കൊറോണ കണക്കുകൾ

മുരളി തുമ്മാരുകുടി
ഓരോ ദിവസവും എത്രയോ കൊറോണ കണക്കുകൾ വരുന്നു. കേസുകളുടെ എണ്ണം, സമ്പർക്കം മൂലം രോഗം ഉണ്ടായവരുടെ എണ്ണം, മരണങ്ങളുടെ എണ്ണം, മരണ നിരക്ക്, രോഗം ഭേദമായവരുടെ എണ്ണം, റിക്കവറി റേറ്റ് എന്നിങ്ങനെ. ഓരോരുത്തരും അവർക്ക് ഇഷ്ടപ്പെട്ട ഡേറ്റ എടുത്തു പ്രയോഗിക്കുകയാണ്.
ഈ സാഹചര്യത്തിൽ ലോകത്തെവിടെയും ഉള്ള കേസുകളിൽ ഞാൻ ശ്രദ്ധിക്കുന്നത് രണ്ടു കാര്യമാണ്.
ഒന്ന് കേസുകളുടെ ഏഴു ദിവസത്തെ മൂവിങ്ങ് ആവറേജ്. സ്റ്റാസ്റ്റിസ്റ്റിക്സ് പഠിച്ചവർക്ക് അറിയാം എന്താണ് മൂവിങ്ങ് ആവറേജ് എന്ന്. ജൂലൈ ഒന്നിലെ ഏഴു ദിവസത്തെ മൂവിങ്ങ് ആവറേജ് എന്നാൽ ജൂൺ ഇരുപത്തി നാലുമുതൽ ജൂലൈ ഒന്നുവരെ ഉള്ള ഏഴു ദിവസങ്ങളിലെ കോവിഡ് കേസുകളുടെ എണ്ണം കൂട്ടി അതിനെ ഏഴുകൊണ്ട് ഹരിച്ചു കിട്ടുന്ന തുകയാണ്. ജൂലൈ രണ്ടിലെ മൂവിങ്ങ് ആവറേജ് ആകുമ്പോൾ ജൂൺ ഇരുപത്തി അഞ്ചുമുതൽ ജൂലൈ രണ്ടുവരേയുള്ള ദിവസങ്ങളിലെ കേസുകൾ കൂട്ടി അതിനെ ഏഴുകൊണ്ട് ഹരിക്കുന്നതാകും. ഇങ്ങനെ വരുമ്പോൾ പ്രതിദിനം വരുന്ന ഏറ്റക്കുറച്ചിലുകൾ മാറ്റി വച്ചിട്ട് ശരിയായ ട്രെൻഡ് കാണാൻ പറ്റും. ഇത് തൽക്കാലം നമ്മുടെ ഡാഷ്ബോർഡിൽ ഇല്ല, അതുകൊണ്ട് ഞാൻ അത് കണക്കു കൂട്ടി എടുക്കുകയാണ്.
രണ്ടാമത് ഞാൻ ശ്രദ്ധിക്കുന്നത് സമ്പർക്കത്തിലൂടെ രോഗം പരന്നവരിൽ ഉറവിടം അറിയാത്ത എത്ര കേസുകൾ ഉണ്ടെന്നതാണ്. ഈ കണക്ക് കേരളത്തിൽ ചില ദിവസങ്ങളിൽ ലഭിക്കാറുണ്ട്, ചിലപ്പോൾ ഇല്ല. തൽക്കാലം എങ്കിലും സമ്പർക്കത്തിലൂടെ രോഗം പരന്നവരുടെ എണ്ണം ഉറവിടം അറിയാത്തവരുടെ എണ്ണത്തിന്റെ ഒരു പ്രോക്സി ആയി എടുക്കുകയേ വഴിയുള്ളൂ. പക്ഷെ കേരളത്തിലെ പ്രതിദിന കേസുകൾ ഇനിയും ഏറെ വർധിക്കുന്ന സാഹചര്യം ഉണ്ടായാൽ ഏറ്റവും വേഗത്തിൽ ഉയരാൻ പോകുന്നത് ഉറവിടം അറിയാത്ത സമ്പർക്ക രോഗികളുടെ എണ്ണമാണ്. ആ എണ്ണത്തിന്റെ മൂവിങ്ങ് ആവറേജ് ലോഗരിതമിക്ക് ആയി വളരുമ്പോൾ ആണ് കാര്യങ്ങൾ നിയന്ത്രണത്തിനപ്പുറത്താണ് എന്ന് മനസിലാക്കുന്നത്. തൽക്കാലം നമ്മൾ അവിടെ അല്ല.
കൊറോണയുടെ സാഹചര്യത്തിൽ ഈ രണ്ടു ഗ്രാഫുകളും വീണ്ടും വീണ്ടും കയറുകയും ഇറങ്ങുകയും ചെയ്യാം, അതുകൊണ്ട് തന്നെ അനവധി ഡേറ്റ ദിവസവും വരുമ്പോൾ ഈ ഡേറ്റയെ ഒക്കെ ഒന്ന് പരിചയപ്പെട്ടിരിക്കുന്നത് നല്ലതാണ്.