യുഎഇ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും, സാമ്പത്തിക മേഖലയും

സഞ്ജയ് ദേവരാജൻ
ലോക്ക് ഡൗൺ പിൻവലിച്ചു യുഎഇ സാധാരണനിലയിലേക്ക് മടങ്ങുന്നു. ദുബായ്, അബുദാബി തുടങ്ങിയ ജനസാന്ദ്രതയേറിയ മഹാനഗരങ്ങൾ എങ്ങനെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയതെന്നും, ലോക്ക് ഡൗൺന് ശേഷം സാമ്പത്തിക, തൊഴിൽമേഖലകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലെ കണക്കുപ്രകാരം മുപ്പത്തയ്യായിരം പേരോളം യുഎഇ യിൽ രോഗബാധിതനായി. രോഗമുക്തി നേടിയവർ 18000 പേർ. 264 പേർ മരണപ്പെട്ടു, യുഎഇയിലെ മൊത്തം ജനസംഖ്യ പ്രവാസികൾ ഉൾപ്പെടെ ഒരു കോടി.

സാമ്പത്തിക /തൊഴിൽ മേഖല 

രണ്ടു മാസത്തെ ലോക്ക് ഡൗൺന് ശേഷം സാമ്പത്തിക തൊഴിൽ മേഖല വീണ്ടും തുറക്കുന്നത് ശക്തമായ മുന്നൊരുക്കങ്ങളോടെയാണ്. തൊഴിൽ ബിസിനസ് സ്ഥാപനങ്ങൾ 50 ശതമാനം ജീവനക്കാരഓടെ തുറക്കാൻ യു എ ഇ തൊഴിൽ വകുപ്പ് അനുമതി നൽകി. ജോലിക്കു ഹാജരാകുന്നവർ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം. ( ഇന്ത്യയിൽ അഹമ്മദാബാദിലും, മുംബൈയിലും, ചെന്നൈയിലും, പലചരക്ക് കടയിൽ ജോലി ചെയ്യുന്നവരും, അവശ്യ സർവീസിൽ മേഖലയിൽ ജോലിചെയ്യുന്ന ചിലർക്കു കോവിഡ് ബാധിച്ചു സൂപ്പർ സ്പ്രെഡ്ർസ് ആയി സാമൂഹിക വ്യാപനത്തിന് കാരണമായി കണ്ടെത്തിയിട്ടുണ്ട്, ഇവർക്ക് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നെങ്കിൽ ഈ നഗരങ്ങളിലെ രോഗവ്യാപനം ഒരുപരിധിവരെ തടഞ്ഞു നിർത്താൻ സാധിക്കുമായിരുന്നു. ലോക്ക് ഡൗൺ പിൻവലിക്കുന്ന ഈ ഘട്ടത്തിൽ ഇന്ത്യ തീർച്ചയായും ഈ മാതൃക തിരഞ്ഞെടുക്കണം)

ഷോപ്പിംഗ് മാളുകൾ രാവിലെ 10 മുതൽ വൈകിട്ട് 7 മണി വരെ പ്രവർത്തിക്കാം. ഷോപ്പിംഗ് മാളുകളിലെ ജീവനക്കാരും മാളുകളിൽ വരുന്നവരും കൃത്യമായും സാമൂഹിക അകലം പാലിച്ചിരിക്കണം, മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. കർശനമായ നിരീക്ഷണ സംവിധാനം ഉണ്ട്.

Drive in cinema മാതൃകയിൽ തിയേറ്ററുകൾക്കും പ്രവർത്തിക്കാം. വലിയ ഗ്രൗണ്ടുകളിൽ ബിഗ് സ്ക്രീനിൽ സിനിമ പ്രദർശിപ്പിക്കാം, ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്തു , വാഹനങ്ങൾക്ക് അകത്തിരുന്നു സിനിമ കാണാം.

