കോഴിക്കോട് നിന്നുള്ള പാഠങ്ങൾ (മുരളി തുമ്മാരുകുടി)

രണ്ടായിരത്തി ഒമ്പതിൽ ആണ് ആദ്യമായി ഏഷ്യാനെറ്റ് എന്നെ ഇന്റർവ്യൂ ചെയ്യുന്നത്. ജിമ്മി ആയിരുന്നു ഇന്റർവ്യൂ ചെയ്യുന്നത്. രണ്ടു പതിറ്റാണ്ട് ദുരന്ത നിവാരണ രംഗത്ത് പ്രവർത്തിച്ചതിനു ശേഷം ഞാൻ ദുരന്ത ലഘൂകരണ രംഗത്തേക്ക് ആദ്യമായി വന്ന വർഷം കൂടിയായിരുന്നു.
ദുരന്ത ലഘൂകരണം എന്ന വാക്ക് അന്ന് കേരളത്തിൽ അത്ര പ്രചാരത്തിലില്ല, ദുരന്തം തന്നെ മറ്റുളളവർക്ക് സംഭവിക്കുന്ന എന്തോ ഒന്നാണെന്നുള്ള ഉറപ്പിൽ നമ്മൾ ജീവിക്കുന്ന കാലമാണ്.
ലോകത്തെവിടെയും സംഭവിക്കുന്ന ദുരന്തങ്ങളിൽ നിന്നും നമ്മൾ പാഠങ്ങൾ പഠിക്കുമ്പോഴാണ് സുസ്ഥിരമായ ദുരന്ത ലഘൂകരണം സാധ്യമാകുന്നത് എന്ന് ഉദാഹരിച്ചുകൊണ്ട് ഞാൻ ഒരു കാര്യം പറഞ്ഞു.
“കഴിഞ്ഞ മാസം ന്യൂ യോർക്കിൽ ഹഡ്സൺ നദിയിൽ ഒരു വിമാനം ലാൻഡ് ചെയ്യേണ്ട സാഹചര്യം ഉണ്ടായി. മിനുറ്റുകൾക്കകം ചുറ്റുമുണ്ടായിരുന്ന ബോട്ടുകൾ അവിടെ എത്തി ആളുകളെ രക്ഷിച്ചു തുടങ്ങി, വിമാനത്തിൽ ഉണ്ടായിരുന്ന നൂറ്റി അൻപത്തി അഞ്ചുപേരും ജീവനോടെ രക്ഷ പെട്ടു”
ഈ സംഭവം വിവരിച്ച ശേഷം ഞാൻ പറഞ്ഞു
“കൊച്ചി വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്ന ഒരു വിമാനത്തിന് ഇത്തരത്തിൽ ഒരു അപകടം ഉണ്ടായി എന്ന് കരുതുക. വിമാനം പെരിയാറിൽ ലാൻഡ് ചെയ്താൽ ആരാണ് യാത്രക്കാരെ രക്ഷപ്പെടുത്തുന്നത് ?. എന്തെങ്കിലും സംവിധാനം നമുക്കുണ്ടോ ?, മിക്കവാറും കാലടി പുഴയിൽ മണൽ വരുന്ന തൊഴിലാളികൾ ആയിരിക്കും. അവർക്ക് എന്ത് പരിശീലനമാണ് ഉള്ളത് ?”
ഭാഗ്യവശാൽ ഇതുവരെ പെരിയാറിൽ വിമാനം ലാൻഡ് ചെയ്തിട്ടില്ല, പക്ഷെ അതിനുള്ള സാധ്യത എന്നുമുണ്ട്, ഇന്നും.
അങ്ങനെ സംഭവിച്ചാൽ എന്ത് രക്ഷാ സംവിധാനം ആണ് നമുക്ക് ഇപ്പോൾ ഉള്ളത് ?
