മഞ്ചാടിക്കുരു (കഥ -സ്മിത പ്രമോദ് ,രാമപുരം)

നാളെ അവൾ വരാണത്രേ ,ബാല

എന്നിട്ടും നന്ദേട്ടനോട് അത് പറയാൻ നിനക്ക് തോന്നിയില്യല്ലോ കുട്ടീ…

” നന്ദേട്ടാ, ഈ മഞ്ചാടിക്കെന്താ കറുത്ത കുത്ത് ഇല്ല്യാത്തെ, ഇത് മഞ്ചാടിയോ, അതോ കുന്നിക്കു രോ?”

“നോക്കൂ നന്ദേട്ടാ, ആ കൊറ്റിക്ക് കാല് കഴക്കില്ല്യേ ഇങ്ങനെ ഒറ്റക്കാലിൽ നിന്നാൽ?”

നന്ദേട്ടാ…, രണ്ട് മൈനേനെ കണ്ടാൽ ശരിക്കും സന്തോഷം ണ്ടാവ്വോ?

ഉത്തരം ഒന്നും ഞാൻ പറഞ്ഞിരുന്നില്ലെങ്കിലും നിർത്താതെ ചോദ്യങ്ങൾ ചോദിക്കാൻ നിനക്കൊരു മടിയും ഉണ്ടായിരുന്നില്യല്ലോ.!
ഞാൻ വായിക്കുന്നിടത്തെല്ലാം വന്ന് ശല്യപ്പെടുത്തലായിരുന്നല്ലോ നിൻ്റെ പ്രധാന വിനോദം !

കിലുക്കാം പെട്ടി പോലെ നീയെൻ്റെ പിന്നാലെ നടന്നപ്പോൾ ഞാനറിഞ്ഞിരുന്നില്ല കുട്ടീ നീയെനിക്ക് ആരാണെന്നും, എത്രമാത്രം പ്രായപ്പെട്ടതാണൂന്നും .

നന്ദേട്ടാ െൻ്റ റിസൾട്ടു വന്നു. ഞാൻ തോറ്റു. അമ്മ പറയ്യാ “പത്തിൽ തോറ്റ പെണ്ണിന് നല്ലൊരു നായരെ പോലും കിട്ടില്യാന്ന്….
ഉവ്വോ നന്ദേട്ടാ ? നന്ദേട്ടന് പത്തിൽ പാസായ പെണ്ണെന്നെ വേണോ കെട്ടാൻ?

അയ്യടാ ഞാൻ കുറെ കെട്ടും നിന്നെ. പത്തിൽ തോറ്റു വന്നിരിക്കണു … നൂറുവട്ടം പറഞ്ഞതാ മനസിരുത്തിയൊന്നു പഠിക്കാൻ, അപ്പോൾ പാട്ടും, കൂത്തും ആയിട്ടങ്ങനെ നടന്നു, വല്ല്യ നർത്തകിയല്ലേ , ഉർവ്വശിപ്പട്ടം ഇക്കുറി നിനക്കാവും. ഞാൻ കെട്ടണ പെണ്ണിന് മിനിമം MA യെങ്കിലും വേണം.

മുഖം കൊണ്ട് എന്തോ ഒരു ഗോഷ്ഠി കാണിച്ച് ഇറങ്ങിപ്പോയ നിന്നെയന്ന് വല്ലാത്തൊരു ചന്തായിരുന്നു.

കിലുക്കാംപെട്ടിയായിരുന്ന നീ പിന്നെ എപ്പോഴാ മാറാൻ തുടങ്ങിയേ?

പിന്നീടെപ്പോഴോ കലാമണ്ഡലം മാത്രായി നിൻ്റെ ലോകം. വീട്ടിലേക്കൊന്നും നിന്നെ കാണാതായി.മാമ്പറ്റ വന്നാൽ മാത്രം ഒരു നിഴലനക്കം പോലെ കണ്ടെങ്കിലായി. ഇടയ്ക്കെപ്പോഴോ പലരും പറയണതു കേട്ടു ,ഏതോ നൃത്താധ്യാപകനും നീയും ലോഹ്യത്തിലാണ് ന്ന്. എന്തോ വിശ്വസിക്കാൻ തോന്നിയില്യ, സത്യാവസ്ഥ എന്താണെന്ന് അന്വേഷിക്കാൻ പോലും.

