തിരിച്ചറിവ് ( കഥ-വാണി നാരായണൻ )

“എന്തിനാ വിവേക് ഭക്ഷണം ഇങ്ങനെ വേസ്റ്റ് ആക്കുന്നത്? ആവശ്യത്തിന് ഓർഡർ ചെയ്താൽ പോരേ വേണെങ്കിൽ പിന്നെ പറഞ്ഞാൽ മതിയല്ലോ”
വിവേകിന്റെ നിർബന്ധ പ്രകാരമാണ് അവന്റെ പിറന്നാളിന് നഗരത്തിലെ ഏറ്റവും പേരു കേട്ട ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ചെന്നത്. മെനു കാർഡിൽ കാണുന്നതൊക്കെ ഓർഡർ ചെയ്യുമ്പോൾ തന്നെ പറഞ്ഞതാണ് നോക്കിയിട്ട് മതിയെന്ന്. “നീ ഇതൊന്നും കണ്ടിട്ടു പോലും ഉണ്ടാവില്ല വേണ്ടതൊക്കെ കഴിച്ചോ” എന്നായിരുന്നു മറുപടി. അത് കേട്ടപ്പോൾ തന്നെ വിശപ്പ്‌ കെട്ടു. പിന്നെ അതിന്റെ പേരിൽ തർക്കം വേണ്ടെന്നു കരുതി ഒന്നും പറയാൻ പോയില്ല, പക്ഷേ കൊണ്ടു വെച്ച ഭക്ഷണത്തിന്റെ പകുതിയിൽ കൂടുതലും ബാക്കി വെച്ച് എഴുന്നേൽക്കുന്നത് കണ്ടപ്പോൾ സഹിച്ചില്ല. പണ്ട് ഓർഫനേജിൽ ആരെങ്കിലും ഭക്ഷണം ഏൽപ്പിക്കുന്ന ദിവസങ്ങളിലേ വയറു നിറച്ച് ഉണ്ടിട്ടുള്ളൂ. വിവാഹത്തിനും മറ്റ് ആഘോഷങ്ങൾക്കും ഒക്കെ ബാക്കി വരുന്ന ഫുഡ് ആരെങ്കിലും കൊണ്ട് തരുന്ന ദിവസങ്ങൾ അന്നൊക്കെ കാത്തിരുന്നിട്ടുണ്ട്. അന്നത്തിന്റെ വില നന്നായി അറിഞ്ഞു തന്നെ വളർന്നത് കാരണം ഇത്തരം കാഴ്ച്ചകൾ കാണുമ്പോൾ മനസ്സിലൊരു പിടച്ചിലാണ്.
“വെറുതെ ഒന്നുമല്ലല്ലോ കാശ് കൊടുത്തിട്ടല്ലേ വേഗം എണീക്കാൻ നോക്ക് പോയിട്ട് തിരക്കുണ്ട്” താൻ ചോദിച്ചതിലെ ഇഷ്ടക്കേട് സംസാരത്തിൽ വ്യക്തമായിരുന്നു. നല്ലൊരു ദിവസം ആയിട്ട് വഴക്ക് വേണ്ട എന്നോർത്തു ഹരിത എണീറ്റു.
“ഞായറാഴ്ച അമ്മക്ക് നിന്നെ കാണണം എന്ന് പറഞ്ഞിട്ടുണ്ട് രാവിലെ 10 മണിക്ക് എന്റെ ഓഫീസിനടുത്തുള്ള പാർക്കിൽ വന്നാൽ മതി, ഞാൻ അമ്മയെയും കൊണ്ട് വരാം” തിരിച്ചു ഹോസ്റ്റലിലേക്ക് പോകുന്ന വഴിക്ക് വിവേക് പറഞ്ഞു. “ഞായറാഴ്ച മാറ്റി ശനിയാഴ്ച്ച ആക്കാൻ പറ്റുമോ? ഞായറാഴ്ച സ്നേഹലായത്തിൽ പോകാനുണ്ട്, ദേവകിയമ്മ അന്ന് വരുന്നുണ്ടെന്നു പറഞ്ഞു വിളിച്ചിരുന്നു വിവേകിനെയും കൂട്ടി പോകാമെന്നാണ് ഞാൻ വിചാരിച്ചത്”
“എന്നെ പ്രതീക്ഷിക്കണ്ട ഏതായാലും, അമ്മയോട് ഞാൻ ചോദിക്കട്ടെ ശനിയാഴ്ച്ച പറ്റുമോന്ന്, പിന്നെ പുതിയ ഡ്രസ്സ് വല്ലതും ഇട്ട് വേണം വരാൻ, വേണെങ്കി ഞാൻ വാങ്ങിത്തരാം അമ്മ അതൊക്കെ നോക്കുന്ന കൂട്ടത്തിലാ, ഈ സാദാ ലോക്കൽ ചുരിദാർ ഒന്നും വേണ്ട”
“എന്റടുത്തുള്ള നല്ലത് ഏതേലും ഇട്ടോളാം, ഹോസ്റ്റൽ എത്താറായി ഞാൻ ഇറങ്ങട്ടേ” “അപ്പൊ ശനിയാഴ്ച കാണാം ബൈ” യാത്ര പറയുമ്പോഴും വിവേകിന്റെ മുഖത്ത് തെളിച്ചം കുറവായിരുന്നു.
