ന്യൂഡല്‍ഹി: ഇന്ത്യയിലെ ഇതിഹാസ ഫുട്‌ബോളര്‍മാരില്‍ ഒരാളായ ഐ.എം വിജയനെ പത്മശ്രീ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്ത് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്).
വിജയന്റെ പേര് കായികമന്ത്രാലയത്തിന് സമര്‍പ്പിച്ചതായി എ.ഐ.എഫ്.എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2003-ല്‍ അദ്ദേഹത്തിന് അര്‍ജുന പുരസ്‌കാരം ലഭിച്ചിരുന്നു.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായിരുന്നു ഐ.എം വിജയന്‍. 17-ാം വയസില്‍ കേരള പൊലീസിലൂടെയാണ് അദ്ദേഹം ഫുട്‌ബോള്‍ കരിയറിന് തുടക്കമിടുന്നത്.
കരിയറില്‍ മോഹന്‍ ബഗാന്‍, എഫ്‌സി കൊച്ചിന്‍, ജെസിടി ഫഗ്വാര, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ഈസ്റ്റ് ബംഗാള്‍ തുടങ്ങിയ ക്ലബ്ബുകള്‍ക്കായി കളിച്ചു.
1989-ല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം ഇന്ത്യയ്ക്കായി 66 മത്സരങ്ങള്‍ കളിച്ചു. 40 ഗോളുകളും ഇക്കാലയളവില്‍ സ്‌കോര്‍ ചെയ്തു. 1999-ല്‍ മികച്ച ഫോമിലായിരുന്ന അദ്ദേഹം 13 മത്സരങ്ങളില്‍ നിന്ന് 10 ഗോളുകള്‍ നേടി.
ഫുട്‌ബോള്‍ ചരിത്രത്തിലെ വേഗതയേറിയ ഗോളെന്ന റെക്കോഡും വിജയന്‍ സ്വന്തമാക്കി. സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കപ്പില്‍ ഭൂട്ടാനെതിരെ 12-ാം സെക്കന്‍ഡിലാണ് വിജയന്‍ വലകുലുക്കിയത്. 1999 ദക്ഷിണേഷ്യന്‍ ഗെയിംസില്‍ പാകിസ്ഥാനെതിരേ ഹാട്രിക്ക് നേടി ശ്രദ്ധ പിടിച്ചുപറ്റി. തുടര്‍ന്ന് 2003-ല്‍ ഇന്ത്യയില്‍ നടന്ന ആഫ്രോ-ഏഷ്യന്‍ ഗെയിംസില്‍ നാലു ഗോളുകളുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായി.
1992, 1997, 2000 വര്‍ഷങ്ങളില്‍ എ.ഐ.എഫ്.എഫിന്റെ മികച്ച ഫുട്‌ബോള്‍ താരമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2006-ലാണ് ബൂട്ടഴിച്ചത്. 2001-ല്‍ ജയരാജ് സംവിധാനം ചെയ്ത മലയാള ചിത്രം ശാന്തത്തിലൂടെ അദ്ദേഹം അഭിനയ രംഗത്തും ചുവടുവെച്ചു. മലയാളത്തിലും തമിഴിലുമായി 20-ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.