ഒരു സന്ധ്യക്കാണ് അമ്മായി അച്ഛൻ്റെ അടുത്തേക്ക് ഓടി വന്നത്, കിതച്ചോണ്ടാ പറഞ്ഞതും .

ഓപ്പേ, പെണ്ണിന് ആ മാഷെ തന്നെ കെട്ടണം ത്രേ, ജാതിയും മതവും ഒന്നും ഓൾക്കറിയണ്ടാത്രേ , നടന്നില്യാച്ചാൽ ജീവനൊടുക്കുംന്നാ പറയണേ , യ്ക്ക് ആകെ ഓളൊന്നല്ലേള്ളൂ ,ഓപ്പയ്ക്കറിയാലോ ഞാനിത്രടം തന്നെ ജീവിച്ചത് ഓൾക്കു വേണ്ടിയാർന്നൂന്ന്. ജീവനൊടുക്കാന്നൊക്കെ പറഞ്ഞാൽ…. പിന്നെന്തിനാ ഞാൻ…?

പിന്നെയൊക്കെ എത്ര പെട്ടന്നായിരുന്നു,
നീയെന്തു കണ്ടാണു കുട്ടീ അയാളെ പ്രേമിച്ചേന്ന് അന്നും എനിക്കറിയില്ല്യ, ഇന്നും. കലാകാരനായിരുന്ന അച്ഛൻ ഒന്നും നിനക്കായി കരുതി വെയ്ക്കാതെ ഉപേക്ഷിച്ചു പോയിട്ടും നീയും ആ വഴി തന്നെ കണ്ടെത്തി. പ്രേമത്തിനു കണ്ണും മൂക്കും ഇല്യാന്നല്ലേ പറയ്യാ..!
കളളു ചെത്തണ ഗോപാലേട്ടൻ മുറ്റത്തൂടെ പോവുമ്പോൾ അയാളെ നാറുണൂന്നു പറഞ്ഞിരുന്ന നീ മൂക്കറ്റം കുടിക്കണ അയാളോടൊപ്പം എങ്ങനെ ജീവിച്ചു.
എന്തായാലും നീ സുമംഗലിയായേ പിന്നെ അമ്മായീടെ കണ്ണീരുണങ്ങി ഞാൻ കണ്ടിട്ടില്ല.
കണ്ണീരോടെയല്ലാതെ ന്റെ ബാലാന്ന് അമ്മായി പറയണത് കേട്ടിട്ടും ല്ല്യാ.
ഒരു MA കാരിയെ മാത്രേ കെട്ടുന്നൊക്കെ പറഞ്ഞത്, അങ്ങനെയെങ്കിലും നീ രണ്ടക്ഷരം പഠിക്കട്ടെ എന്നു കരുതിയായിരുന്നു. നന്ദേട്ടന്റെ മനസു നിറയെ നീയായിരുന്നു. നിന്നെ ചേർത്തല്ലാതെ ഒരു സ്വപ്നവും കണ്ടിരുന്നില്ല്യ. പ്രകടിപ്പിക്കാൻ അറിയാതെ പോയ സ്നേഹായോണ്ട് നിനക്കിതൊന്നും മനസ്സിലായിട്ടുണ്ടാവില്ല്യ അല്ലേ?.
പിന്നീടെപ്പോഴോ കേട്ടു… നിങ്ങൾ
മദ്രാസിൽ ഡാൻസ് സ്കൂൾ തുടങ്ങാണെന്നും, നീയും മൂപ്പരും ഇനി അവിടെയാവുംന്നും, അമ്മായിയേയും കൊണ്ടോവാണ്ന്നും ഒക്കെ. ഒരിക്കൽ കണ്ടപ്പോൾ ഷാരത്തെ അമ്മു പറഞ്ഞാണറിഞ്ഞത്. ഉള്ളിൽ സന്തോഷം തോന്നി. ഡാൻസ് നിന്റെ പ്രാണനായിരുന്നല്ലോ. ഇത്രയൊക്കെ സാധിച്ചൂലോന്ന്.