മിക്ക വിമാനാപകടങ്ങളുമുണ്ടാകുന്നത് വിമാനം ടേക്ക് ഓഫ് ചെയ്യുന്പോഴും ലാൻഡ് ചെയ്യുന്പോഴുമാണ്. അഞ്ച് വിമാനത്താവളങ്ങളുള്ള കേരളത്തിൽ അതുകൊണ്ടുതന്നെ ഒരു വിമാനാപകടം ഉണ്ടായേക്കാമെന്ന് മുൻകൂട്ടി കാണാൻ ഒരു ബുദ്ധിമുട്ടുമില്ല.
വിമാനാപകടമുണ്ടായാൽ എന്താണ് സംഭവിക്കുക എന്നതിനെപ്പറ്റി നമുക്കൊരു ചിന്തയുണ്ട്. ഫയർ എൻജിനും യൂണിഫോമിട്ട രക്ഷാപ്രവർത്തകരും ആംബുലൻസും വരുന്നു, വിമാനത്തിന് മുകളിൽ മൊത്തം തീ പിടിക്കാതെ ഫോം അടിക്കുന്നു. പരിക്കേറ്റവരെ അതിവേഗത്തിൽ ആംബുലൻസിൽ കയറ്റി ആശുപത്രിയിലെത്തിക്കുന്നു, അപകടമുണ്ടായ സ്ഥലം വേലികെട്ടി സുരക്ഷിതമാക്കി അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിന് തയ്യാറാക്കുന്നു, അതാണ് ജനറൽ തിയറി.
പ്രായോഗികമായി നമ്മൾ കോഴിക്കാട്ട് കണ്ടത് പക്ഷെ മറ്റൊന്നാണ്. പറഞ്ഞപോലെ ജ്യോതി ഒന്നും വന്നില്ല. നാട്ടുകാർ ഓടിയെത്തി. ഒരു ബസപകടം നടന്നത് പോലെതന്നെ അവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. സ്വന്തം വാഹനങ്ങളിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറ്റേന്ന് രാവിലെ പോലും അപകട സ്ഥലത്ത് ആളുകൾ പോയി നിന്ന് ഫോട്ടോ എടുക്കുന്നു.
ഓരോ വിമാനാപകടത്തിന് ശേഷവും വിശദമായ അപകട ഇൻവെസ്റ്റിഗേഷനുകൾ നടത്തണം എന്നത് ആഗോളമായ നിബന്ധന ആണ്. അങ്ങനെയാണ് അപകടത്തിന്റെ അടിസ്ഥാന കാരണങ്ങൾ കണ്ടുപിടിക്കുന്നത്, അവ വിമാനക്കമ്പനികളും പൈലറ്റുമാരും, ടെക്‌നീഷ്യന്മാരും, വിമാനത്താവളത്തിലെ ആളുകളും ഒക്കെ ചർച്ച ചെയ്യും. ഇതൊക്കെ കോഴിക്കോടും ഇപ്പോൾ നടക്കുന്നുണ്ടാകും, അതുകൊണ്ട് ഞാൻ അതിനെപ്പറ്റി ഒന്നും പറയുന്നില്ല. റിപ്പോർട്ട് വരുമല്ലോ.
എന്നാൽ അപകട സ്ഥലത്തുണ്ടായ രക്ഷാ പ്രവർത്തനത്തെ കുറിച്ച് ചില കാര്യങ്ങൾ പറയാം.
ഏതൊരു അപകടസ്ഥലത്തും രക്ഷാപ്രവർത്തനം നടത്തുക എന്നത് വളരെ പ്രൊഫഷണലായി ചെയ്യേണ്ട ഒന്നാണ്. അറിവില്ലാത്ത ആളുകൾ രക്ഷാപ്രവർത്തനം നടത്തുന്നത് അവർക്കും രക്ഷിക്കപ്പെടുന്നവർക്കും കൂടുതൽ അപകടമുണ്ടാക്കുന്ന ഒന്നാണ്. മുൻപും പലവട്ടം പറഞ്ഞിട്ടുള്ളതാണ്.
