കെകെ മഹേശന്റെ മരണം; സുപ്രധാന തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് സുഭാഷ് വാസു

ആലപ്പുഴ: കണിച്ചുക്കുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് സുഭാഷ് വാസു. തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയാണ് മഹേഷന്‍ ആരോപണമുന്നയിച്ചത്.

മഹേശന്‍ എടുത്തതായി പറയുന്ന ഒമ്പത് കോടി രൂപയും തുഷാര്‍ വെള്ളാപ്പള്ളിയാണ് വാങ്ങിയത്. തുഷാറിന്റേയും സഹോദരിയുടേയും കഴിഞ്ഞ 20 വര്‍ഷത്തെ വിദേശ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ ഹവാല ഇടപാടുകള്‍ വ്യക്തമാകുമെന്നും സുഭാഷ് വാസു പറഞ്ഞു.

മഹേശന്‍ ജീവനൊടുക്കുവാന്‍ കാരണമായ സാമ്പത്തിക ക്രമക്കേട് ചെയ്തത് തുഷാര്‍ വെള്ളാപ്പള്ളിയാണെന്നും ഇക്കാര്യം മഹേശന്‍ തന്നോടു പറഞ്ഞുവെന്നും സുഭാഷ് വാസു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ഇത് അന്വേഷണ സംഘത്തിന് കൈമാറുമെന്നും സുഭാഷ് വാസു വ്യക്തമാക്കി. യൂണിയനിലെ പണം ഉപയോഗിച്ച് തുഷാര്‍ ഉടുമ്പന്‍ചോലയില്‍ തോട്ടം വാങ്ങി. തുഷാറിന് ഹവാല ഇടപാടുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കെ.കെ. മഹേശന്‍ ജീവനൊടുക്കിയ കേസ് അന്വേഷിക്കുന്നത്.