ഇന്നലെയാണ് ഷാരത്തെ അമ്മുവന്ന് പറഞ്ഞത് നാളെ നീ വരണണ്ട്ന്ന് . റെയിൽവേ സ്റ്റേഷനിലേക്ക് അവളോട് ഏട്ടനെ കൂട്ടി വരാൻ പറഞ്ഞൂത്രെ നീ. ഷാരത്തെ ഉണ്ണിയോളം പോലും ആരും അല്ലാതായോ നിനക്ക് നന്ദേട്ടൻ.

ഞാനാ അവളോട് പറഞ്ഞത് ഞാൻ പൊയ്ക്കോളാംന്ന്.

ഈ രാത്രിയൊന്ന് തീർന്ന് കിട്ടാൻ എന്താ ചെയ്യാന്ന് നിശ്ചംല്ല്യ. എന്നും ഇല്ലാത്ത എന്തോ ഒരു ധൃതി നിന്നെയൊന്ന് കാണാൻ. അഞ്ചു വർഷം തീർന്നത് എത്രയോ പെട്ടന്നാണ്ന്ന് തോന്നണു ഈ രാത്രിയുടെ അലസത കാണുമ്പോൾ.

വണ്ടിയിൽന്ന് ഇറങ്ങിയത് നീ തന്നെയാണോന്ന് വിശ്വസിക്കാൻ വീണ്ടും വീണ്ടും നോക്കേണ്ടി വന്നു. നിൻ്റെ മുടിയാണ് അത് നീ തന്നെ എന്നു ഉറപ്പിക്കാൻ ഒരേ ഒരടയാളം. എന്തൊരു കോലാണു കുട്ടീയിത്? എവിടെയാ നിനക്കു പിഴച്ചത്? ഇപ്പോൾ അമ്മായിയേക്കാൾ പ്രായം നിനക്കാണു തോന്നണെ. നിൻ്റെ നിറവും പ്രസരിപ്പും ഒക്കെ എവിടെപ്പോയി? ചിരിക്കാൻ പോലും മറന്നോ നീ?

” ഒരുപാടു നേരായോ വന്നിട്ട് ? അമ്മു പറഞ്ഞതാവും ല്ലേ?”

തീർന്നു . ഇത്രയേ ഉള്ളൂല്ലേ നിനക്കെന്നോടു പറയാൻ? കഷ്ടം !
ഒരു ചായ കുടിച്ചാലോ

വേണ്ട , നന്ദേട്ടാ

ഹാവൂ ആ വിളി നീ മറന്നില്ല്യല്ലോ, ആശ്വാസം .

ബാല തോറ്റു പോയി നന്ദേട്ടാ, പത്തിൽ മാത്രല്ല, ജീവിതത്തിലും, കണക്കിലായിരുന്നല്ലോ ഞാനെന്നും പിന്നിൽ. ജീവിതത്തിൽ കണക്കു കൂട്ടലുകൾ പിഴച്ചു പോയി.

പറയൂ ബാലാ, എന്താ നിനക്കു പറ്റിയത് ? നന്ദേട്ടൻ പുറമേക്കാരൻ അല്ലാന്നു തോന്നണൂച്ചാൽ മാത്രം പറഞ്ഞാൽ മതി. മനസിൻ്റെ ഭാരമൊന്ന് ഒഴിച്ചിട്ടാവാം മാമ്പറ്റയ്ക്കുള്ള യാത്ര.
ഡാൻസ് സ്കൂൾ തുടങ്ങണൂന്ന് അറിഞ്ഞിരുന്നില്ല്യേ നന്ദേട്ടൻ? ഞാനും ഒരു പാടു സന്തോഷിച്ചു. സ്വർണ്ണം മുഴുവൻ അതിനായി കൊടുത്തു. എന്നോട് സ്നേഹൊക്കായിരുന്നു. കള്ളു കുടിച്ചാൽ പ്രത്യേകിച്ചും.

