യുഎഇയില്‍ 380 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; 657 പേര്‍ക്ക് രോഗമുക്തി

ദുബായ് : യുഎഇയില്‍ ഇന്ന് 380 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 45,863 ആയി. അതേസമയം ഇന്ന് 657 പേരാണ് രോഗമുക്തി നേടിയത്. രണ്ടു പേര്‍ മരിക്കുകയും ചെയ്തതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 40,000 പേര്‍ക്ക് കൂടി രോഗപരിശോധന നടത്തിയപ്പോഴാണ് 380 രോഗികളെ കണ്ടെത്തിയത്. യുഎഇയില്‍ ഇതുവരെ ആകെ 612,000 കോവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്.

രാജ്യത്ത് പുതിയ കോവിഡ് -19 കേസുകളുടെ വര്‍ദ്ധനവ് തടയുന്നതിന് സമഗ്രമായ പരിശോധനയും വിപുലമായ പ്രതിരോധ നടപടികളും ഫലപ്രദമാണെന്ന് തെളിയിക്കുന്ന സാഹചര്യത്തില്‍,കോവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുന്നതിനെക്കുറിച്ച്‌ ആലോചനകള്‍ നടക്കുന്നതായും സൂചിപ്പിച്ചു.
ഇതിന്റെ ഭാഗമായി സ്കൂളുകള്‍, യൂണിവേഴ്സിറ്റികള്‍, നഴ്സറികള്‍ എന്നിവ പുതിയ അധ്യയന വര്‍ഷമായ സെപ്റ്റംബറില്‍ തുറക്കുന്നത് സംബന്ധിച്ച്‌ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതുസംബന്ധമായി സര്‍ക്കാര്‍-സ്വകാര്യ വിദ്യാലയങ്ങളുമായി സംവദിച്ചു കൊണ്ടിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം വക്താവ് അനൂദ് അബ്ദുല്ല അല്‍ ഹജ് പറഞ്ഞു.

ദുബായിലെ സ്കൂളുകളും യൂണിവേഴ്സിറ്റികള്‍ക്കും 2020-21 അധ്യയന വര്‍ഷത്തില്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയതായി നോളജ് ആന്‍ഡ‍് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി കെഎച്ച്‌ഡിഎ) അധികൃതര്‍ വ്യക്തമാക്കി. ജൂണ്‍ 23 മുതല്‍ അബുദാബി തങ്ങളുടെ പ്രദേശങ്ങള്‍ തമ്മിലുള്ള യാത്രാ നിയന്ത്രണം ലഘൂകരിക്കുന്നതായി പ്രഖ്യാപിച്ചു.