സ്‌കൂളുകളില്‍ പഠന സമയവും സിലബസും കുറച്ചേക്കും; കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍

ന്യൂഡല്‍ഹി: അടുത്ത അധ്യായന വര്‍ഷം സ്‌കൂളുകളില്‍ പഠന സമയവും സിലബസും കുറയ്ക്കാന്‍ ആലോചിക്കുന്നതായി കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി രമേശ് പൊഖ്രിയാല്‍. വിദ്യാഭ്യാസ സെക്രട്ടറിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇത്തരമൊരു നീക്കത്തെക്കുറിച്ച്‌ ആലോചിക്കുന്നതായി മന്ത്രി വ്യക്തമാക്കിയത്.

വിഷയത്തില്‍ അധ്യാപകരില്‍ നിന്നും വിദ്യാഭ്യാസ വിദഗ്ധരില്‍ നിന്നും അദ്ദേഹം അഭിപ്രായവും തേടിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴി പഠനം ഉറപ്പാക്കുന്നതിനെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടന്നു.