സുശാന്തിന്റെ മരണത്തിൽ പോലും പങ്ക് സംശയിക്കപ്പെട്ട് റിയ

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തോടെ സിനിമാ മേഖലയിലെ സ്വജനപക്ഷപാതം വളരെയേറെ വിമർശിക്കപ്പെടുകയും കരൺ ജോഹർ, ആലിയ ഭട്ട്, സോനം കപൂർ, സൽമാൻ ഖാൻ തുടങ്ങി നിരവധി പേർ വലിയ തോതിൽ വിമർശിക്കപ്പെടുകയും ചെയ്തു. ആലിയയുടെയും സോനത്തിന്റെയും സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ നിന്നും ആരാധകരുടെ വലിയ കൊഴിഞ്ഞുപോക്കും ഉണ്ടായി. ഇതോടൊപ്പം തന്നെ സുശാന്തിന്റെ കാമുകി ആയിരുന്ന റിയ ചക്രബർത്തിക്കും സുശാന്തിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത കൃതി സനോണിനും ശ്രദ്ധാ കപൂറിനും വലിയ തോതിലുള്ള പിന്തുണയും ലഭിച്ചു.

എന്നാൽ ഇപ്പോൾ ഒരിക്കലും പിടിതരാത്ത ബോളിവുഡ് വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. ആത്മഹത്യയിലേക്ക് സുശാന്ത് നടന്നടുത്തത് കാമുകി റിയ ചക്രബർത്തി കാരണമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. സുശാന്തിനെ കുടുംബവുമായി റിയ അലറ്റിയെന്നും ക്രെഡിറ്റ് കാർഡും പണവും ഉൾപ്പടെ തട്ടിയെടുത്ത് മരണത്തിലേക്ക് തള്ളിവിട്ടെന്നുമാണ് നടന്റെ കുടുംബം ഉയർത്തുന്ന ആരോപണം.

ഇതിനിടെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് പിതാവ് കെകെ സിങ് നടി റിയ ചക്രബർത്തിക്കെതിരേ പരാതി നൽകിയിരുന്നു. പട്‌ന പോലീസിലാണ് അദ്ദേഹം പരാതി നൽകിയത്. മുംബൈ പോലീസാണ് ഇപ്പോൾ സുശാന്തിന്റെ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ പട്‌ന പോലീസ് വിവരങ്ങൾ തേടി മുംബൈ പോലീസിനെ സമീപിച്ചിരിക്കുകയാണ്. സുശാന്തിനെ സാമ്പത്തികമായും മാനസികമായും തളർത്തിയത് അദ്ദേഹത്തിന്റെ കാമുകി കൂടിയായിരുന്ന റിയയാണെന്നാണ് പ്രധാന ആരോപണം.

കെകെ സിങിന്റെ പരാതിയിലെ റിയയെ പ്രതി സ്ഥാനത്ത് നിർത്തുന്ന പ്രധാനപ്പെട്ട ഒമ്പത് കാര്യങ്ങൾ ഇവയാണ്:

*2019 വരെ സുശാന്തിന് യാതൊരു തരത്തിലുള്ള മാനസികമായി യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. റിയയുമായി ബന്ധം തുടങ്ങിയതിനുശേഷമാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നത്.

*സുശാന്തിനെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ റിയ എന്തുകൊണ്ട് കുടുംബത്തെ അറിയിച്ചില്ല. അനുവാദം ചോദിച്ചതുമില്ല.

*റിയയുടെ നിർദ്ദേശപ്രകാരം സുശാന്തിനെ ചികിത്സിച്ച ഏതാനും ഡോക്ടർമാരും ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നു.

*മാനസിക പ്രശ്‌നങ്ങളിലൂടെ കടന്നുപോകുകയാണെന്നറിഞ്ഞിട്ടും റിയ ഒപ്പം നിന്നില്ല. ചികിത്സയുമായി ബന്ധപ്പെട്ട രേഖകളുമായി സുശാന്തിന്റെ വീട് വിട്ടിറങ്ങി. ആത്മഹത്യയിലേക്ക് തള്ളിവിട്ടു.

*സുശാന്തിന്റെ ബാങ്ക് അക്കൗണ്ടിൽ 17 കോടിയോളം രൂപയുണ്ടായിരുന്നു. അതിൽ നിന്ന് 15 കോടിയോളം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫെർ ചെയ്തതായി കണ്ടെത്തി. ആ വ്യക്തിക്ക് സുശാന്തുമായി യാതൊരു ബന്ധവുമില്ല എന്നാണ് മനസ്സിലാകുന്നത്.

*റിയയുമായുള്ള ബന്ധം തുടങ്ങിയതിനുശേഷമാണ് സുശാന്തിന് പുതിയ ചിത്രങ്ങൾ ലഭിക്കാതായത്. അതിലേക്കും അന്വേഷണം കടന്നുചെല്ലണം.

*കൂർഗിൽ സുഹൃത്ത് മഹേഷിനൊപ്പം ജൈവപച്ചക്കറി കൃഷി തുടങ്ങാൻ സുശാന്ത് പദ്ധതിയിട്ടപ്പോൾ റിയ ശക്തമായി എതിർത്തു. ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.

*റിയയുടെ ഭീഷണിക്ക് മുൻപിൽ സുശാന്ത് വഴങ്ങാതിരുന്നപ്പോൾ അദ്ദേഹത്തിന്റെ ലാപ്പ് ടോപ്പ്, ക്രെഡിറ്റ് കാർഡ്, ചികിത്സയുമായി ബന്ധപ്പെട്ട് രേഖകളെല്ലാം റിയ കൊണ്ടുപോയി.

*സുശാന്തുമായി പല തവണ ഞങ്ങൾ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും റിയയും അവളുടെ സുഹൃത്തുക്കളും അതിന് സമ്മതിച്ചില്ല. സുശാന്തിനെ കുടുംബവുമായി അകറ്റി.