മനുഷ്യന് ഏറ്റവും സന്തോഷം നൽകുന്ന കാര്യം

ശിവകുമാർ
ജീവിതത്തിൽ സന്തോഷിക്കാൻ നമുക്ക് ധാരാളം കാര്യങ്ങളുണ്ട്. എന്നാൽ ഒരേ കാര്യം തന്നെ പലർക്കും പല അളവിലായിരിക്കും സന്തോഷം നൽകുന്നത്. പക്ഷേ ഏറ്റവും സന്തോഷം നൽകുന്ന കാര്യം ഏത് തന്നെയാലും, അതിന് പെട്ടന്ന് അടിമപ്പെടുന്ന തരം മസ്തിഷ്ക്കമാണ് നമുക്കുള്ളത്.

അങ്ങിനെ സന്തോഷത്തിന് അടിമയായവർ കുറവാണെങ്കിലും നമ്മുക്കു ചുറ്റും കാണാൻ കഴിയും.. അവർക്ക് സന്തോഷം നൽകുന്ന അതേ കാര്യം തന്നെയാണ്, വിഷാദത്തിനുള്ള മരുന്നായി പലരോടും നിർദ്ധേശിച്ചിട്ടുള്ളതും, മിക്കപ്പോഴും പ്രയോജനപ്പെട്ടിട്ടുള്ളതും.

അതെന്താണെന്നറിയുന്നതിന് മുൻപായി വിഷാദമെന്തെന്നറിയണം.

” പേരറിയാത്തൊരു സങ്കടത്തെ,
വിഷാദമെന്നാരോ വിളിച്ചൂ ”

കവി പാടിയത് മറ്റൊന്നാണ്. പക്ഷേ എന്തിനെന്നറിയാതെ, തികട്ടി വരുന്ന വിങ്ങലാണ് അല്ലെങ്കിൽ സങ്കടമാണ് വിഷാദമെന്ന് ലളിതമായി പറയാം. സ്ത്രീ പുരുഷ ഭേദമേന്യേ നമ്മൾ നിത്യം കാണുന്ന പലരിലും, ചെറുതും വലുതുമായ രീതിയിൽ വിഷാദം ഒളിഞ്ഞിരിപ്പുണ്ട്.

പുറമെ നിന്നും നോക്കുന്നവർക്ക് ഇവരെന്തിനാണ് സങ്കടപ്പെടുന്നത് എന്ന് അത്ഭുതം തോന്നാം. അത് കൊണ്ട് തന്നെ, ഇത്തരത്തിൽ സങ്കടമുള്ളവരോട് തനിക്കെന്തിന്റെ കുഴപ്പമാണ് എന്നോ, മരിക്കാൻ തോന്നുന്നുവെങ്കിൽ പോയി മരിക്ക്. എന്നോ ആവും സാധാരണ ഗതിയിൽ സുഹൃത്തുക്കളൊ കുടുംബക്കാരോ പറയാറുള്ളത്ന്. (അത്തരത്തിൽ പരുഷമായി, സങ്കടത്തിൽ ഇരിക്കുന്നവരോട് പറഞ്ഞു എന്നവകാശപ്പെട്ട അഞ്ചോളം പേർ ഇത് വായിക്കുന്നുണ്ടാവും).

അങ്ങിനെ, അവരുടെ സങ്കടത്തെ നമ്മൾ പുച്ഛിക്കുമ്പോൾ, വീണ്ടും അവഗണന നേരിട്ടതായി വിഷമത്തിലിരിക്കുന്നവർക്ക് തോന്നുകയും സങ്കടം കൂടുകയും ചെയ്യും. ഓരോരുത്തർക്കം അവനവന്റെ സങ്കടം വല്ലതാണ്. നമ്മളോട് സങ്കടം പറയുന്നവരെ, സഹായിച്ചില്ലെങ്കിലും വീണ്ടും വേദനിപ്പിക്കാതിരിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. ശാരീരിക ആരോഗ്യത്തിൽ വ്യക്തികൾ തമ്മിൽ ഏറ്റക്കുറച്ചിൽ ഉള്ളത് പോലെ മാനസിക ആരോഗ്യത്തിലും ഏറ്റക്കുറച്ചിൽ ഉണ്ടാവും എന്ന് നമ്മൾ അറിയണം. നമ്മുടെ സുഹൃത്തുക്കൾക്ക് മാത്രമല്ല കുടുംബത്തിലുള്ളവർക്കും ഇത് ബാധകാണ്.

മാനസിക ആരോഗ്യത്തിന് ചികിത്സ തേടുന്നത്, വലിയ അപരാധമായിട്ടാണ് നമ്മുടെ സമൂഹം ഇന്നും കാണുന്നത്. അത് മാറണം. ശരീരം നന്നാക്കാൻ ഹെൽത്ത് ക്ലബ്ബിൽ പോകുന്നതിന് സമാനമാണ് ഒരു കൗൺസിലറെ കാണുന്നത് എന്ന് സമൂഹം മനസ്സിലാക്കണം.

