എന്റെ ഗ്രാമമിന്നലെ,
ചുട്ടുപൊള്ളുന്ന വെയിൽചൂടിൽ
നരച്ചു ചുളുങ്ങിയിരുന്നു.
മണ്ണാഴങ്ങളിൽ
മനസ്സുവെച്ചവന്റെ
കണ്ണീരുണങ്ങാത്ത
നോവുംഭാവം കണ്ടു
വറ്റിയ തോടും പുഴയും
ഇലകൊഴിഞ്ഞടർന്ന
വടവൃക്ഷശിഖരങ്ങളും,
വിണ്ടുണങ്ങിവരണ്ട
ഭംഗി നരച്ച ചിന്തകളിൽ
ദ്രവിച്ച പാടശേഖരങ്ങളും.
ചിറകടിയിൽ
ചിലമ്പിച്ച തേങ്ങും
കിളിമൊഴികളും കേട്ടു,
കുളിർ നഷ്ട്ടപ്പെട്ട
ഗ്രാമത്തിന്റെ മുഖം
രാപകലുകളിൽ നൊമ്പരംകുടിച്ച
മൗനം പേറുന്നുണ്ടായിരുന്നു,
ഇന്ന് മഴ പെയ്ത്
മനം നിറഞ്ഞപ്പോൾ
എന്റെ ഗ്രാമത്തിനെന്തു ഭംഗി…!,
കുളിർകിനാവുകൾ ഉണർന്ന്
തുടുത്തുനിൽക്കുമ്പോൾ,
വര്‍ഷഹർഷാരവഹരിത
പുളകിതമെന്‍റെ ഗ്രാമം,
പൂത്തുലഞ്ഞ പുതുവാടിയില്‍
തുമ്പപ്പൂവും തുളസിയും
അരിമുല്ല മലരും, തൊടിനീളെ
തേൻകിളിപ്പാടുകളും.
തുമ്പിപ്പെണ്ണും കരിവണ്ടുകളും
കൂട്ടുവന്ന കുളിർതെന്നൽ
കുടഞ്ഞിടുന്ന വശ്യസുഗന്ധത്തിൽ
വസന്തരാവിനെ മടിവിളിച്ചടുപ്പിക്കുന്നു,
ചിങ്ങക്കതിർക്കുലകളാൽ
വയൽനിറയുപ്പോൾ
മൗനം മറന്നെന്‍ ഗ്രാമം തുടുക്കുന്നു.
മനസ്സുകളിലാവോളം കുളിര്‍ നിറച്ച്
കൊതിപ്പിക്കുന്നുണ്ടെന്‍റെ ഗ്രാമമിന്ന്
ചുണ്ടില്‍ നിറയും പുതുകവിതപോല്‍…!!!.











































