സ്വാമി ശാശ്വതീകാനന്ദയുടെ മരണം; വെള്ളാപ്പളളിക്കെതിരെ സ്വാമിയുടെ സഹോദരി

തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹ മരണത്തില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി ശാശ്വതീകാനന്ദയുടെ സഹോദരി ശാന്ത.

ശാശ്വതീകാനന്ദയുടെ മരണത്തിന് പിന്നില്‍ വെള്ളാപ്പള്ളി നടേശനാണെന്നും കേസിന്റെ അന്വേഷണത്തില്‍ വെള്ളാപ്പള്ളി ഇടപെട്ടെന്നും സഹോദരി ആരോപിച്ചു. പതിനെട്ട് വര്‍ഷം കഴിഞ്ഞിട്ടും മരണത്തിലെ ദുരൂഹത നീക്കാനായിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ടെന്നും സഹോദരി വ്യക്തമാക്കി.കണിച്ചുകുളങ്ങര യുണിയന്‍ സെക്രട്ടറിയുമായ കെ.കെ.മഹേശനെ എസ്എന്‍ഡിപി ഓഫീസില്‍ തൂങ്ങിമരിച്ചതിന് പിന്നാലെയാണ് പതിനെട്ട് വര്‍ഷം മുമ്പ് മരിച്ച സ്വാമി ശാശ്വതീകാനന്ദയുടെ മരണവും വീണ്ടും ചര്‍ച്ചയാകുന്നത്. രണ്ട് മരണങ്ങളിലും വെള്ളാപ്പള്ളി നടേശനെതിരെയാണ് ആരോപണങ്ങളുയരുന്നത്. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് മഹേശനെ ചോദ്യം ചെയ്തിരുന്നു. വെള്ളാപ്പള്ളിക്ക് തന്നോട് ശത്രുതയുണ്ടെന്നും യൂണിയന്‍ നേതൃത്വം കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും മരണത്തിന് മുമ്പ് മഹേശനെഴുതിയ ആത്മഹത്യക്കുറിപ്പില്‍ വ്യക്തമായിരുന്നു.