,മികച്ച ജോലി, ഉയർന്ന സാമ്പത്തികം, നല്ല കുടുംബം, ആരോഗ്യം ഒക്കെയുണ്ടായിട്ടും യാതൊരു കാരണവുമില്ലാതെ സങ്കടപ്പെടുന്നവരുണ്ട്. എന്തായിരിക്കും അവരുടെ പ്രശ്നം?

ഏറ്റവും ലളിതമായി നോക്കിയാൽ മനസ്സിൽ ഉണ്ടാവുന്ന ചില ബ്ലോക്ക് ആണ് വിഷാദത്തിന് വഴി വയ്ക്കുന്നത് എന്ന് പറയാം. സുഗമമായി ഒഴുകുന്ന ഒരു നീർച്ചാലിന് കുറുകെ ഒരു മരക്കഷണം കുടുങ്ങി എന്ന് കരുതുക. പതിയെ അതിൽ ചപ്പും ചവറും ഇലകളും പൂക്കളുമൊക്കെ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെടും. പുറത്ത് നിന്ന് നോക്കുന്നവർക്ക് ഇലകളും പൂക്കളും മാത്രമേ കാണുകയുള്ളു. ഇതാണോ നീരൊഴുക്ക് തടയുന്നത് എന്നവർ നിസ്സാരവൽക്കരിക്കുകയും ചെയ്യും.

ഇതു പോലെയാണ് മനസ്സിന്റെ കാര്യവും. ഉള്ളിൽ മായാതെ കിടക്കുന്ന ഒരു സങ്കടത്തിലാവും പിന്നീടുള്ള ചെറിയ സങ്കടങ്ങൾ വന്നു പൊതിഞ്ഞ് വലുതായി, മനസ്സിന്റെ സുഗമമായ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നത്. ക്രമേണ ചെറിയ സങ്കടങ്ങൾ മറന്നു പോയാലും ഉള്ളിലെ സങ്കടം അവശേഷിക്കുകയും ചെയ്യും. കണ്ണാടിയിൽ സ്വന്തം ശരീരം കാണുന്നത് പോലെ അവനവന് സ്വന്തം മനസ്സ് കാണാനാവാത്തതിനാൽ മറ്റൊരാളുടെ സഹായം അത്യാവശ്യമാണ്.

ഓരോന്ന് ചിന്തിച്ച് ഒറ്റക്കിരിക്കുക, ഉറക്കം കിട്ടാതിരിക്കുക, ഉത്സാഹം കുറയുക, വിശപ്പില്ലായ്മ, കാര്യമൊന്നുമില്ലാതെ കരയുക (പുരുഷൻമാരും) എന്നതൊക്കെ പിന്നീട് ജീവിതത്തിന്റെ ഭാഗമാവും. ഇത് പരിഹരിക്കാതെ തുടർന്നാൽ വിഷാദ രോഗത്തിലേക്ക് വഴുതി വീഴുകയാവും ഫലം.

ഇത്തരം പ്രശ്നങ്ങൾക്ക് ക്ലിനിക്കൽ ട്രീറ്റ്മെന്റ് അല്ലാതെ തന്നെ, ഒരു പാട് പരിഹാരമാർഗ്ഗങ്ങളുണ്ട്. അതിലൊന്നാണ് സന്തോഷിക്കാനുള്ള ധാരാളം അവസരങ്ങൾ ഇവർക്ക് നൽകുക എന്നത്. വിജയം, അധികാരം. ധനം, വിവാഹം, കുഞ്ഞുങ്ങൾ ഒക്കെ സന്തോഷം നൽകുമെങ്കിലും തുടർച്ചയായി അത്തരം സന്തോഷം നിലനിൽക്കുകയില്ലല്ലോ?

തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നമ്മൾ മറ്റൊരാളെ സഹായിക്കുമ്പോൾ, നമുക്കുണ്ടാവുന്ന സന്തോഷം അനുഭവിച്ചിട്ടുണ്ടോ? അതാണ് യഥാർത്ഥ സന്തോഷം! വിശക്കുന്നയാൾക്ക് ഒരു നേരത്തെ ഭക്ഷണം വാങ്ങിക്കൊടുക്കുന്നത് മുതൽ, രോഗിക്ക് രക്തം കൊടുക്കുന്നതും ചികിത്സാ ചെലവ് നൽകുന്നതും, ജീവിക്കാനുള്ള, പഠിക്കാനുള്ള, സൗകര്യം ചെയ്ത് കൊടുക്കുന്നതുമായ സാമൂഹ്യ പ്രവർത്തനത്തിനിറങ്ങുന്നവരാണ് യഥാർത്ഥ സന്തോഷവാൻമാർ! ആ സന്തോഷം അനുഭവിച്ചവർ, വീണ്ടും അത്തരം സന്തോഷത്തിനായി, കാര്യങ്ങൾക്കായി തുനിഞ്ഞിറങ്ങും. സമ്പന്നരായ പലരും ധാരാളം പണം ചാരിറ്റിക്കായി ചിലവഴിക്കുന്നതും, ഒരു പാട് പേർ ജോലി ഉപേക്ഷിച്ച് സന്നദ്ധ പ്രവർത്തനത്തിലേർപ്പെടുന്നതും, ഈ സന്തോഷത്തിനടിമയാവുന്നത് കൊണ്ടാണ്.