ഒരു emirate ൽ നിന്നു മറ്റൊരു emirate ലേക്ക് പോകുന്നതിനു നിരോധനമുണ്ട്.

യുഎഇയിൽ നിന്ന് മടങ്ങുന്നവർ ഭൂരിഭാഗവും വിസിറ്റ് വിസയിൽ വന്നവരും തൊഴിൽ നഷ്ടപ്പെട്ടവരും ആണ്.രോഗം പിടിപെട്ട മലയാളികളിൽ പലരും രോഗം ഭേദമായി വീണ്ടും ജോലിയിലേക്ക് മടങ്ങുന്നത് യുഎഇ വീണ്ടും ഉയർത്തെഴുന്നേൽക്കുന്നതിന്റെ സൂചനയാണ് . വ്യക്തമായ പ്ലാനിങ് ഉള്ള സാമ്പത്തിക സഹായങ്ങളോടെ അവിടത്തെ സർക്കാർ കൂടെയുണ്ട് . 2021 ഓടെ യുഎഇ സാധാരണനിലയിലേക്ക് മടങ്ങിയെത്തുമെന്ന് അവിടുത്തെ സാമ്പത്തിക വിദഗ്ധർ പറയുന്നു. 2021 വീണ്ടും മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടുവെന്നും, തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് പോയവർക്ക് വീണ്ടും മടങ്ങിയെത്താൻ കഴിയുമെന്നും പറയുന്നു .

രോഗപ്രതിരോധ പ്രവർത്തനങ്ങൾ

ലേബർ ക്യാമ്പുകളിൽ സാമൂഹിക അകലം പാലിക്കാൻ പ്രയാസമാണ്. എന്നാൽ ഒരു റൂമിൽ താമസിക്കുന്നവർക്ക് മറ്റൊരു റൂമിലേക്ക് പോകുന്നതിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സാമൂഹ്യ ഇടങ്ങളിൽ ഇറങ്ങുന്നവർ കൃത്യമായും സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം. ഗവൺമെന്റ് വക കെട്ടിടങ്ങൾ താൽക്കാലിക കോവിഡ് ആശുപത്രികൾ ആക്കി. ചില ലേബർ ക്യാമ്പുകൾ കോവിഡ് ആശുപത്രികൾ ആയി മാറ്റി. സുരക്ഷയ്ക്കു പോലീസിനെയും വിന്യസിച്ചു. വൻകിട ഹോട്ടലുകൾ പലതും കോവിഡ് ആശുപത്രിക ളാക്കി. കോവിഡ് ചികിത്സ സൗജന്യമാക്കി. പ്രൈവറ്റ് മേഖലയിലെ ആരോഗ്യ പ്രവർത്തകരെ പുനർവിന്യാസം ചെയ്തു.

ആരോഗ്യ പ്രവർത്തകർക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തിയത് അവർക്ക് ആത്മവിശ്വാസം നൽകി. ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ കിറ്റുകൾ എല്ലാവർക്കും, യഥാസമയം എത്തിച്ചുകൊടുത്ത യുഎഇ സർക്കാർ ലോകരാഷ്ട്രങ്ങൾക്ക് മാതൃകയായി. കോവിഡ് മുന്നറിയിപ്പ് വന്നതോടെ തദ്ദേശീയരായ പ്രായംകൂടിയവരെയും, രോഗികളെയും വീട്ടിനുള്ളിൽ കഴിയാൻ കർശന നിർദ്ദേശം നൽകിയതു രോഗവ്യാപനവും, മരണസംഖ്യയും കുറയ്ക്കുന്നതിനു സഹായകരമായി. പുറം രാജ്യത്തു നിന്നുള്ള തൊഴിലാളികളുടെ 60 വയസ്സ് ജോലി നിയന്ത്രണം നേരത്തെ ഉള്ളത് ഭരണാധികാരികൾക്ക് സഹായകരമായി.

