സ്വര്‍ണക്കടത്ത്; റബിന്‍സനെതിരെ കസ്റ്റംസ് അറസ്റ്റ് വാറണ്ട്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ യുഎഇയില്‍ പിടിയിലായ ഫൈസല്‍ ഫരീദിന്റെ കൂട്ടാളിയായ റബിന്‍സ് അബൂബക്കറിനെതിരെ കസ്റ്റംസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഇയാള്‍ ഇപ്പോള്‍ വിദേശത്താണ്.

കള്ളക്കടത്തുകളിലെ മുഖ്യകണ്ണിയാണ് റബിന്‍സ് എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. വിവിധ കേസുകളിലെ പിടികിട്ടാപ്പുള്ളിയായ റബിന്‍സ് സഹോദരന്‍ നജിന്‍സിനൊപ്പം ആനിക്കാട് ബ്രദേഴ്‌സ് എന്ന പേരില്‍ കള്ളക്കടത്ത് നടത്തിയിട്ടുണ്ട്. 2014-15ല്‍ മാത്രം 1500 കിലോ സ്വര്‍ണമാണ് ആനിക്കാട് ബ്രദേഴ്‌സ് കടത്തിയതെന്നാണു സൂചന.

ദുബായില്‍നിന്ന് കേരളത്തിലേക്ക് സ്വര്‍ണം കടത്തിയ കേസില്‍ ഇരുവര്‍ക്കും നിര്‍ണായക പങ്കുണ്ടെന്നാണ് കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്

ഇരുവരും ചേര്‍ന്ന് ഒരു കോടി രൂപയുടെ സ്വര്‍ണം കേരളത്തിലേക്ക് കടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 23 തവണ ഇവര്‍ നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയെന്നും കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു.

അതേസമയം, പ്രതി സ്വപ്ന സുരേഷിന്റെ പക്കല്‍ നിന്ന് 45 ലക്ഷം രൂപ കൂടി കണ്ടെടുത്തിരുന്നു. തലസ്ഥാനത്തെ എസ്ബിഐ ബാങ്ക് ലോക്കറില്‍ നിന്നാണ് സ്ഥിര നിക്ഷേപമായി സൂക്ഷിച്ച തുക കണ്ടെത്തിയത്. നേരത്തെ 1.05 കോടി രൂപ സ്വപ്നയുടെ തന്നെ മറ്റൊരു ലോക്കറില്‍ നിന്ന് കണ്ടെടുത്തിരുന്നു. സ്വപ്നയുടെ പേരിലുള്ള ഫിക്‌സഡ് ഡിപ്പോസിറ്റ് മരവിപ്പിക്കാനും ബാങ്കുകള്‍ക്ക് കസ്റ്റംസ് നിര്‍ദേശം നല്‍കി.