക്കയിലും മറ്റിടങ്ങളിലും അതിതീവ്രമായ ദുരന്തത്തിന് ഇടയാക്കിയത് മഹാമാരിയെ കൈകാര്യംചെയ്യുന്നതില്‍ ട്രംപിനുണ്ടായ ഗുരുതര വീഴ്ചമൂലമാണെന്ന് ചോംസ്‌കി പറഞ്ഞു.കോവിഡ് പ്രതിരോധത്തിന്റെ ചുമതല സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവെച്ചതും ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം തടഞ്ഞതും അടക്കമുള്ള കാര്യങ്ങളില്‍ അദ്ദേഹം ട്രംപിനെ വിമര്‍ശിച്ചു. ആരോഗ്യമേഖലയിലും വൈദ്യശാസ്ത്ര ഗവേഷണ രംഗത്തും ആവശ്യമായ തുക നീക്കിവെക്കാത്ത ട്രംപ് സര്‍ക്കാരിന്റെ നടപടിയാണ് കോവിഡ് മഹാമാരിയെ നേരിടുന്നതില്‍ അമേരിക്കയ്ക്ക് വലിയ പരാജയമുണ്ടാക്കിയതെന്നും ചോംസ്‌കി കുറ്റപ്പെടുത്തി.
ഇത്തരം കാര്യങ്ങള്‍ക്കുള്ള തുക കൂടുതല്‍ക്കൂടുതല്‍ വെട്ടിക്കുറയ്ക്കുകയാണ് ഓരോ ഘട്ടത്തിലും ട്രംപ് ചെയ്തുകൊണ്ടിരുന്നത്. എന്തു ചെയ്താലും ജനങ്ങള്‍ അത് അനുഭവിച്ചുകൊള്ളും എന്ന ധാരണയിലാണ് ട്രംപ് മുന്നോട്ടു പോയ്‌ക്കൊണ്ടിരുന്നത്. ഓരോ സംസ്ഥാനങ്ങളിലെയും കോവിഡ് പ്രതിരോധത്തിന്റെ പൂര്‍ണ ചുമതല അതാത് ഗവര്‍ണര്‍മാരുടെ തലയില്‍ കെട്ടിവെച്ചതിനെ ചോംസ്‌കി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
ഇത് പരമാവധിപേരെ കൊല്ലുന്നതിനുള്ള ഗംഭീരതന്ത്രമായെന്ന് അദ്ദേഹം പരിഹസിച്ചു. ട്രംപിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയമാണ് ഇത്തരമൊരു സമീപനത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം തടഞ്ഞുവെച്ച നടപടി ലോകത്ത് കോവിഡ് മരണം വര്‍ധിക്കാന്‍ ഇടയാക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ സഹായം ആവശ്യമുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ അടക്കം പ്രയാസത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ ജനതയ്ക്കു മേല്‍ വര്‍ഷങ്ങളായി നടത്തി വരുന്ന ക്രിമിനല്‍ ആക്രമണങ്ങള്‍ മറച്ചുവെക്കുന്നതിന് ഒരു ബലിയാടിനെ തേടുകയാണ് ട്രംപെന്നും അതിന്റെ ഭാഗമായാണ് ലോകാരോഗ്യ സംഘടനയ്ക്കു മേല്‍ കുറ്റം ചാര്‍ത്തുന്നതെന്നും ചോംസ്‌കി കൂട്ടിച്ചേര്‍ത്തു.











































