സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം; ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണത്തിനു മുമ്പേ തെളിവുകള്‍ നശിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയേറ്റുമായി ബന്ധപ്പെട്ട തെളിവുകള്‍ എന്‍ഐഎ അടിയന്തരമായി കസ്റ്റഡിയില്‍ എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സെക്രട്ടറിയേറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ ആരും കാണരുതെന്ന ലക്ഷ്യത്തോടെയാണ് ഈ മാസം 13ന് ചീഫ് സെക്രട്ടറി ഒരു ഉത്തരവിറക്കിയത്. ഇടിമിന്നല്‍ കാരണം സിസി ടിവിയില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ഉത്തരവ്. തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഉത്തരവിറക്കിയത്. സര്‍ക്കാരിന്റെ ഭാഗമായ എട്ട് പേര്‍ സംശയത്തിന്റെ നിഴലിലാണെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടറിയേറ്റില്‍ നടക്കുന്ന കരാര്‍ നിയമനങ്ങള്‍ കിന്‍ഫ്ര വഴിയാണ് നടപ്പാക്കുന്നത്. മിന്റ് എന്ന സ്ഥാപനത്തിനാണ് ഇതിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ഒരു മാസം 20 ലക്ഷം രൂപയുടെ ശമ്പളം ഇവര്‍ക്ക് നല്‍കുന്നുണ്ട്.

സെക്രട്ടറിയേറ്റില്‍ നടത്തിയിട്ടുള്ള മുഴുവന്‍ നിയമനങ്ങളുടെയും പട്ടിക പ്രസിദ്ധീകരിക്കാന്‍ ചീഫ് സെക്രട്ടറി തയ്യാറാകണം. ചീഫ് സെക്രട്ടറി രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് കാണിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

എല്ലാ ജീവനക്കാരും സര്‍ക്കാര്‍ മുദ്രകള്‍ ലെറ്റര്‍ പാഡിലും വിസിറ്റിങ് കാര്‍ഡിലുമൊക്കെ ഉപയോഗിക്കാമെന്ന് ചീഫ് സെക്രട്ടറി പത്രക്കുറിപ്പ് ഇറക്കി. അനധികൃതമായി സര്‍ക്കാര്‍ മുദ്ര ഉപയോഗിച്ചതിന്റെ വിവരങ്ങള്‍ പുറത്തുവരുന്നതിനിടെയാണിത്. ആര്‍ക്കൊക്കെ സര്‍ക്കാര്‍ മുദ്ര ഉപയോഗിക്കാം എന്നതിന് വ്യക്തമായ നിയമമുണ്ട്. ഇതനുസരിച്ച് ഡെപ്യൂട്ടി സെക്രട്ടറിയോ അതിന് മുകളിലോ ഉള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ഇത് ഉപയോഗിക്കാന്‍ അനുവാദമുള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡ് പ്രതിരോധത്തിന് പ്രതിപക്ഷം പൂര്‍ണ പിന്തുണ നല്‍കി. എന്നാല്‍ പ്രതിരോധം പാളിയതിന് പഴി പ്രതിപക്ഷത്തിനാണ്. കോവിഡ് പ്രതിരോധം മാരത്തോണ്‍ ഓട്ടമാണെന്ന് മുഖ്യമന്ത്രിക്ക് ഒടുവില്‍ സമ്മതിക്കേണ്ടിവന്നു. എന്നാല്‍ മാരത്തോണില്‍ നൂറു മീറ്റര്‍ ഓടിക്കഴിഞ്ഞപ്പഴേക്കും കപ്പടിച്ചെന്ന് പ്രചാരണം നടത്തിയെന്നും ചെന്നിത്തല പരിഹസിച്ചു.