ഹോസ്റ്റലിൽ ചെന്ന് കുറച്ച്‌ നേരം കിടന്നു. ഓർമ വെച്ച കാലം തൊട്ട് ദേവകിയമ്മ ആയിരുന്നു ഹരിതക്ക് എല്ലാം, അവൾക്ക് മാത്രമല്ല സ്നേഹാലയം ഓർഫനേജിലെ ആരോരുമില്ലാത്ത ഒരു കൂട്ടം കുഞ്ഞുങ്ങൾക്ക് മുഴുവൻ അമ്മ അവരായിരുന്നു. ആ അമ്മയുടെ പിന്തുണയും അനുഗ്രഹവും കൊണ്ട് ഡിഗ്രി കഴിഞ്ഞ ഉടനെ ജോലി കിട്ടി.
ഹോസ്റ്റലിലേക്ക് മാറിയെങ്കിലും സമയം കിട്ടുമ്പോഴൊക്കെ സ്നേഹാലയത്തിൽ പോകാറുണ്ട് സ്വന്തമെന്നു പറയാൻ ആരുമില്ല എന്ന തോന്നൽ കുറച്ചു നേരത്തേക്കെങ്കിലും ഇല്ലാതാകുന്നത് അവിടെ പോകുമ്പോഴാണ്. കിട്ടുന്ന ശമ്പളത്തിൽ നിന്ന് ചെറിയ ഒരു വീതം മാസം തോറും അവിടെ ഏല്പിക്കാറുണ്ട്. ദേവകിയമ്മ പ്രായാധിക്യം മൂലം സഹോദരന്റെ വീട്ടിലാണ് ഇപ്പോൾ താമസം, വല്ലപ്പോഴുമേ സ്നേഹാലയത്തിൽ വരാറുള്ളൂ.
കോളേജിൽ വെച്ചുള്ള പരിചയമാണ് വിവേകിനെ. സൗഹൃദം പതിയെ പ്രണയത്തിലേക്ക് വഴി മാറുമ്പോഴും ഒന്നും തന്റെ അനാഥത്വം വിവേകിന് പ്രശ്നം ആയിരുന്നില്ല. തന്നെ കുറിച്ച് എല്ലാം ആദ്യമേ പറഞ്ഞിരുന്നു. “ആരുമില്ലെന്ന സങ്കടം ഇനി വേണ്ട” എന്ന മറുപടിയിൽ തന്റെ മനസും ഇടറിപ്പോയി. പക്ഷെ പഠനം കഴിഞ്ഞ് വിവേകിനും ജോലി ആയപ്പോഴാണ് പ്രണയം എന്ന മായാലോകത്ത് കാണാതെ പോയ പല കാര്യങ്ങളും വിവേകിനു മുന്നിൽ തെളിഞ്ഞത്.
ട്രെൻഡ് മാറുന്നതിനനുസരിച്ച്‌ വസ്ത്രങ്ങൾ വാങ്ങിക്കൂട്ടുക, വിലയേറിയ ആഭരണങ്ങൾ, മേക്കപ്പ് വസ്തുക്കൾ, ഇവയൊന്നും ഹരിതക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളായിരുന്നു. ബ്രാൻഡഡ് ഷർട്ടുകൾ മാത്രം ഇടുന്ന വിവേകിന് ഹരിതയുടെ ഇത്തരം സ്വഭാവത്തോട് പുച്ഛവും.
ശനിയാഴ്ച്ച പറഞ്ഞ സമയത്തിനും മുമ്പേ ഹരിത പാർക്കിൽ എത്തി.
ദൂരെ നിന്നും വിവേകും അമ്മയും നടന്നു വരുന്നത് കണ്ടപ്പോൾ കാരണമെന്തെന്നറിയാത്ത ഒരു ആശങ്ക ഉള്ളിൽ പെരുമ്പറ കൊട്ടിത്തുടങ്ങിയിരുന്നു. “അമ്മേ ഇതാണ് ഹരിത” ഒന്നു മൂളിക്കൊണ്ട് മഹേശ്വരി ഹരിതയെ അടിമുടി നോക്കി. ഇളം നീല കോട്ടൻ ചുരിദാറും കഴുത്തിൽ ഒരു നേർത്ത മാലയും അണിഞ്ഞ ആഡംബരം തീരെയില്ലാത്ത ഒരു പെൺകുട്ടി. അവരുടെ മുഖത്തെ ഭാവം എന്തെന്ന് ഹരിതക്കും അറിയാൻ കഴിഞ്ഞില്ല.
