പരാജിതൻ (കവിത-ഡോ.എസ്.രമ )

പരാജിതന്റെ
മുഖം വിളറി വെളുത്തിരുന്നു..
ശബ്ദം ഇടറിയിരുന്നു..
ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു..

വാക്കുകൾ തൊണ്ടയിൽ കുരുങ്ങിയപ്പോഴാണയാൾ
വെള്ളം കുടിച്ചത്….
ഒരു ദീർഘ നിശ്വാസത്തിനൊടുവിലാണയാൾ
പറഞ്ഞവസാനിപ്പിച്ചത്…
ഹൃദയം മുറിഞ്ഞൊഴുകിയ
രക്തം അപ്പോഴേക്കും കട്ട പിടിച്ചിരുന്നു…

തീൻമേശയിലെ അന്നത്തെ
രുചിയേറിയ വിഭവം അതായിരുന്നു…
ആ കുമ്പസാരരഹസ്യം…
അതിന് കണ്ണുനീരിന്റെ ഉപ്പുണ്ടായിരുന്നു..
വേദനയുടെ ചവർപ്പുണ്ടായിരുന്നു..
അനുഭവത്തിന്റ തീഷ്ണഗന്ധവും…

ആവശ്യക്കാർ ഔചിത്യമനുസരിച്ച്
രുചിഭേദം വരുത്തി…
ചിലർ എരിവും പുളിയും മസാലയും
ചേർത്ത് പാകപ്പെടുത്തി..
ചിലർ മധുരം ചേർത്ത് നെയ്യിൽ മൊരിച്ചെടുത്തു..

ആവശ്യക്കാർ കൂടി
കൊണ്ടേയിരുന്നത് കൊണ്ടാണ്
വിഭവം തികയാതെ പോയത്..
അപ്പോഴേക്കും ഹൃദയം മുറിഞ്ഞൊഴുകിയ
രക്തത്തിൽ മുഖം പൂഴ്ത്തി
പരാജിതൻ ആത്മഹത്യ ചെയ്തിരുന്നു..