കള്ളിൻ്റെ മണൊക്കെ ഇഷ്ടപ്പെടാൻ പഠിച്ചു നന്ദേട്ടാ ഞാൻ. ഞാൻ തെരഞ്ഞെടുത്ത ആളല്ലേ? ഇഷ്ടായാലും കഷ്ടായാലും സഹിച്ചല്ലേ പറ്റൂ ,നല്ല രീതിയിൽ തന്നെയാണ് സ്ക്കൂൾ തുടങ്ങിയത്.

പലരുടെ മുൻപിലും പല രൂപത്തിലും ആടേണ്ടി വന്നപ്പോഴും മനസിലായില്യ ചതിക്കുഴിയിലേക്കുള്ള യാത്രയാഞന്ന്.
പ്രശസ്തരാണെന്നും കൂട്ടുകാരാണെന്നും സിനിമയിൽ വരെ എത്തിക്കാൻ പ്രാപ്തരാണ് ന്നും ഒക്കെ പറഞ്ഞ് പലരെയും കൂട്ടി വരാൻ തുടങ്ങിയപ്പോഴും തെറ്റായിട്ടൊന്നും തോന്നിയില്യ. “എൻ്റെ ആളല്ലേ ന്നെ ചീത്തയാക്കോ ?” എന്നേ ചിന്തിച്ചുള്ളൂ .

പിന്നീട് കൂട്ടുകാർ തനിച്ചും കയറിയിറങ്ങാൻ തുടങ്ങി. അതു ശരിയല്ലാന്ന് ഞാൻ പലവട്ടം പറഞ്ഞു. അവരെ കുറ്റം പറഞ്ഞാൽ ആളാകെ മാറും.പിന്നെ ഉപദ്രവായി , ഞാൻ ശീലാവതിയൊന്നും അല്ലാന്നായി. ഇടയ്ക്കൊക്കെ നന്ദേട്ടനെയും ചേർത്തൂട്ടോ പഴി യായി.

എന്നോടുള്ള ദേഷ്യം തീർക്കാൻ പല സ്ത്രീകളെയും കൂട്ടി വീട്ടിൽ വരാൻ തുടങ്ങി. ഒന്നിച്ച് പാട്ടും കൂത്തും, തീറ്റയും . ഉറക്കം വരെ ഒന്നിച്ചായി. കുറെയൊക്കെ കണ്ടില്യാന്നു നടിച്ചു. എത്രയായാലും ൻ്റെ നായരല്ലേ? ഞാനൊരു പാട് സ്നേഹിച്ച് കെട്ടിയ ആളല്ലേ, മറ്റൊരു പെണ്ണിനോടൊന്നിച്ച് ഉറങ്ങാന്നൊക്കെ വെച്ചാൽ … കണ്ടപ്പോൾ സഹിച്ചില്ല്യ. ഞാനെന്തൊക്കെയോ പറഞ്ഞു. എന്നാലും അമ്മയ്ക്ക് വിഷമാവാതിരിക്കാൻ എല്ലാം സഹിച്ചു. അമ്മ ഇതൊന്നും അറിയരുതേന്ന് മാത്രേ പ്രാർത്ഥിച്ചുള്ളു.

ഭൂമിയോളം ക്ഷമിച്ചു. നെല്ലിപ്പലകയോളം.

കഴിഞ്ഞാഴ്ച രാത്രിയിൽ 2 ആൾക്കാരേയും കൂട്ടിയാണ് വീട്ടിൽ വന്നത്. കൂട്ടുകാരാവണം. വീട്ടിലിരുന്നു കുടിച്ചു . ബോധം കെടുവോളം. അവരെന്നെ കയറിപ്പിടിച്ചപ്പോൾ ഒരു ശബ്ദം കൊണ്ടു പോലും എതിർക്കാനാവാതെ ബോധമില്ലാതെ…. എന്തിനാ നന്ദേട്ടാ ഇങ്ങനെയൊരു നായര്, ഇങ്ങനെയൊരു ജീവിതം?

