വാട്ടർ കാർഡ് (കഥ -സുബൈർ തോപ്പിൽ )

ദൂരെയുള്ള വലിയ കെട്ടിടമാണ് ലക്ഷ്യം. എല്ലാത്തിനും മുകളിൽ അത് തലയുയർത്തി നിൽക്കുകയാണ്. താഴെ നിന്ന് മൂന്നാമത്തെ ഇടവഴിയിലാണ് റേഷൻ കട. അവിടെ എത്താനാണ് അയാൾ വേച്ചുവേച്ച് നടക്കുന്നത്.
വരണ്ട, ചൂടുള്ള കാറ്റത്ത് എന്നോ വെട്ടിയ, ഒതുങ്ങാത്ത മുടിയിഴകൾ ഒരു വശത്തേക്ക് പാറിക്കളിച്ചു. മൂന്നോ നാലോ ഇഴകൾ ഒഴിച്ചു നിർത്തിയാൽ, അയാളുടെ കഷണ്ടിത്തല മിന്നിത്തിളങ്ങിയിരുന്നു..

ഇനിയൊരു നൂറുവാര കൂടി. കിതച്ചതിനാൽ ഉണങ്ങി നശിച്ച ആ പൈൻ മരത്തിന്റെ കുറ്റിയിൽ അയാൾ ഇരുന്നു.
അയാൾ അതിലേക്ക് വീണു എന്നു വേണം പറയാൻ. സൂര്യൻ അതിന്റെ പരമാവധി ചൂടും പ്രവഹിപ്പിച്ചു കൊണ്ടിരുന്നു.
ഇനിയുള്ള നൂറുവാരയിലേക്ക് അയാൾ പാതിയടഞ്ഞ കണ്ണുകളോടെ നോക്കി. ‘ഒരു വളവ്, ആ വളവ് വരെ നിനക്ക് കഴിയും’ എന്ന് മനസ്സ് പറഞ്ഞെങ്കിലും, ശരീരത്തിന്റെ മറ്റൊരു ഭാഗവും അത് വകവെച്ചില്ല.

അയാൾ ഇഴഞ്ഞു. അതല്ലാതെ അയാളുടെ മുന്നിൽ മറ്റൊരു മാർഗമില്ലായിരുന്നു. എന്നോ പതിച്ച ഒരു ഗ്രനൈഡിന്റെ വലിയ കുഴിയും പിന്നിട്ട് അയാൾ വരണ്ട ഭൂമിയിലൂടെ നിരങ്ങി. അയാളുടെ ചെറുപ്പകാലത്ത് അവിടം ബാർലിയും, ഗോതമ്പും കൊണ്ട് സമൃദ്ധമായിരുന്നു.
ചുറ്റിലും പൈൻ മരങ്ങൾ അതിരു മറച്ചിരുന്നു.
യുദ്ധം !.
ഒന്നല്ല, ഒരുപാട് യുദ്ധങ്ങളാണ് നാടിനെ മാറ്റിയത്. ആഭ്യന്തരവും അല്ലാത്തതുമൊക്കെ അതിൽ പെട്ടിരുന്നു.
നിരങ്ങി നീങ്ങുമ്പോഴും, അയാൾ പത്തമ്പത് വർഷം പിന്നിലേക്ക് സഞ്ചരിച്ചു.

ഇവിടെയാണ്‌ മരിയയുമൊത്ത് അവധി ദിവസങ്ങളിൽ വന്നിരുന്നത്. അവളുടെ കൂടെ പുഴവക്കിൽ വന്നിരുന്ന് വർത്തമാനം പറയാൻ എന്ത് രസമായിരുന്നു. വായാടിയായിരുന്നു അവൾ. താൻ എല്ലാം കേട്ടുകൊണ്ട് അവളെ നോക്കിക്കൊണ്ടിരിക്കും. കഠിനമായ വേദനയിൽ പുളഞ്ഞു നീങ്ങുമ്പോഴും, ഭൂതകാല സ്മരണകൾ അയാളുടെ വിളറിയ ചുണ്ടിൽ ഒരു പുഞ്ചിരി വരുത്തി.

റേഷൻ കടയുടെ മുൻപിൽ പതിവുപോലെ നീണ്ട ക്യൂ ആയിരുന്നു. വെള്ളവും അവശ്യസാധനങ്ങളും വാങ്ങാൻ വന്നവരുടെ തിരക്ക്. അയാൾ നിരങ്ങി, നിരങ്ങി ഏറ്റവും പിന്നിൽ ഇരിപ്പുറപ്പിച്ചു. അയാളുടെ നിരക്കമോ, നടക്കാനുള്ള ബുദ്ധിമുട്ടോ ആരുടേയും മനസ്സലിയിച്ചില്ല. എല്ലാവരും അവരവരുടെ ലോകങ്ങളിൽ ആയിരുന്നു. ഊഴത്തിനനുസരിച്ച് അയാൾ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.

