തിരുവനന്തപുരത്തെ സമൂഹവ്യാപനം: രാജ്യത്ത് സ്ഥിരീകരണം ആദ്യം

തിരുവനന്തപുരം: തലസ്ഥാനത്ത് പൂന്തുറ, പുല്ലുവിള പ്രദേശങ്ങളില്‍ ഇന്നലെ കോവിഡ് സമൂഹവ്യാപനം സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ആദ്യമായാണ് ഏതെങ്കിലും പ്രദേശങ്ങളില്‍ സമൂഹവ്യാപനമുണ്ടായതായി ഔദ്യോഗികമായി സ്ഥിരീകരണമുണ്ടാവുന്നത്. ഇവിടെ ഉറവിടമറിയാത്ത രോഗികളുണ്ടാകുകയും രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്ന് പ്രത്യേക ക്ലസ്റ്ററുകള്‍ രൂപപ്പെടുകയും പരസ്പരബന്ധമില്ലാത്ത ഒന്നിലധികം ക്ലസ്റ്ററുകള്‍ വ്യത്യസ്തപ്രദേശങ്ങളില്‍ ഉണ്ടാകുകയും ചെയ്‌തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സമൂഹവ്യാപനമുണ്ടായതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചത്.

അതേസമയം തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങള്‍ അതിഗുരുതരസാഹചര്യം നേരിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തീരമേഖലയില്‍ അതിവേഗത്തില്‍ രോഗവ്യാപനമുണ്ടാകുന്നുണ്ട്. പുല്ലുവിളയില്‍ 97 സാമ്ബിളുകള്‍ പരിശോധിച്ചതില്‍ 51 പേര്‍ക്ക് പോസിറ്റീവായി. പൂന്തുറ ആയുഷ് കേന്ദ്രത്തില്‍ 50 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 26 എണ്ണം പോസിറ്റീവാണ്. പുതുക്കുറിശ്ശിയില്‍ 75 സാമ്ബിളുകള്‍ പരിശോധിച്ചതില്‍ 20 എണ്ണം പോസിറ്റീവായിരുന്നു.