മഴ


അഡ്വ. ഷാഹിന കുഞ്ഞിമൊയ്തീൻ

അന്നൊക്കെ ഉരുൾപൊട്ടൽ ഒരു ശുഭവാർത്തയായിരുന്നു… !!
നന്നായി മഴപെയ്താൽ ഉരുൾ പൊട്ടും കോളേജ് ഉണ്ടാവില്ല. ഹോസ്റ്റൽ റൂമിലെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയാൽ ആകെ കാണാൻപറ്റുന്നത് തിരുനക്കര അമ്പലത്തിൽ തൊഴാൻ വരുന്ന ചില മനുഷ്യരെ മാത്രമാണ്. പിന്നെയുള്ളത് പുറത്ത് മഴപെയ്യുമ്പോൾ പുതപ്പിനടിയിൽ മൂടിപ്പുതച്ചു കിടക്കുമ്പോഴുള്ള സുഖമാണ്. എന്നാലും ഉരുളുപൊട്ടി വെള്ളം പൊങ്ങി അവധി പ്രഖ്യാപിച്ചു എന്നൊക്കെ കേൾക്കുമ്പോൾ ഒരു സന്തോഷമാണ്.

ഏറ്റവും ഭംഗിയുള്ള മഴക്കാഴ്ചകൾ കോളേജിൽ തന്നെയാണ്….
നല്ല മഴയുള്ളപ്പോൾ
ചുരംപോലെ വളഞ്ഞുകിടക്കുന്ന റോഡിന്റെ ഇരുവശങ്ങളിലൂടെയും വെള്ളം കുത്തിയൊഴുകും സൂക്ഷിച്ചു അപ്പുറത്തേക്ക് കടന്നാൽ അവിടെയുള്ള ഒരു ചെറിയ തിണ്ടിലിരിക്കാം അപ്പോൾ വെള്ളം നമ്മുടെ കാലുകൾക്ക് മുകളിലൂടെ ഒഴുകിപ്പോവും അതൊരു സുഖമാണ്….
പക്ഷെ പലപ്പോഴും പിറുപിറുത്താണ് കയറുന്നത് “ഇനിയിപ്പോ ഈ മലകയറണം ഇവർക്കിത് താഴെവല്ലേടത്തും വച്ചൂടെ കേറിക്കേറി മടുത്തു.” എന്നൊക്കെ.

അല്ലെങ്കിലും നമുക്ക് ഒക്കെ മടുപ്പാണല്ലോ, കയറിച്ചെല്ലുന്നതും കാത്തിരിക്കാൻ, മലമുകളിൽ അങ്ങനൊരു കോളേജ് ഇല്ലാതാവുന്നതുവരെ,
ഇടമില്ലാത്തവരായിത്തീരുന്നതുവരെ……..
ക്ലാസിലിരുന്നാൽ
വലിയ മരങ്ങൾക്കിടയിൽ മഴ പെയ്യുന്നത് കാണാം…
ജനൽ ചില്ലുകളിലൂടെ പുറത്തേക്ക് നോക്കുമ്പോൾ, മഞ്ഞുപെയ്യുംപോലെ തോന്നും…..
എത്ര സുന്ദരമായ കാഴ്ച്ചകൾ….
ഓർമ്മകൾ….
കെട്ടുപാടുകളേതുമില്ലാത്ത സ്നേഹത്തിന്റെ കെട്ടുറപ്പുള്ള ഒരു കാലം…
അന്നും കരയാറുണ്ടായിരുന്നു, വെറുതെ കാര്യമില്ലാത്ത ഓരോ കാര്യങ്ങൾക്ക്, …
ചിരിക്കാറുണ്ടായിരുന്നു, കാരണങ്ങളില്ലാതെതന്നെ…
അവിടെനിന്ന് നാമോരോരുത്തരും നടന്നു നീങ്ങിയത് കാരണങ്ങളുണ്ടായിട്ടും കരയാനും, ചിരിക്കാനുമറിയാത്ത ഈ പുതിയ കാലത്തേക്കാണല്ലോ..
അതാവാം നല്ലൊരു മഴപെയ്യുമ്പോഴും പാട്ടുകേൾക്കുമ്പോഴുമെല്ലാം ആ കാര്യാമില്ലാക്കാലം നമ്മെ തിരികെ വിളിക്കുന്നത്…
വെറുതെ ഓർക്കാൻ ഓർത്തോർത്തിരിക്കാൻ..