40 വയസിനു മുകളിൽ ജീവിതശൈലിരോഗങ്ങൾ ഉള്ളവരും , മറ്റ് രോഗങ്ങളും ഉള്ളവരാണ് കൂടുതലും ക്രിട്ടിക്കൽ ആയ രോഗാവസ്ഥയിൽ എത്തിയത്. ഈ വിഭാഗത്തിൽ രോഗം മൂർച്ഛിച്ചവർക്ക് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകി. മരണപ്പെട്ടതിൽ കൂടുതലും ഈ വിഭാഗത്തിൽ ഉള്ളവരാണ്.

ശക്തമായ ആരോഗ്യപ്രതിരോധം ഉള്ള പലർക്കും രോഗികളുമായി സഹകരിച്ചട്ടും രോഗം ഉണ്ടായില്ല എന്നുള്ളത് ആരോഗ്യമേഖലയ്ക്ക് ഒരു ശുഭസൂചനയാണ്.ലോക്ക് ഡൗൺ സമയത്തും തൊഴിലാളികൾക്കു മിനിമം വേതനം നൽകാനുള്ള നടപടികൾ യു എ ഇ എടുത്തു. താമസ വാടകയും, കെട്ടിടവാടകയിലും ഇളവുകൾ അനുവദിച്ചു.( സ്വകാര്യമേഖലയിലെ ശമ്പള വിതരണത്തിലെ അപാകതയും, വാടക ഇളവ് പ്രഖ്യാപിച്ചു എങ്കിലും അവ നടപ്പിലാക്കുന്നതിൽ വരുന്ന കാലതാമസം പ്രവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു) ലോക്ക് ഡോൺ പ്രാബല്യത്തിൽ വന്നശേഷം ക്രൈസിസ് മാനേജ്മെന്റ് ടീമും, കോവിഡ് പ്രതിരോധ സമിതിയും കൃത്യമായ സമയങ്ങളിൽ തീരുമാനങ്ങൾ എടുത്തു നടപ്പിലാക്കിയത് രോഗവ്യാപനം തടഞ്ഞു നിർത്തുന്നതിൽ വിജയിച്ചു.

കെഎംസിസി യുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും പ്രവർത്തനം…… സംസ്ഥാന ഗവൺമെന്റ്മായും കേന്ദ്ര ഗവൺമെന്റിമായും ഇന്ത്യൻ എംബസി ആയും ചേർന്ന് കെഎംസിസി യും മറ്റ് സന്നദ്ധ സംഘടനകളും പ്രവാസികളുടെ ക്ഷേമത്തിനായി മികച്ച പ്രവർത്തനം നടത്തി. ജോലി നഷ്ടപ്പെട്ടവർക്കും, വിസിറ്റ് വിസയിൽ വന്നവർക്കും ഇത് ഏറെ സഹായകരമായി. ഭക്ഷണവും താമസസൗകര്യവും ഇല്ലാത്തവർക്ക് ഈ സൗകര്യങ്ങൾ ഏർപ്പെടുത്തി കൊടുത്തത്. രോഗബാധയേറ്റ വർക്ക് വേണ്ട മാനസിക പിന്തുണ നൽകുകയും, അവരുടെ കുടുംബാംഗങ്ങൾക് സമാശ്വാസം നൽകുകയും ചെയ്തു.

ചാർട്ടേഡ് വിമാനങ്ങൾ വഴി നാട്ടിൽ പോകേണ്ടവരെ എത്തിക്കാനുള്ള ശ്രമങ്ങൾ വിജയം കണ്ടു തുടങ്ങി. വന്ദേഭാരത് വഴി പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള കേന്ദ്ര-സംസ്ഥാന ഗവൺമെന്റിന്റെ പ്രവർത്തനത്തിന് കെഎംസിസി യും ഇന്ത്യൻ കൗണ്സിലറ്റ് ചേർന്നുള്ള പ്രവർത്തനം സഹായകരമായി.