“വിമാനത്തിനുള്ളിൽ ആദ്യം കണ്ടത് “രക്ഷിക്കണേ” എന്ന് നിലവിളിക്കുന്ന ഒരു പുരുഷനെയാണ്. ആർത്തനാദത്തോടെ നിലവിളിച്ച സീറ്റിനടിയിൽ കുടുങ്ങിയ അയാളെ രക്ഷിക്കണമെന്ന് മാത്രമേ മനസിലുണ്ടായിരുന്നുള്ളു. കൈയിൽ പിടിച്ച് മുകളിലേക്ക് വലിച്ചതോടെ കൈകൾ അടർന്ന് എന്റെ കയ്യിലായി.”
ഒരു രക്ഷാപ്രവർത്തകന്റെ വാക്കുകൾ മനോരമയിൽ വന്നതാണ്. ഞാൻ ഒന്ന് നടുങ്ങി. അതെന്റെ കയ്യായിരുന്നെങ്കിലോ ?
1996 ൽ ഡൽഹിയിലെ ആകാശത്ത് രണ്ടു വിമാനങ്ങൾ കൂട്ടിയിടിച്ചു. വിമാനങ്ങൾ തകർന്നുവീണത് ഛർക്കി ദാദ്രി എന്ന ഹരിയാന ഗ്രാമത്തിലാണ്. രക്ഷാപ്രവർത്തകർ എത്താൻ ഒരുപാട് സമയമെടുത്തു. അപ്പോഴേക്കും നാട്ടുകാർ ജീവനുള്ളവരെയെല്ലാം അവിടെ ലഭ്യമായ ട്രാക്ടറിലും മറ്റു വണ്ടികളിലുമായി ടാറിടാത്ത റോഡിലൂടെ ഓടിച്ച് ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ ജീവൻ നഷ്ടപ്പെടാതെ ഭൂമിയിൽ വീണിട്ടും അവരിൽ ആരും രക്ഷപ്പെട്ടില്ല. അക്കാലത്തെ വാർത്തയായിരുന്നു.
എന്ത് പാഠമാണ് നാം ഹരിയാനയിൽ നിന്ന് പഠിച്ചത്?
ഒന്നും പഠിച്ചില്ല.
ഇനി എന്ത് പാഠമാണ് നാം കോഴിക്കോട്ട് നിന്നും പഠിക്കേണ്ടത്?
കേരളത്തിലെ ആകാശത്ത് ഇനിയും വിമാനാപകടങ്ങൾ ഉണ്ടാകും.
ടേക്ക് ഓഫ് സമയത്തും ലാൻഡിംഗ് സമയത്തും ആണ് ഏറ്റവും അപകട സാധ്യത എന്നതിനാൽ വിമാനത്താവളത്തിനകത്തും അടുത്തും ആണ് രക്ഷാപ്രവർത്തനത്തിന് ആവശ്യം കൂടുതൽ ഉണ്ടാകാനുള്ള സാധ്യത.
ഇനിയും ഇത്തരത്തിലുള്ള ഒരപകടം ഉണ്ടായാൽ ആരാണ് എങ്ങനെയാണ് രക്ഷാപ്രവർത്തനം നടത്തേണ്ടത്?
ഔദ്യോഗികസംവിധാനങ്ങൾ കോഴിക്കോട്ടേക്കാൾ നന്നായി കണ്ണൂരും എറണാകുളത്തും പ്രവർത്തിക്കുമെന്ന് എന്നുറപ്പാണ് നമുക്കുള്ളത്?
എന്തെല്ലാം സുരക്ഷാ സംവിധാനങ്ങളാണ് കോഴിക്കോട്ട് ഉണ്ടായിരുന്നത്?
ഇനിയുള്ള കാലത്തും ഇതൊക്കെത്തന്നെ മതിയോ?
നല്ലവരായ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തേണ്ടതെന്നും അല്ലെങ്കിൽ നടത്താൻ സാധ്യതയെന്നുമാണ് നമ്മുടെ ഔദ്യോഗിക പദ്ധതിയെങ്കിൽ അവരെ രക്ഷാപ്രവർത്തത്തിന്റെ അടിസ്ഥാനതത്വങ്ങൾ പഠിപ്പിക്കേണ്ട?
