തൃക്കാക്കരയപ്പൻ (കവിത-അനുഷ പണിക്കർ)

തത്തക തകൃതക താളത്തിൽ
തകൃതിയിലൊരുക്കീയ തൃക്കാക്കരയപ്പാ..
ആവണിപ്പലകേലിരുന്നാട്ടെ..

തത്തക തകൃതക താളത്തിൽ
നെറുകിലരിമാവുകൊണ്ടെറിഞ്ഞ്
കൃഷ്ണകിരീടം ചെമ്പരത്തി
തുളസിക്കതിർ കൊണ്ടലങ്കരിക്കാം !

തത്തക തകൃതക താളത്തിൽ
തുമ്പപ്പൂവിതറിയ വഴിയിലൂടങ്ങനെ
മന്ദം മന്ദം വന്നാട്ടെ..
കുടയും വടിയും വച്ചു തരാം !

തത്തക തകൃതക താളത്തിൽ
പൂവട നിവേദ്യം കഴിച്ചിട്ട്
ആർപ്പുവിളിയതുകേട്ടിട്ട്
വാമനദേവ മടങ്ങീടൂ..