മനസ്സുകൾ പറയുമ്പോൾ (കവിത-പ്രീണാ ജി പി)

നീയെന്നെ ഏൽപ്പിച്ചു പോയ
ആ കുഞ്ഞു മനസ്സും
കൗതുകക്കണ്ണുകളും
എന്നിലങ്ങനെ ഉരുക്കി
ചേർത്തതു കൊണ്ടാകാം
ചുറ്റിലും പെയ്തലക്കുന്ന
ഈ മഹാമാരിയൊന്നും
ആകുലപ്പെടുത്താത്തത്.
ദുരിതപ്പേമാരിയിൽ
മുങ്ങിത്താഴ്ന്നു പോയപ്പോൾ
നോക്കിയകന്നു നിന്ന
ഉറ്റവരെക്കുറിച്ചോർത്ത്
വ്യാകുലപ്പെടാത്തത്,
പരിഹാസത്തിൻ്റെ കല്ലുകൾ
വാരിയെറിഞ്ഞവർക്ക്
അതോരോന്നും
പെറുക്കിയെടുത്ത് ഒരു
ചെറുചിരിയോടെ തിരിച്ചു
കൊടുത്തത്.
കാപട്യത്തിന്റെയീ ആസുരലോകത്തെ
ഇത്രമേൽ നിസ്വാർത്ഥമായി
സ്നേഹിക്കാനാകുന്നത്,
നീയെന്നിൽ
അത്രമേൽ ചേർന്നലിഞ്ഞതിനാലാണ്.

പ്രീണാ ജി പി