പൊതുവെ നമ്മുടെ നാട്ടുകാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്താണ് ?
വിമാനാപകടങ്ങൾ വർഷത്തിലൊരിക്കലോ പലപ്പോഴും പതിറ്റാണ്ടുകളിൽ ഒരിക്കലോ വരുന്നതാണ്. പക്ഷെ, ഒരു ദിവസം കേരളത്തിൽ നൂറ് റോഡപകടങ്ങൾ ഉണ്ടാകുന്നുണ്ട്. ഒരു വർഷം കേരളത്തിൽ നാലായിരം ആളുകൾ റോഡപകടത്തിൽ മരിക്കുന്നുണ്ട്. നാല്പത്തിനായിരത്തോളം പേർക്ക് ഗുരുതരമായ പരിക്കുകൾ പറ്റുന്നുണ്ട്.
ഗുരുതരമായി പരിക്കേറ്റ പലരും മരിക്കുന്നതും സാധാരണഗതിയിൽ പരിക്കേറ്റവർ പലരും ഗുരുതരാവസ്ഥയിലേക്ക് പോകുന്നതും നമ്മുടെ രക്ഷാപ്രവർത്തനത്തിന്റെ അപാകത കൊണ്ടാണ്. അതിൽ വലിയൊരു ശതമാനവും രക്ഷാപ്രവർത്തനത്തെപ്പറ്റി അറിവില്ലാത്ത ആളുകൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നത് കൊണ്ടാണ്.
ഇത് മാറിയേ തീരൂ.
അതുകൊണ്ട് കോഴിക്കോട് നിന്നും നമുക്ക് നാലു പാഠങ്ങൾ പഠിക്കാം
1. നമ്മുടെ ഓരോ വിമാനത്താവളത്തിനകത്തും ചുറ്റും ടേക്ക് ഓഫ് സമയത്തോ ലാൻഡിംഗ് സമയത്തോ ഉണ്ടാകാനിടയുള്ള അപകടങ്ങളെ നേരിടാൻ എന്ത് സംവിധാനമാണ് ഉള്ളതെന്ന് പുറമെ നിന്നുള്ള വിദഗ്ദ്ധർ അവലോകനം നടത്തട്ടെ. പ്ലാനുകൾ ഉണ്ടോ, അവ വിമാനങ്ങളുടെ എണ്ണത്തിലുള്ള മാറ്റങ്ങൾക്കും ലോകത്ത് ഈ രംഗത്ത് ഉണ്ടായ പുതിയ അറിവുകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ പുതുക്കി എഴുതിയിട്ടുണ്ടോ ?, ഈ പ്ലാനുകൾ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് അറിയുമോ ?, അവർക്ക് വേണ്ടത്ര പരീശീലനം ഉണ്ടോ ?, രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്ക് വേണ്ടത്ര വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ഉണ്ടോ ?. ഈ പ്ലാനുകൾ വർഷത്തിൽ രണ്ടു തവണ എങ്കിലും അവർ മോക്ക് ഡ്രിൽ നടത്തുന്നുണ്ടോ ?. വർഷത്തിൽ ഒരിക്കലെങ്കിലും നമ്മുടെ മാധ്യമങ്ങളെ ഇത്തരം ഡ്രില്ലുകൾക്ക് ക്ഷണിക്കണം, അതിനെപ്പറ്റി മാധ്യമങ്ങളിൽ ഉള്ളവരും പൊതുജനങ്ങളും അറിയണം (വിമാനദുരന്തം ഉണ്ടാകുമ്പോൾ എങ്ങനെയാണ് മാധ്യമങ്ങളെ കൈകാര്യം ചെയ്യേണ്ടത് എന്നതിനെ പറ്റിമാത്രം ഒരു പരിശീലനത്തിന്റെ ആവശ്യമുണ്ട്, ഈ വിഷയത്തിൽ ഒരു പരിശീലനം നടത്താമെന്ന് ഞാൻ ഒരിക്കൽ കൊച്ചിൻ എയർപോർട്ടിലെ സുഹൃത്തുക്കളോട് പറഞ്ഞതുമാണ്, പല കാരണങ്ങളാൽ നടന്നില്ല എന്ന് മാത്രം. ഇനി ഓൺലൈൻ കാലം ആയതിനാൽ കേരളത്തിലെ എല്ലാ വിമാനത്താവളത്തിലെയും ഉയർന്ന ഉദ്യോഗസ്ഥർക്ക് വേണ്ടി മാത്രം അത്തരം ഒരു വെബ്ബിനാർ വേണമെങ്കിൽ ഓർഗനൈസ് ചെയ്യാം).
