വീണ്ടുമൊരു അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം; മുന്‍ ക്യാപ്റ്റനു പിന്നാലെ സുരേഷ് റെയ്‌നയും

ചെന്നൈ: മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് സുരേഷ് റെയ്‌നയും. മുന്‍ ക്യാപ്റ്റന്റെ പാത പിന്തുടര്‍ന്ന് റെയ്‌നയും രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ധോണിയുടെ തീരുമാനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് റെയ്‌നയുടെ വിരമിക്കല്‍ പ്രഖ്യാപനം.

മഹേന്ദ്രസിങ് ധോണി, നിങ്ങളോടൊപ്പം കളിക്കാന്‍ സാധിച്ചത് സമ്മോഹനമായ അനുഭവമായിരുന്നു. അഭിമാനം തുടിക്കുന്ന മനസ്സോടെ ഈ യാത്രയില്‍ ഞാനും നിങ്ങള്‍ക്കൊപ്പം ചേരുന്നു. ഇന്ത്യയ്ക്ക് നന്ദി. ജയ് ഹിന്ദ്’ റെയ്‌ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘടിപ്പിക്കുന്ന ആറു ദിവസത്തെ ക്യാംപിനായി ചെന്നൈയിലാണ് റെയ്‌ന.വെള്ളിയാഴ്ചയാണ് ധോണി ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ക്യാംപിനായി റെയ്‌നയും എത്തിയത്. ചെന്നൈയില്‍ സഹതാരങ്ങളായ മഹേന്ദ്രസിങ് ധോണി, അമ്പാട്ടി റായുഡു, കേദാര്‍ ജാദവ്, കരണ്‍ ശര്‍മ എന്നിവര്‍ക്കൊപ്പമുള്ള ചിത്രവും റെയ്‌ന പോസ്റ്റ് ചെയ്തിട്ടുണ്ട്.