വാഷിങ്ടണ്‍: കോവിഡ് വിഷയത്തില്‍ ലോകാരോഗ്യ സംഘടന ചൈനയുടെ പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണത്തില്‍ ഉറച്ച് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. വൈറസ് ലോകം മുഴുവന്‍ പരത്തിയ ചൈനക്കെതിരെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസൂസിന് ട്രംപ് കത്തയക്കുകയും ചെയ്തു.
പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ 30 ദിവസത്തെ സമയവും അനുവദിച്ചു. അതിനകം കാര്യങ്ങള്‍ മെച്ചപ്പെടുന്നില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നാണ് ട്രംപ് നല്‍കിയ മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടനക്ക് ധനസഹായം നിര്‍ത്തിവെച്ചത് പുനപ്പരിശോധിക്കുമെന്ന് കഴിഞ്ഞദിവസം ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു. കത്ത് പിന്നീട് ട്രംപ് ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചു.
2019 ഡിസംബര്‍ ആദ്യമോ അതിനുമുേമ്ബാ ചൈനയിലെ വൂഹാനില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടുവെന്ന വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ ലോകാരോഗ്യ സംഘടന അവഗണിക്കുകയായിരുന്നു. ഇതെ കുറിച്ച് വിശദമായി അന്വേഷണം നടത്തുന്നതില്‍ സംഘടന പരാജയപ്പെട്ടുവെന്നും കത്തില്‍ ട്രംപ് വിമര്‍ശിക്കുന്നു.
ഡിസംബര്‍ 30 ഓടെ തന്നെ വൈറസ് പൊതുജനാരോഗ്യത്തിന് വലിയ വെല്ലുവിളി സൃഷ്ടിക്കുമെന്ന് ലോകാരോഗ്യസംഘടന മനസിലാക്കി. ഇക്കാര്യം തായ്വാന് അധികൃതരുമായി അവര്‍ ആശയവിനിമയം നടത്തുകയും ചെയ്തു. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാലോ മറ്റോ മറ്റുരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുനല്‍കാനോ അവരുമായി ഈ നിര്‍ണായക വിവരങ്ങള്‍ പങ്കുവെക്കാനോ യു.എന്‍ സംഘടന തയാറായില്ല.
എന്തിന് അന്താരാഷ്ട്രവിദഗ്ധ സംഘത്തെ കുറിച്ച് അന്വേഷിപ്പിക്കാനും മുതിര്‍ന്നില്ല. കോവിഡ് പ്രതിരോധത്തിെന്റ കാര്യത്തില്‍ താങ്കളും താങ്കള്‍ നേതൃത്വം നല്‍കുന്ന സംഘടനയും തെറ്റുകള്‍ ആവര്‍ത്തിക്കുകയായിരുന്നു. ലോകം അതിന് വലിയ വില നല്‍കേണ്ടിവന്നു. 30 ദിവസത്തിനകം പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ തയാറാകുന്നില്ലെങ്കില്‍ സംഘടനക്ക് നല്‍കിവരുന്ന സാമ്ബത്തിക സഹായം എന്നെന്നേക്കുമായി നിര്‍ത്തിവെക്കുമെന്നും അംഗത്വം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്നും പറഞ്ഞാണ് ട്രംപ് കത്ത് അവസാനിപ്പിക്കുന്നത്. നേരത്തേ ലോകാരോഗ്യ സംഘടന ചൈനയുടെ കളിപ്പാവയാണെന്നും ട്രംപ് ആരോപിച്ചിരുന്നു.











































