ഐപിഎല്‍ സെപ്റ്റംബര്‍ 19ന്; വേദിയായി യു എ ഇ

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സെപ്റ്റംബര്‍ 19ന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. യു.എ.ഇ ആയിരിക്കും ഐ.പി.എല്‍ 13-ാം സീസണിന് വേദിയാകുക. നവംബര്‍ എട്ടിനായിരിക്കും ഫൈനലെന്നും റിപ്പോര്‍ട്ടിലുണ്ട്.

മത്സരങ്ങളുടെ സമയക്രമം തീരുമാനിക്കുന്നതിനു മറ്റുമായി അടുത്തയാഴ്ച ഐ.പി.എല്‍ ഭരണ സമിതി യോഗം ചേരുന്നുണ്ട്. 51 ദിവസമാണ് ടൂര്‍ണമെന്റ് നീണ്ടുനില്‍ക്കുക.

അതേസമയം, ഇത്തവണ ഐപിഎല്‍ കമന്ററി വീട്ടിലിരുന്ന് നടത്തുന്ന രീതിയില്‍ ചെയ്യാന്‍ തയ്യാറെടുക്കുകയാണ് ഐപിഎല്‍ തത്സമയ സംപ്രേഷണം ചെയ്യാന്‍ അവകാശമുള്ള സ്റ്റാര്‍ സ്‌പോര്‍ട്‌സ്. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയില്‍ നടന്ന 3ടിസി ഫോര്‍മാറ്റ് ക്രിക്കറ്റില്‍ ഇത്തരത്തില്‍ വീട്ടിലിരുന്നാണ് കമന്ററി പറഞ്ഞത്.

3ടിസി ടൂര്‍ണമെന്റില്‍ ഇര്‍ഫാന്‍ പഠാന്‍ ബറോഡയിലെ വീട്ടിലിരുന്നും സഞ്ജയ് മഞ്ജരേക്കര്‍ മുംബൈയിലെ വീട്ടിലിരുന്നും ദീപ് ദശഗുപ്ത കൊല്‍ക്കത്തയിലെ വീട്ടിലിരുന്നുമാണ് കമന്ററി പറഞ്ഞത്. ഇത് വിജയകരമായിരുന്നു. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷിതം ഹോം കമന്ററിയാണെന്ന നിലപാടിലാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സുള്ളത്.

ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ക്ക് പുറമെ പ്രാദേശിക ഭാഷകളിലും മത്സരം തത്സമയ സംപ്രേഷണം നടത്താനും സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഉദ്ദേശിക്കുന്നുണ്ട്.