എത്ര പെട്ടെന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. താനും മരിയയും വന്നിരുന്നിരുന്ന പുഴ, ഗ്രിഗറിയുമൊത്ത് അവധി ദിവസങ്ങളിൽ പട്ടം പറത്തിയിരുന്ന ടോം അങ്കിളിന്റെ വിശാലമായ ഗോതമ്പ് പാടം. എല്ലാം ഒരു മരുഭൂമി കണക്കെ പരന്നു കിടക്കുന്നു. പല തവണയായി വന്നു പതിച്ച ഗ്രനൈഡുകളുടെ അവശിഷ്ടങ്ങളും, കുഴികളും അവിടെയിവിടെ കാണാം.
ആദ്യത്തെ യുദ്ധം തന്നെ വെള്ളത്തിന് വേണ്ടിയായിരുന്നു. അമേരിക്കയാണ് ആദ്യം മിസൈൽ വിട്ടത്. എത്രപേരാണ് മരിച്ചു വീണതെന്ന് ഇന്നും കൃത്യമായ കണക്കില്ല. പോരാടുവാൻ പറ്റുന്നിടത്തോളം പോരാടി. രാജ്യത്തോട് സ്നേഹം മൂത്ത് പട്ടാളക്കാരനായി. എന്നാൽ പരാജയം തന്റെ രാജ്യത്തിനായിരുന്നു. രാജ്യം അമേരിക്കയുടെ കയ്യിലായി. പൊതുകിണറുകളും, ടാപ്പുകളും ആദ്യം അടച്ചു. പിന്നീട് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള എല്ലാ ജലസ്രോതസ്സുകൾക്കും വിലക്ക് ഏർപ്പെടുത്തി. നിരാകരിക്കുന്നവരെ പരസ്യമായി വെടിവെച്ചു കൊന്നു. വെള്ളത്തിന് റേഷൻ സംവിധാനമാക്കി. ആഴ്ചയിൽ ഒരു വീട്ടിലേക്ക് പത്ത് ലിറ്റർ. എന്നാൽ രാജ്യത്തിനു പുറത്തേക്ക് വെള്ളം സമൃദ്ധമായി ഒഴുകിക്കൊണ്ടിരുന്നു. തിരിച്ച് അമേരിക്കയുടെ കയ്യിലേക്ക് ഡോളറും.

” സർ”
സ്റ്റോർ കീപ്പറുടെ വിളിയാണ് അയാളെ ചിന്തയിൽ നിന്നുണർത്തിയത്. അയാൾ നിരങ്ങി നിരങ്ങി ഏറ്റവും മുന്നിലെത്തിയിരുന്നു.
“താങ്കൾക്ക് എന്തൊക്കെയാണ് വേണ്ടത്? ”
“എനിക്ക്.. അൽപ്പം വെള്ളം.. ”
“താങ്കളുടെ വാട്ടർ കാർഡ് തരൂ.. ”
പഴകിപ്പിഞ്ഞിയ കോട്ടിന്റെ ഉള്ളറയിൽനിന്ന് അയാൾ തന്റെ കാർഡ് എടുത്തു സ്റ്റോർ കീപ്പർക്ക് നൽകി. അയാൾ സ്വൈപ്പിംഗ് മെഷീനിൽ ഇട്ട ശേഷം നിരാശയോടെ പറഞ്ഞു.
” ക്ഷമിക്കണം സർ, താങ്കളുടെ കാർഡിലെ ബാലൻസ് സീറോ ആണ്. താങ്കൾക്ക് വെള്ളം തരാൻ നിർവാഹമില്ല. മറ്റെന്തെങ്കിലും ആവശ്യമുണ്ടോ? ”
“എനിക്ക് മറ്റൊന്നും ആവശ്യമില്ല. അൽപം വെള്ളമാണ് വേണ്ടത്. മൂന്ന് ദിവസമായി വെള്ളം കുടിച്ചിട്ട്. ഇനിയും കിട്ടിയില്ലെങ്കിൽ ഞാൻ മരിച്ചുപോകും. ”

“ക്ഷമിക്കണം സർ. ഞാൻ നിസ്സഹായനാണ്. ”

” സുഹൃത്തേ.. താങ്കളുടെ റേഷനിൽ നിന്നെങ്കിലും ഒരൽപ്പം… ” അത്
ഇടർച്ചയോടെയാണയാൾ ചോദിച്ചത്.

സ്റ്റോർ കീപ്പർ അത് കേൾക്കാത്തപോലെ അടുത്ത ഊഴക്കാരനെ വിളിച്ചു.

അയാൾ വിഷമത്തോടെ, അതിലേറെ തളർച്ചയോടെ തിരിഞ്ഞു നീങ്ങി. അവസാന പ്രതീക്ഷയും നശിച്ചിരിക്കുന്നു. മരിക്കുന്നതിന് മുൻപ് ഇനി ഒരിറ്റ് പോലും വെള്ളം കിട്ടില്ല. സൂര്യൻ കൂടുതൽ കൂടുതൽ ചൂട് ചൊരിഞ്ഞുകൊണ്ടിരുന്നു. മാർച്ച് ചെയ്യുന്ന അമേരിക്കൻ പാട്ടാളക്കാർ അയാളെയും കടന്നു മുന്നോട്ട് നീങ്ങി.

ഇല്ല, ഇനി ഒരടികൂടി നീങ്ങാനുള്ള കെൽപ്പില്ല. അയാൾ അവിടെ വീണു. നീണ്ടുനിവർന്നു കിടന്നു. ഇരുട്ട്, മുഴുവൻ ഇരുട്ട് മാത്രം. ‘മരിയയാണോ ചിരിച്ചുകൊണ്ട് കൈകാട്ടി വിളിക്കുന്നത്..?’
അയാളും ചിരിക്കുവാൻ ഒരു വിഫലശ്രമം നടത്തി.

ദൂരെ ഒരു കഴുകൻ താഴ്ന്നു പറന്നു വന്നു. ഇരയുടെ മരണം കാത്ത് അടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിന് മുകളിൽ തമ്പടിച്ചു.

ആകാശത്തുനിന്ന് ഒരു തുള്ളി, ഒരു തുള്ളി മാത്രം മഴപൊടിഞ്ഞു. അയാളുടെ നെറ്റിയിലേക്ക് പെയ്തുവീണു. അവിടെ നിന്നും ചുണ്ടിലേക്ക് ഊർന്നിറങ്ങി..

റേഷൻ കടയുടെ നീണ്ട വരി അയാളെയും കടന്നു റോഡിലെത്തിയിരുന്നു..