റോയ് മാത്യു
ചാര്‍ട്ടേർഡ് ഫ്‌ളൈറ്റുകളില്‍ വരുന്നവര്‍ സ്വന്തം നിലയില്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും അതില്‍ നെഗറ്റീവ് ആകുന്നവര്‍ക്ക് മാത്രം യാത്ര ചെയ്യാമെന്നുമുള്ള കേരള സര്‍ക്കാറിന്റെ നിബന്ധന മാർച്ച് 12 ന് നിയമസഭ പാസ്സാക്കിയ പ്രമേയത്തിന് എതിരാണ്.
വിദേശത്ത് നിന്ന് ചാർട്ടേർഡ് വിമാനങ്ങളിൽ എത്തുന്ന കോവിഡ് 19 ഇല്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കേറ്റ് കയ്യിൽ കരുതണമെന്ന കേരളത്തിൻ്റെ വ്യവസ്ഥ ജൂൺ 20 മുതൽ കർശനമാക്കുകയാണെന്ന് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ ഗൾഫിലെ വിവിധ സംഘടനകൾക്ക് അയച്ച കത്തിൽ വിശദമാക്കിയിട്ടുണ്ട്.
പല ഗൾഫ് രാജ്യങ്ങളിലും ഇതിനൊന്നുമുള്ള യാതൊരു സൗകര്യവുമില്ല.
അതിലുപരി എണ്ണായിരം രൂപ മുതൽ പതിനായിരം രൂപ വരെയാണ് കോവിഡ് പരിശോധനയ്ക്കുള്ള ചെലവ്. ജോലി നഷ്ടപ്പെട്ടും ശമ്പളമില്ലാതെയും കഷ്ടപ്പെടുന്നവർ ഉൾപ്പടെ നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്ന പ്രവാസികളുടെ മണ്ട അടിച്ചു പൊളിക്കുന്നതാണ് സർക്കാരിൻ്റെ പുതിയ നിർദ്ദേശം. പ്രവാസി മലയാളികൾ അവിടെക്കിടന്ന് ചാവട്ടെ എന്നങ്ങ് പറഞ്ഞാപോരെ ?
മാർച്ച് മാസത്തിൽ ഇറ്റലി, യൂറോപ്പ്, ചൈന എന്നിവിടങ്ങളിൽ നിന്ന് നാട്ടിലേക്ക് വരുന്നവർ കോവിഡ് ഇല്ലാ എന്ന് തെളിയിക്കുന്ന സർട്ടി ഫിക്കേറ്റ് കയ്യിൽ കരുതണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തിനെതിരെ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ്റെ സർക്കാരാണ് ഈ കത്ത് പ്രവാസികൾക്ക് അയച്ചിരിക്കുന്നത്. ഇവരുടെ നിറം മാറ്റം ഓന്തിനേക്കാൾ കഷ്ടം!
പ്രവാസികളുടെ കാര്യത്തിൽ എത്ര വട്ടമാണ് ഈ സർക്കാർ നിലപാട് മാറ്റിയിരിക്കുന്നത്-
എവിടെയെങ്കിലും ഒന്ന് ഉറച്ച് നിന്ന് കൂടേ? സ്പ്രിങ്ക്ലർ മൊതലാളിയുടെ
പി ആർ ഓപ്പറേഷൻ്റെ ഭാഗമായി വാഷിംഗ്ടൺ പോസ്റ്റിലൊക്കെ വാർത്ത അടിപ്പിക്കുന്നതിനാണ് നിയമസഭ പ്രമേയം പാസാക്കിയതെന്ന് തോന്നുന്നു. കേന്ദ്ര തിരുമാനത്തിനെതിരെ ഉറഞ്ഞു തുള്ളിയ മുഖ്യമന്ത്രിയുടെ പ്രമേയത്തിലെ പ്രധാന ആവശ്യമിങ്ങനെയായിരുന്നു –
“കോവിഡ് 19 രോഗബാധ തീവ്രമായ രാജ്യങ്ങളിൽ നിന്ന് വരികയോ അവിടെ സന്ദർശനം നടത്തി വരികയോ ചെയ്യുന്ന ഇന്ത്യാക്കാർക്ക് നാട്ടിലേക്ക് മടങ്ങണമെങ്കിൽ അവിടുത്തെ ആരോഗ്യ വകുപ്പിൽ നിന്നും കോവിഡ് 19 രോഗബാധയില്ല എന്ന സാക്ഷ്യപത്രം ലഭ്യമാക്കിയിരിക്കണം എന്ന നിബന്ധന കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചതിൻ്റെ ഫലമായി വിവിധ രാജ്യങ്ങളിലായി പ്രത്യേകിച്ച് വിമാനത്താവങ്ങളിലും മറ്റും ഒട്ടേറെ മലയാളികൾ കുടുങ്ങിപ്പോയതായി വിവരം ലഭിച്ചിട്ടുണ്ട്.