ഇത്തരത്തിലുള്ള നല്ല വീഡിയോകൾ കാണുമ്പോൾ നമ്മളിൽ പലർക്കും രോമാഞ്ചമുണ്ടാവാറുണ്ടല്ലോ?. അപ്പോൾ മറ്റുള്ളവരെ നേരിട്ട് സഹായിച്ചാലോ? നമ്മുടെ ഹൃദയം സന്തോഷം കൊണ്ട് നിറയും.. (മിക്ക സമ്പന്നർക്കും ഇക്കാര്യമറിയാത്തത് കൊണ്ടാണ്, സന്തോഷമെന്തെന്ന് അവരറിയാത്തതും ഉറക്കഗുളികയുടെ സഹായം ഇല്ലാതെ അവർക്ക് ഉറങ്ങാനാവാത്തതും)

വിഷാദമുള്ള, എന്നാൽ രോഗിയല്ലാത്ത ഏതൊരാളുടെയും ജീവിതത്തിന് അർത്ഥവും സന്തോഷവുമുണ്ടാക്കാൻ ഇത്തരം സന്നദ്ധ പ്രവർത്തനത്തിന് കഴിയും.

മറ്റുള്ളവർക്ക് സ്നേഹവും സഹായവും കൊടുത്താൽ, ഹൃദയം നിറയുന്ന യഥാർത്ഥ സന്തോഷം, നമുക്ക് തിരിച്ചു കിട്ടും. വിഷാദമില്ലാത്തവർക്കാവട്ടെ, ഈ സന്തോഷം കൂടുതലായി അനുഭവിക്കാനും സാധിക്കും.

നമ്മൾ, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മറ്റൊരാളെ അകമഴിഞ്ഞ് സഹായിക്കുമ്പോൾ

1. നമ്മുക്ക് ആത്മാഭിമാനം കൂടുന്നു.
2. മറ്റെയാളുടെ പ്രശ്നത്തിൽ സ്വന്തം വിഷമം മറക്കുന്നു.
3. മറ്റെയാളുമായി തട്ടിച്ച് നോക്കുമ്പോൾ, തന്റെ ജീവിതം മികച്ചതാണെന്ന തോന്നൽ, സംതൃപ്തി എന്നിവ ഉണ്ടാവുന്നു.
4. സന്തോഷം നമ്മെ പ്രവർത്തന നിരതരാക്കുന്നു.
5. ഓരോ പ്രവൃത്തിയും ഒരുപാട് സന്തോഷം നൽകുന്നു.

ഏറ്റവും കൂടുതൽ സന്തോഷം നമ്മുക്ക് ലഭിക്കുന്നത്, സ്വമനസ്സാലെ മറ്റുള്ളവരെ സഹായിക്കുമ്പോൾ മാത്രമാണ്. അതാവട്ടെ, അനുഭവിച്ച് തന്നെ അറിയണം. കാരണമുള്ളതും ഇല്ലാത്തതുമായ എല്ലാ സങ്കടവും മാറ്റാനുള്ള വഴി ആതുര സേവനമാണ്.

വിഷാദം മാറാനും, സന്തോഷം വരാനും മികച്ച വഴിയും ഇത് തന്നെയാണ് എന്നതിന്, 60 ൽ അധികം പേരുടെ അനുഭവസാക്ഷ്യവുമുണ്ട്.

അടുപ്പമുള്ള ആർക്കെങ്കിലും വിഷാദമുണ്ടെന്ന് തോന്നിയാൽ, കുറ്റപ്പെടുത്താതെ അവർക്ക് ഇനി മുതൽ സന്തോഷം ലഭിക്കാനുള്ള വഴി കാണിച്ചു കൊടുക്കാം നമ്മുക്ക്.

ഒപ്പം, എല്ലാവർക്കും സന്തോഷം ലഭിക്കാനുള്ള എളുപ്പ മാർഗ്ഗവും ഇതാണ്.

PS: വിഷാദത്തിലുള്ളവരെ സഹായിക്കാൻ, ഇതല്ലാതെ വേറെയും ധാരാളം മാർഗ്ഗങ്ങളുണ്ട്. എന്നാൽ രോഗാവസ്ഥയിൽ നിശ്ചയമായും ഡോക്ടറെ കാണുകയും മരുന്ന് കഴിക്കുകയും വേണം. DSM5 മാനദണ്ഡങ്ങളോ സ്ത്രീകളുടെ പോസ്റ്റ് പാർട്ടം ഡിപ്രഷൻ, പെർസിസ്റ്റൻറ് ഡിപ്രസ്സീവ് ഡിസോർഡർ, പ്രീമെൻസ്ട്രുൽ ഡയസ്ഫോറിക് ഡിസോർഡർ തുടങ്ങിയവയോ ഒന്നും ഈ പോസ്റ്റിലെ വിഷയമല്ല. വിഷാദമുള്ള എന്നാൽ വിഷാദ രോഗിയല്ലാത്തവരുടെ കാര്യം മാത്രമാണിവിടെ പരാമർശിച്ചത്.