കോഴിക്കോട്: മക്കൽ തന്നെ വാർധക്യകാലത്ത് സംരക്ഷിക്കുമെന്ന് കണ്ണടച്ച് വിശ്വസിച്ച ഈ അമ്മയെ വഴിയിൽ ഉപേക്ഷിച്ച മക്കൾക്ക് എട്ടിന്റെ പണിയുമായി കോടതി. സ്വത്തുവകകൾ കൈക്കലാക്കിയ ശേഷം സംരക്ഷിക്കാതെ അമ്മയെ വഴിയാധാരമാക്കിയ സംഭവത്തിൽ കോടതി ഇടപെടൽ. പെരുവയൽ കായലം വാണിയംകോത്ത് കോട്ടായി പത്മിനിയമ്മയ്ക്കാണ് വർഷങ്ങളായുള്ള അലച്ചിലിനു ശേഷം ആശ്വാസമെത്തിയത്.
മക്കൾ സംരക്ഷിച്ചുകൊള്ളുമെന്നു കരുതി ആകെയുള്ള സ്വത്ത് മക്കളുടെ പേരിൽ തീറെഴുതിക്കൊടുത്തതോടെയാണ് ഈ അമ്മ വഴിയാധാരമായത്. ഒടുവിൽ സത്യാവസ്ഥ ബോധ്യപ്പെട്ടതോടെ ഈ ആധാരം റദ്ദാക്കിക്കൊണ്ട് കോഴിക്കോട് സബ്ഡിവിഷണൽ മജിസ്‌ട്രേറ്റ് ജി പ്രിയങ്ക വെള്ളിയാഴ്ച ഉത്തരവിട്ടു.
ഭർത്താവ് മാധവൻ നായർ നേരത്തേ മരിച്ചുപോയ പത്മിനിയമ്മയെന്ന 67 കാരിക്ക് മക്കൾ മാത്രമായിരുന്നു ആശ്രയം. ഒമ്പതു വർഷം മുമ്പ് സ്വത്ത് മക്കളായ അജീഷിന്റെയും ബിജീഷിന്റെയും പേരിൽ വെവ്വേറെ തീറെഴുതി നൽകുകയായിരുന്നു. തനിക്കൊന്നും ബാക്കി വെക്കാതെ മക്കൾ തന്നെ സംരക്ഷിക്കുമെന്ന വിശ്വാസത്തിലായിരുന്നു സ്വത്ത് കൈമാറിയത്. സ്വത്ത് കൈയിൽ കിട്ടിയതോടെ മക്കൾ തന്നെ നോക്കാതായെന്ന് പത്മിനിയമ്മ കളക്ടർക്കു നൽകിയ പരാതിയിൽ പറയുന്നു.
ഒടുവിൽ കളക്ടർ അമ്മയെ സംരക്ഷിക്കാൻ 2018ൽ തന്നെ ഉത്തരവിറക്കിയെങ്കിലും അതു പാലിക്കപ്പെട്ടില്ല. പല ഒത്തുതീർപ്പ് ശ്രമങ്ങളും നടന്നെങ്കിലും പ്രതിമാസം രണ്ടായിരം രൂപ നൽകണമെന്ന ധാരണ പോലും പാലിക്കാൻ മക്കൾ തയ്യാറായില്ലെന്ന് പത്മിനിയമ്മ പറയുന്നു. രണ്ടു മക്കളും സംരക്ഷിക്കുന്നില്ലെന്നും ഇളയമകന്റെ ഭാര്യ ദേഹോപദ്രവം ഏൽപ്പിക്കുന്നെന്നും പരാതിപ്പെട്ടുകൊണ്ട് അവർ വീണ്ടും കളക്ടറെ സമീപിച്ചു.
ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുമ്പോൾ ചാലക്കുടി സ്വദേശിയായ ഷാജി ഇവരുടെ ദുരവസ്ഥയറിഞ്ഞ് തനിക്കൊപ്പം പോന്നുകൊള്ളാൻ പറഞ്ഞു. മരുമകളുടെ മർദനത്തെത്തുടർന്നാണ് മെഡിക്കൽ കോളേജിൽ കഴിയേണ്ടിവന്നതെന്ന് പത്മിനിയമ്മ പറഞ്ഞു. ഒമ്പതുമാസത്തോളം ഷാജിയുടെ സംരക്ഷണയിലായിരുന്നു ഇവർ.
പത്മിനിയമ്മയുടെ ദുരവസ്ഥ തിരിച്ചറിഞ്ഞ് കോഴിക്കോട് സബ്ഡിവിഷണൽ മജിസ്‌ട്രേറ്റ് വെള്ളിയാഴ്ച ഈ പരാതി വീണ്ടും പരിഗണിക്കുകയും ആധാരം റദ്ദാക്കാൻ ഉത്തരവിടുകയുമായിരുന്നു.
 
            


























 
				
