പ്രസ്തുത രാജ്യങ്ങളിലൊന്നും തന്നെ ഇത്തരം സാക്ഷ്യപത്രങ്ങൾ നൽകാനാകുന്ന സ്ഥിതിയിലല്ല എന്നതുകൊണ്ട് തന്നെ ഈ ഉത്തരവ് പിൻവലിക്കുന്നതിനും കുടുങ്ങിക്കിടക്കുന്ന യാത്രികരെ മടക്കിയെത്തിക്കുന്നതിനും കേന്ദ്ര സർക്കാരിൻ്റെ സത്വരമായ ഇടപെടൽ ആവശ്യമാണ്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് 10/3/2020 ൽ ത്തന്നെ പ്രധാനമന്ത്രിക്ക് കേരള സർക്കാർ കത്ത് നൽകിയിട്ടുണ്ട്. ”
ഈ പ്രമേയം എഴുതിയ കടലാസിലെ മഷി ഉണങ്ങുന്നതിന് മുമ്പേയാണ് ഇളങ്കോവനെക്കൊണ്ട് ഈ പണി ചെയ്യിപ്പിച്ചത്.
ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റെയിൻ്റെ കാര്യത്തിൽ കാണിച്ച അതേ കള്ളക്കളിയാണ് ചാർട്ടേർഡ് ഫ്ളൈറ്റിൽ വരുന്നവരോടും കാണിക്കുന്നത്.
യാതൊരുവിധ ന്യായീകരണവുമില്ലാത്ത ഈ ഉത്തരവ് മൂലം ആയിരങ്ങളാണ് കഷ്ടപ്പെടുക. പരിമിതമായ വന്ദേ ഭാരത ഫ്‌ളൈറ്റുകളില്‍ അവസരം കിട്ടാത്തവര്‍ക്ക് ആശ്വാസമായ ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകളെ ഇല്ലാതാക്കുന്നത് പ്രവാസികളെ കൊലക്ക് കൊടുക്കുന്നതിന് തുല്യമാണ്. നാലോ അഞ്ചോ ദിവസങ്ങള്‍ക്ക് മുമ്പ് ടെസ്റ്റ് നടത്തി നെഗറ്റീവ് റിസല്‍റ്റ് കിട്ടിയാല്‍ അതിനു ശേഷം ഒരാള്‍ക്ക് രോഗം ബാധിക്കാമെന്നിരിക്കെ ഈ ഉത്തരവ് കൊണ്ട് എന്ത് പ്രയോജനം? നെഗറ്റീവ് സർട്ടിഫിക്കേറ്റുമായി നാട്ടിൽ വരുന്ന ഒരാൾക്ക് പിന്നിട് പോസിറ്റീവായാൽ അവനെ തൂക്കിലിടുമോ?
ചാർട്ടഡ് ഫ്ലൈറ്റ് യാത്രയ്ക്ക് മുൻപ് സ്വന്തം നിലയ്ക്ക് കോവിഡ് ടെസ്റ്റ് ചെയ്യാൻ ഓരോ പ്രവാസിയും 8000 രൂപയോളം പോക്കറ്റിൽ നിന്ന് ചെലവാക്കണം . റിസൾട് വരാൻ 3-4 ദിവസമെടുക്കുമെന്ന് കണക്കാക്കിയാൽ കിട്ടിയ വിമാനത്തിന് പെട്ടന്ന് ടിക്കറ്റെടുത്ത് പോരുന്നവർക്ക് കഴിയണമെന്നില്ല . ഇനി അഥവാ 3 ദിവസം മുൻപേ ടിക്കറ്റെടുത്ത് (അങ്ങനെ നേരത്തെ ടിക്കറ്റ് കിട്ടാൻ സാധ്യത കുറവാണ് ) കോവിഡ് ടെസ്റ്റ് ചെയ്തുവെന്നിരിക്കട്ടെ ,റിസൾട്ട് വൈകിയാൽ ടിക്കറ്റ് പോവും .
അങ്ങനെ ടിക്കറ്റ് പോയാൽ അടുത്ത ഫ്ലൈറ്റ് ടിക്കറ്റ് എടുക്കുമ്പോഴേക്ക് കിട്ടിയ റിസൾടിന്റെ കാലാവധി തീരും . പുതിയ ടിക്കറ്റും പുതിയ ടെസ്റ്റുമായി തെണ്ടി തിരിയണം അലവലാതികളായ പ്രവാസികൾ !
ഇതിലും നല്ലത് പ്രവാസികളോട് നാട്ടിൽ കാലു കുത്തരുത് എന്ന് നേരെ ചൊവ്വേ പറയുന്നതല്ലേ മിസ്റ്റർ മുഖ്യമന്ത്രി? ഇതിലും ഭേദം
കേന്ദ്ര- കേരള സർക്കാരുകൾ ഒത്ത് ചേർന്ന് പ്രവാസി മലയാളികൾക്ക് ഗൾഫിൽ കുഴി വെട്ടിക്കൊടുക്കുന്നതാ നല്ലത്.

 
            


























 
				
















