സ്വപ്ന സുരേഷ് എൻ.ഐ.എ കസ്റ്റഡിയിൽ !

ബെംഗലുരു: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തു. ബെംഗലരുവിൽ വച്ചാണ് പിടികൂടിയിരിക്കുന്നത്. കൂട്ട് പ്രതി സന്ദീപും കൂടെ ഉണ്ടെന്നാണ് സൂചന. ഈ വാർത്ത പുറത്ത് വിട്ടത് ന്യൂസ് 18 കേരളയാണ്.

നാളെ കൊച്ചിയിൽ എത്തിച്ച് എൻ.ഐ.എ സ്വപ്നയെ വിശദമായി ചോദ്യം ചെയ്യും.ഇതിന് ശേഷം കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ ചോദിച്ച് വാങ്ങും. ബെംഗലുരു എൻ.ഐ.എ യൂണിറ്റാണ് സ്വപ്നയെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ട്.

വിവാദ സ്വർണ്ണക്കടത്ത് സംഭവത്തിന് 6 ദിവസത്തിന് ശേഷമാണ് മുഖ്യപ്രതി പിടിയിലായിരിക്കുന്നത്.കോവിഡ് നിയന്ത്രണമുള്ളപ്പോൾ എങ്ങനെയാണ് സ്വപ്ന സ്വകാര്യ വാഹനത്തിൽ അതിർത്തി കടന്നതെന്ന കാര്യമാണ് ഇനി അറിയാനുള്ളത്. മാധ്യമങ്ങളിൽ സ്വർണ്ണക്കടത്ത് വാർത്ത ചൂട് പിടിക്കും മുൻപ് തന്നെ സ്വപ്ന സംസ്ഥാനം വിട്ടിരിക്കാനാണ് സാധ്യത.

അതേ സമയം സ്വപ്ന അടക്കമുള്ള കേസിലെ പ്രതികളുടെ മൊബൈൽ വിശദാംശങ്ങൾ കേന്ദ്ര ഏജൻസികൾ എടുത്തു കഴിഞ്ഞതായാണ് ലഭിക്കുന്ന വിവരം. ഉന്നതരുമായുള്ള ഇവരുടെ ബന്ധവും കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നുണ്ട്.

യു. എ. ഇ കോൺസുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗിലാണ് പ്രതികൾ സ്വർണ്ണം കടത്തിരുന്നത്.രാജ്യത്തെ ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു ഇത്. സ്വപ്നയെ ചോദ്യം ചെയ്യുന്നതോടെ ആർക്ക് വേണ്ടിയാണ് സ്വർണ്ണമെത്തിച്ചതെന്ന ചോദ്യത്തിനും സഹായിച്ചവരെ കുറിച്ചും വ്യക്തമായ ഉത്തരംകിട്ടും.