തീവ്രവാദ പ്രവര്‍ത്തനത്തിന് മൊബൈല്‍ ആപ്പ് നിര്‍മ്മിച്ച യുവ ഡോക്ടര്‍ എന്‍ഐഎയുടെ പിടിയില്‍

ബെംഗളൂരു: ഐഎസ്‌ഐഎസിന് വേണ്ടി മൊബൈല്‍ ആപ്പ് നിര്‍മിച്ച യുവ ഡോക്ടര്‍ ബെംഗളൂരുവില്‍ പിടിയിലായി. എന്‍ഐഎയാണ് യുവ ഡോക്ടറെ അറസ്റ്റ് ചെയ്തത്. സിറയയിലെ സംഘര്‍ഷ മേഖലകളില്‍ ഐഎസ് പ്രവര്‍ത്തകര്‍ക്ക് ഉപയോഗിക്കാനായി ഇയാള്‍ ആപ്പുകള്‍ വികസിപ്പിച്ചിരുന്നെന്ന് എഎന്‍ഐഎ കണ്ടെത്തി.

ബെംഗളൂരു എംഎസ് രാമയ്യ മെഡിക്കല്‍ കോളേജിലെ നേത്രരോഗവിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു ഡോ. അബദുള്‍ റഹ്മാനാണ് പിടിയിലായത്. ഇറാക്കിലെയും സിറിയയിലെയും സംഘര്‍ഷ മേഖലകളില്‍ ഐഎസ് തീവ്രവാദികള്‍ക്ക് ഉപയോഗിക്കാനായി ചികിത്സാ വിവരങ്ങളടങ്ങിയ ആപ്പും, ആയുധങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു ആപ്പുമാണ് അബ്ദുള്‍ റഹമാന്‍ വികസിപ്പിച്ചിരുന്നതെന്ന് എന്‍ഐഎ പറയുന്നു.

ഗൂഢാലോചനയില്‍ പങ്കെടുക്കാന്‍ മെസേജിങ് ആപ്പുകള്‍ വഴി കശ്മീരിലെയും സിറിയയിലെയും തീവ്രവാദികളുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നു. 2014ല്‍ സിറിയയിലെ ഐഎസ് ക്യാമ്പിലെത്തിയ ഇയാള്‍ പത്ത് ദിവസത്തോളം ക്യാമ്പില്‍ കഴിഞ്ഞ് പരിക്കേറ്റ ഐഎസ് തീവ്രവാദികളെ ചികിത്സിച്ചിട്ടുണ്ടെന്നും എന്‍ഐഎ അറിയിച്ചു.

കര്‍ണാടക പോലീസുമായി ചേര്‍ന്ന് ബെംഗളൂരുവില്‍ മൂന്നിടങ്ങളില്‍ പരിശോധന നടത്തിയ എന്‍ഐഎ മൊബൈല്‍ഫോണും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് എന്‍ഐഎ ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തത്.