അവിടുന്ന് ഇറങ്ങി ഓടി. മാനം കെട്ട് ജീവിക്കണതിലും ഭേദം മരണാന്ന് തന്നെ കരുതി. മരിക്കാൻ തന്നെയാണ് ഒരു കാറിന്റെ മുൻപിലേക്ക് ചാടിയത്.

ഗതി കെടുമ്പോൾ മരണം പോലും കൂട്ടുണ്ടാവില്യല്ലോ. ആ കാറിലൊരു ആന്റിയും അങ്കിളും ആയിരുന്നു. അവരുടെ വീട്ടിലായിരുന്നു കഴിഞ്ഞ രണ്ടു ദിവസം. അവിടുന്നാണ് ടിക്കറ്റെടുത്തതും അമ്മൂനെ വിളിച്ചതുമെല്ലാം.

“ഒരു കലാകാരിയല്ലേ നീ, ദൈവദത്തമായ ഒരു കല സായത്തമാക്കിയ നീ എന്തിന് ആത്മഹത്യ ചെയ്യണം “എന്ന അവരുടെ ചോദ്യം വീണ്ടും മോഹിപ്പിച്ചു ഒന്നൂടെ ജീവിക്കാൻ. ഒരിക്കലെങ്കിലുംഒന്നു ജയിച്ചു ജീവിക്കാൻ .

നന്ദേട്ടൻ പറ , ഞാനെന്തു വേണം?

ആരാ പറഞ്ഞത് ബാലാ, നീ തോറ്റൂന്ന്? ജയിച്ചു ജീവിക്കാൻ തീരുമാനിച്ച നിമിഷം മുതൽ നീ ജയിച്ചു തുടങ്ങി. ഇനി നീ ജീവിക്കും ,ജയിച്ചു മാത്രം.
മാമ്പറ്റ ഒഴിഞ്ഞു കിടക്കല്ലേ, നാലു കുട്ട്യോൾക്ക് ഡാൻസ് പഠിപ്പിക്ക്, നീയും തുടർന്നു ഡാൻസ് പഠിക്ക്.കലാമണ്ഡലം ബാല ഇനി അങ്ങനെയാവട്ടെ., ഈ നാട് ഇനി നാളെ അറിയപ്പെടുന്നത് ഒരു പക്ഷേ നിന്നിലൂടെയാവും.
ഇപ്പോൾ മറ്റൊന്നും ചിന്തിക്കണ്ട . നല്ലതു മാത്രം ചിന്തിച്ച്, നല്ലതു മാത്രം സ്വപ്നം കണ്ട് പഴയ ആ ബാലയായിട്ട് വേണം ഈ രാത്രി മാമ്പറ്റ ചെന്നു കയറാൻ .

” നന്ദേട്ടാ ഈ മിന്നാ മിന്യോൾടെ വെട്ടം ഒരിക്കലും തീരില്യേ?

ഇല്യ കുട്ടീ, ലോകത്തിന് വെട്ടം മതിയായിന്ന് അവറ്റോൾക്ക് തോന്നാത്തിടത്തോളം അതു തീരില്യ.

” നന്ദേട്ടാ പാടത്തൂടെ പോണ പൊട്ടികൾ നമ്മുടെ വഴി തെറ്റിക്കോ?”

നമ്മുടെ വഴിയിനി ഒരു പൊട്ടനും പൊട്ടിയും തെറ്റിക്കില്ല.

ഇപ്പോ ൻ്റെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം തരാൻ നന്ദേട്ടൻ പഠിച്ചൂ ല്ലേ?”

നന്ദേട്ടൻ്റെ ഉത്തരമില്ലായ്മയിൽ നീയിനി തോറ്റു പോവ്വരുതെന്ന് എനിക്ക് നിർബന്ധ ണ്ട് ബാലാ.

ദൂരെ ട്രാക്കിലൂടെ ഇരമ്പിയാർത്തു വരുന്ന ട്രെയിനിൻ്റെ ഹെഡ് ലൈറ്റിൻ്റെ വെളിച്ചത്തിൽ ബാലയപ്പോൾ കാണുകയായിരുന്നു തൻ്റെ ജീവിതത്തിൻ്റെ നീണ്ട ഈ വഴി