ആണവായുധ ശേഖരം വിപുലപ്പെടുത്തി ഇന്ത്യയും ചൈനയും

ന്യൂഡല്‍ഹി:കഴിഞ്ഞ വര്‍ഷത്തേത് പോലെ ഇന്ത്യയും ചൈനയും ഈ വര്‍ഷവും തങ്ങളുടെ അണ്വായുധ ശേഖരം വിപുലപ്പെടുത്തിയതായി സ്‌റ്റോക്ക്‌ഹോം ഇന്റര്‍നാഷനല്‍ പീസ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്. ലോകത്തെ മറ്റ് ആണവ ശക്തികളായ യു എസ്, റഷ്യ, ഫ്രാന്‍സ് പോലുള്ള രാജ്യങ്ങളും ആയുധശേഖരം ആധുനികവത്കരിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഇന്ത്യക്ക് 130- 140 ആണവായുധങ്ങളാണ് തങ്ങളുടെ ശേഖരത്തിലുണ്ടായിരുന്നതെങ്കില്‍ ഈ വര്‍ഷമത് 150 എണ്ണമാക്കാനാണ് പദ്ധതി. അതേസമയം, ചൈനക്ക് 290 ആണവായുധങ്ങളാണ് കഴിഞ്ഞ വര്‍ഷം തങ്ങളുടെ ശേഖരത്തിലെങ്കില്‍ ഈ വര്‍ഷമത് 320 ആക്കി ഉയര്‍ത്തി. പാക്കിസ്ഥാന്റെ ആണവായുധങ്ങളുടെ എണ്ണം ഈ വര്‍ഷം 160 ആകും. ചൈനക്കും പാക്കിസ്ഥാനും ഇന്ത്യയേക്കാള്‍ ആണവായുധങ്ങളുണ്ട്.

ചൈന ആണവായുധ ശേഖരം ആധുനികവത്കരിക്കുന്നുണ്ട്. ആണവ ത്രയം എന്ന പേരില്‍ ആദ്യമായി പദ്ധതി വികസിപ്പിക്കുന്നുമുണ്ട്. പുതിയ കര- സമുദ്ര മിസൈലുകളും ആണവശേഷിയുള്ള പോര്‍വിമാനവും ഉള്‍പ്പെടുന്നതാണിത്. അതേസമയം, ഇന്ത്യയും പാക്കിസ്ഥാനും ആണവായുധങ്ങളുടെ വലുപ്പവും വൈവിധ്യവും വര്‍ധിപ്പിക്കുന്നുണ്ട്. ചൈനയും ഇന്ത്യയും തമ്മില്‍ ഒരു മാസത്തിലേറെയായി തുടരുന്ന അതിര്‍ത്തി പ്രശ്‌നം ഗുരുതരമായിക്കൊണ്ടിരിക്കെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.