“വിവേകിന്റെ ഇഷ്ടം നടത്താൻ എനിക്ക് വിരോധം ഒന്നുമില്ല, ഹരിതക്ക് വിവാഹം കഴിഞ്ഞ് ജോലിക്ക് പോണമെങ്കിൽ അതുമാവാം” ഗാംഭീര്യം നിറഞ്ഞ ശബ്ദത്തിൽ അവർ പറഞ്ഞു. “പിന്നെ മകൻ കല്യാണം കഴിക്കുന്നത് അനാഥാലയത്തിൽ വളർന്ന ഒരു പെണ്ണിനെ ആണെന്ന് ബന്ധുക്കളോട് പറയാൻ എനിക്ക് കുറച്ച് ബുദ്ധിമുട്ടുണ്ട് അച്ഛനും അമ്മയും മരിച്ചു എന്നു പറഞ്ഞാൽ മതി, കല്യാണത്തിന് ശേഷം അവിടേക്കുള്ള പോക്കും പിന്നെ വേണ്ട, ഇടയ്ക്ക് പൈസ വല്ലതും കൊടുക്കുന്ന കാര്യം വേണമെങ്കിൽ ആലോചിക്കാം, അല്ലാതെ ജീവിതകാലം മുഴുവൻ അങ്ങോട്ടൊരു കടപ്പാടിന്റെ ആവശ്യമില്ല”
“ഇടക്കിത്തിരി പണം കൊടുത്താൽ തീരുന്ന ബന്ധം അല്ലമ്മേ എനിക്ക് അവരോടൊക്കെ ഉള്ളത്, ഓർമ വെച്ച കാലം മുതൽ സ്വന്തമെന്നു പറയാൻ അവരേ ഉണ്ടായിരുന്നുള്ളൂ എനിക്ക്, അവിടെ പോവാതിരിക്കാൻ എനിക്ക് പറ്റില്ല. “അനാഥാലയത്തിൽ വളർന്നു എന്നു കരുതി എല്ലാ കാലവും അങ്ങനെ നടക്കണോ ഒന്നുമില്ലെങ്കിലും എന്റെ ഫാമിലി ബാക്ക്ഗ്രൗണ്ട് എങ്കിലും നോക്കണ്ടേ” വിവേകിന്റെ ശബ്ദത്തിൽ മുമ്പെങ്ങും തോന്നിയിട്ടില്ലാത്ത ഒരു ഗൗരവം തോന്നി അതോ പരിഹാസമോ.
“ഇതൊക്കെ അറിഞ്ഞിട്ട് തന്നെയെല്ലേ വിവേക് എന്നെ ഇഷ്ടപ്പെട്ടത് ? അന്നൊന്നും ഇല്ലാതിരുന്ന പ്രശ്നം എന്താ ഇപ്പൊ? ” അറിയാതെ തന്റെ ശബ്ദവും ഉയർന്നു.
“എത്രയായാലും അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയിട്ട് കാര്യമില്ല, വിവേകേ ഇനി നീ തീരുമാനിക്ക് എന്താന്നു വെച്ചാൽ”
“ഇത് ഞാൻ തീരുമാനിച്ചു ആന്റി ഇവിടെ വെച്ച് നിർത്താം ഇത്, ആന്റിയെ ഇവിടെ വരുത്തി ബുദ്ധിമുട്ടിച്ചതിൽ സോറി” ഇത്രയും പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ അൽപ്പം പോലും നഷ്ടബോധം തോന്നിയില്ല മനസിൽ. ആത്മാഭിമാനം പണയം വെച്ചുള്ള ജീവിതം കൊണ്ട് നമുക്ക് ഒരു കാലത്തും തൃപ്തി ഉണ്ടാവില്ലെന്ന് ദേവകിയമ്മ തന്നെ പറഞ്ഞു തന്നിട്ടുണ്ട് പലവട്ടം.
അതിൽ പിന്നെ നഷ്ടപ്രണയത്തിന്റെ നോവായി വിവേകിന്റെ മുഖം ഇടയ്ക്കിടെ മനസിൽ തെളിഞ്ഞെങ്കിലും തന്റെ വ്യക്തിത്വത്തെ അംഗീകരിക്കാത്ത ഒരാളുടെ പ്രണയം വേണ്ടെന്നു വെച്ചതാണ് ശരിയെന്ന് അവൾക്ക് ബോധ്യമായി. അതായിരുന്നു അവളുടെ ശരി.

വാണി നാരായണൻ