2. ഔദ്യോഗികമായി ഉത്തരവാദിത്തമുള്ള ഒന്നാം നിര രക്ഷാപ്രവർത്തകരെക്കൊണ്ട് മാത്രം കാര്യങ്ങൾ നടക്കില്ല എന്ന് കോഴിക്കോടെ സംഭവങ്ങൾ വ്യക്തമാക്കിയ നിലക്ക് വിമാനത്താവളത്തിൽ സ്ഥിരമായി കാണാൻ സാധ്യതയുള്ള അവിടുത്തെ മറ്റുജോലിക്കാർ ഓട്ടോ ടാക്സി ഡ്രൈവർമാർ എന്നിവരിൽ ഈ വിഷയത്തിൽ താൽപര്യമുള്ളവരെ ഉൾപ്പെടുത്തി ഒരു രണ്ടാം നിര സന്നദ്ധ രക്ഷാസേന ഉണ്ടാക്കണം. അവർക്ക് അവരുടെയും അപകടത്തിൽ പെട്ടവരുടെയും സുരക്ഷ മനസ്സിലാക്കി എങ്ങനെയാണ് രക്ഷാപ്രവർത്തനം നടത്തേണ്ടത് എന്ന് പരിശീലനം നൽകണം. ചുരുങ്ങിയത് ഒരു ഫ്ലൂറസെന്റ് വെസ്റ്റും ഹെഡ്‌ലൈറ്റും ഉൾപ്പടെയുള്ള വ്യക്തി സുരക്ഷാ ഉപകരണങ്ങൾ നൽകണം. എങ്ങനെയാണ് ഔദ്യോഗിക സംവിധാനങ്ങൾ പ്രവർത്തിക്കുന്നത് അവയുമായി കൈകോർത്ത് അതിനു താഴെ എങ്ങനെയാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നത് എന്ന് മനസ്സിലാക്കി കൊടുക്കണം.
3. കേരളത്തിലെ വിമാനത്താവളത്തിന് രണ്ടു കിലോമീറ്റർ ചുറ്റളവിലും ഫ്ളൈറ്റിന്റെ ടേക്ക് ഓഫ് – ലാൻഡിംഗ് കോറിഡോറിനു താഴെയും ഉളളവരിൽ സന്നദ്ധ പ്രവർത്തനത്തിന് താല്പര്യമുളളവർക്ക് ഈ വിഷയത്തിൽ അടിസ്ഥാന പരിശീലനം നൽകണം. കേരളത്തിലെ ദുരന്ത നിവാരണ സംവിധാനത്തിന്റെ ഭാഗമായി ഇപ്പോൾ തന്നെ ഒരു സന്നദ്ധ സേന സർക്കാർ ഉണ്ടാക്കിയിട്ടുണ്ട്, അതുമായി ബന്ധപ്പെടുത്തുന്നതാണ് ശരിയായ രീതി. ഇവരായിരിക്കണം മൂന്നാമത്തെ നിര. ഇവർക്കും എന്താണ് വിമാനത്താവളത്തിന്റെ ഔദ്യോഗികമായ പ്ലാൻ, അതുമായി എങ്ങനെ ബന്ധപ്പെടാം എന്നുള്ള അറിവ് ഉണ്ടായിരിക്കണം.
