സര്‍ക്കാരില്‍ പിടിമുറുക്കാന്‍ സിപിഎം ; മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങളുടെ യോഗം വിളിച്ചു

തിരുവനന്തപുരം: ഇടതുമുന്നണി യോഗം അടുത്തയാഴ്ച ചേരാന്‍ തീരുമാനമായി. സ്വര്‍ണക്കടത്ത്, പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് വിവാദങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. സി.പി.എം-സി.പി.ഐ ആശയവിനിമയത്തെ തുടര്‍ന്നാണ് യോഗം വിളിക്കാന്‍ തീരുമാനമെടുത്തത്. കണ്‍സര്‍ട്ടന്‍സി കരാറുകളെപ്പറ്റിയും മുന്നണി യോഗത്തില്‍ വാദപ്രതിവാദങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.

സ്വര്‍ണ്ണക്കടത്തു കേസിന്റെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടി കര്‍ശനമായി ഇടപെടാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഇഷ്ടപ്രകാരം കാര്യങ്ങള്‍ നടപ്പാക്കി എന്ന വിമര്‍ശനം പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രൈവറ്റ് സെക്രട്ടറിമാരുടെ യോഗവും വിളിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് യോഗം ചേരുക. പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പെരുമാറ്റചട്ടം കര്‍ശനമാക്കാനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യോഗത്തില്‍ പങ്കെടുക്കും.