രാജ്യത്ത് സമൂഹ വ്യാപനമുണ്ടായെന്ന് പറയാന്‍ സാധിക്കില്ല;കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍. മന്ത്രിതല ചര്‍ച്ചയ്ക്ക് ശേഷമാണ് ഹര്‍ഷവര്‍ധന്‍ ഇക്കാര്യം പറഞ്ഞത്.

‘ചില പ്രദേശങ്ങളില്‍ ചിലപ്പോള്‍ രോഗവ്യാപനത്തിന്റെ തോത് കൂടുതലായിരിക്കും. എന്നു കരുതി രാജ്യത്ത് സമൂഹ വ്യാപനമുണ്ടായെന്ന് പറയാന്‍ സാധിക്കില്ല’ എന്നാണ് മന്ത്രി പറഞ്ഞത്. രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടിയെങ്കിലും മരണങ്ങള്‍ നിയന്ത്രിക്കാന്‍ സാധിച്ചെന്നാണ് ഉത്തര്‍പ്രദേശിലെ എന്‍ജിഒ പ്രതിനിധികളുമായുള്ള വീഡിയോ കോണ്‍ഫറന്‍സിങില്‍ പ്രധാനമന്ത്രി പറഞ്ഞത്.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 24879 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് ആദ്യമായാണ് ഒരു ദിവസം ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 767296 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 487 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 21129 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് നിലവില്‍ 269789 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 476378 പേരാണ് രോഗമുക്തി നേടിയത്.