4. ഇതൊന്നും കൂടാതെ കേരളത്തിൽ ഉള്ള ഏതൊരാൾക്കും അപകടത്തിൽ പെട്ട് കിടക്കുന്ന ഒരാളെ അയാളുടെ പരിക്കുകൾ കൂടുതൽ വഷളാകാതെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന അടിസ്ഥാന ബോധമുണ്ടാകണം. ഏറ്റവും വേഗത്തിൽ ആശുപത്രിയിലെത്തിക്കുക എന്നതിനേക്കാൾ സുരക്ഷിതമായി ആശുപത്രിയിൽ എത്തിക്കുക എന്നതാകണം ശ്രദ്ധിക്കേണ്ടത്. ആത്മാർത്ഥത കൊണ്ട് ഉടനടി എന്തെങ്കിലും ചെയ്യാതെ അറിവുള്ളവർ ചെയ്യാൻ വേണ്ടി മാറി നിൽക്കുന്നതാകും ചില സമയത്ത് ഏറ്റവും നല്ല രക്ഷാ പ്രവർത്തനം. അത്രയും അറിവെങ്കിലും എല്ലാവർക്കും വേണം. ഇത് വിമാനാപകടത്തിൽ പെടുന്നവരെ രക്ഷിക്കാൻ മാത്രമല്ല തെങ്ങിന് മുകളിൽ നിന്നും താഴെ വീഴുന്നവരുടെ കാര്യത്തിലും ശരിയാണ്.
ഒരു വിമാനാപകടമുണ്ടാകുന്പോൾ ഏറ്റവും വലിയ റിസ്‌ക്ക് വിമാനത്തിന് തീ പിടിക്കുമോ എന്നതാണ്. അത്തരത്തിൽ ഒന്ന് കോഴിക്കോട്ട് സംഭവിച്ചിരുന്നെങ്കിൽ വിമാനത്തിലുള്ളവരും രക്ഷാ പ്രവർത്തനത്തിന് എത്തിയവരും മരിച്ചുപോയേനെ. ഇന്ന് ലോകം അറിയുന്ന നല്ല മനുഷ്യരുടെ കഥ അറിവില്ലാതെ വിമാന രക്ഷാ ദൗത്യത്തിന് പോയവരുടെ കഥയില്ലായ്മയായി മാറിയേനെ.
ഇത്തരം കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാതെ, സ്വന്തം ജീവൻ പോലും വകവെക്കാതെ മറ്റുള്ളവരെ രക്ഷിക്കാൻ പോയവരുടെ ആത്മാർത്ഥതയെ ഞാൻ ഒരു തരത്തിലും ചോദ്യം ചെയ്യുന്നില്ല.
എന്നാൽ വിമാനത്താവളം പോലെ അന്താരാഷ്ട്ര സ്റ്റാൻഡേർഡുകളുള്ള ഒരു സംവിധാനം നടത്തുന്പോൾ അവിടുത്തെ രക്ഷാപ്രവർത്തനങ്ങൾ കുറ്റമറ്റതാകണം. ഔദ്യോഗിക സംവിധാനങ്ങൾക്ക് എപ്പോഴും ആദ്യം ഓടിയെത്താൻ കഴിവുണ്ടാകില്ല എന്ന തിരിച്ചറിവുണ്ടാകണം, അപ്പോൾ ആർക്കാണ് ആ വിഷയത്തിൽ ഇടപെടാൻ കഴിയുന്നത് അവർക്ക് സുരക്ഷിതമായി, അപകടത്തിൽ പെട്ടവരുടെ സുരക്ഷ കൂടി കണക്കിലെടുത്ത് രക്ഷാ പ്രവർത്തനം നടത്താനുള്ള അറിവും പരിശീലനവും ഉണ്ടാകണം.
ഇതാണ് കോഴിക്കോട്ടുനിന്ന് ഞാൻ പഠിക്കുന്ന പാഠം.