ഹൈക്കോടതിയില്‍ നിന്നേറ്റ തിരിച്ചടിക്ക് പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടി രഹ്ന ഫാത്തിമ സുപ്രീംകോടതിയില്‍

തിരുവനന്തപുരം: ഹൈക്കോടതിയില്‍ നിന്നേറ്റ തിരിച്ചടിക്ക് പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍ ജീവനക്കാരിയും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമ. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് രഹ്ന സുപ്രീംകോടതിയെ സമീപിച്ചത്.

ഹര്‍ജിയില്‍ തന്നെയും കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനും അഭിഭാഷകനുമായ എവി അരുണ്‍ പ്രകാശ് സുപ്രീംകോടതിയില്‍ കവിയറ്റ് ഫയല്‍ ചെയ്യുകയും ചെയ്തു. നഗ്ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചത് വിഡീയോ എടുത്ത് സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ് രഹ്ന ഫാത്തിമയ്ക്കെതിരെ പോലീസ് കേസെടുത്തത്.

കലയുടെ ആവിഷ്‌കാരവും ഇതിനൊപ്പം തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കലുമാണ് ദൃശ്യങ്ങളിലൂടെ ലക്ഷ്യമിട്ടതെന്നും കുട്ടികളെ അനുചിതമായ പ്രവൃത്തിക്ക് ഉപയോഗിച്ചെന്ന ആരോപണം ശരിയല്ലെന്നുമാണ് രഹ്ന ഫാത്തിമ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദിച്ചിരുന്നത്. എന്നാല്‍ ഇത്തരം പ്രവൃത്തികള്‍ തെറ്റല്ലെന്ന് ചെയ്യുന്നവര്‍ക്ക് തോന്നാമെങ്കിലും മറിച്ചു ചിന്തിക്കുന്നവരും സമൂഹത്തിലുണ്ടെന്നായിരുന്നു കോടതിയുടെ മറുപടി. ശേഷം ജാമ്യ ഹര്‍ജി തള്ളുകയായിരുന്നു.