‘സ്വപ്നത്തിൽ’ പോലും പ്രതീക്ഷിക്കാത്ത പ്രഹരം !

നം ടി.വി കോ- ഓര്‍ഡിനേറ്റിംഗ് എഡിറ്ററെ ചൊല്ലി സംഘപരിവാറില്‍ ഭിന്നത രൂക്ഷം.എത്രയും പെട്ടെന്ന് നമ്പ്യാരെ തല്‍സ്ഥാനത്ത് നിന്നും നീക്കണമെന്നതാണ് ആര്‍.എസ്.എസിലെ പ്രബല വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അനില്‍ നമ്പ്യാര്‍ ഇപ്പോള്‍ സ്വയം രാജി വെച്ചിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ബി.ജെ.പിക്കും പുതിയ സംഭവ വികാസങ്ങള്‍ വലിയ തിരിച്ചടിയായിട്ടുണ്ട്. അനില്‍ നമ്പ്യാരുമായി ഉറ്റ സൗഹൃദമെന്നാണ് സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ് നല്‍കിയിരിക്കുന്ന മൊഴി. അനില്‍ നമ്പ്യാര്‍ക്ക് ഗള്‍ഫില്‍ പോകാനുള്ള തടസം നീക്കി നല്‍കിയതും സ്വപ്ന സുരേഷാണ്. ബിജെപിക്ക് വേണ്ടി യുഎഇ കോണ്‍സുലേറ്റിന്റെ സഹായങ്ങള്‍ അനില്‍ നമ്പ്യാര്‍ അഭ്യര്‍ത്ഥിച്ചതായും സ്വപ്ന കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. നിരവധി തവണ കണ്ടിട്ടുണ്ടെന്നും അനില്‍ നമ്പ്യാരുടെ ബന്ധുവിന്റെ കടയുദ്ഘാടനത്തിന് കോണ്‍സുല്‍ ജനറലിനെ കൊണ്ടുപോയത് താനാണെന്നും സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്.

അനില്‍ നമ്പ്യാരുടെ പേരില്‍ യുഎഇയില്‍ വഞ്ചനാകേസ് നിലവിലുണ്ടായിരുന്നതിനാല്‍ യാത്രാവിലക്കും ഉണ്ടായിരുന്നു. അറ്റ്ലസ് രാമചന്ദ്രന്റ അഭിമുഖത്തിനായി അനിലിന് ദുബായ് സന്ദര്‍ശിക്കേണ്ട ആവശ്യവുമുണ്ടായിരുന്നു. അവിടെ സന്ദര്‍ശിച്ചാല്‍ അറസ്റ്റ് ഉണ്ടാകുമോ എന്ന് ഭയന്ന അനില്‍ നമ്പ്യാര്‍ യാത്രാനുമതി ലഭിക്കാന്‍ സരിത്തിനെയാണ് സമീപിച്ചിരുന്നത്. സരിത്ത് തന്നെ വിളിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് സ്വപ്നയുടെ മൊഴി. അതനുസരിച്ച് അനില്‍ നമ്പ്യാര്‍ തന്നെ വിളിച്ചു. കോണ്‍സലേറ്റ് ജനറല്‍ വഴി യാത്രാനുമതി നല്‍കുകയും ചെയ്തു. ഇതിനു ശേഷമാണ് തങ്ങള്‍ നല്ല സുഹൃത്തുക്കളായതെന്നാണ് സ്വപ്ന അവകാശപ്പെടുന്നത്.

2018ല്‍ താജ് ഹോട്ടലില്‍ അത്താഴ വിരുന്നിനായും അനില്‍ നമ്പ്യാര്‍ തന്നെ വിളിച്ചിരുന്നു. ബി.ജെ.പിക്കു വേണ്ടി കോണ്‍സുലേറ്റിന്റെ സഹായങ്ങളും അനില്‍ നമ്പ്യാര്‍ അഭ്യര്‍ത്ഥിച്ചുവെന്നും സ്വപ്ന മൊഴിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ പോകാന്‍ തിരുവനന്തപുരത്തെ ഒരു അഭിഭാഷകനാണ് സ്വപ്നയോട് നിര്‍ദേശിച്ചിരുന്നത്. അതിന് മുന്‍പ് അനില്‍ നമ്പ്യാര്‍ തന്നെ വിളിച്ചെന്നും കസ്റ്റംസ് പിടിച്ചെടുത്ത സ്വര്‍ണ്ണം അടങ്ങിയ ബാഗേജ് ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്നും വ്യക്തിപരമായ ബാഗേജ് ആണെന്നും ഇക്കാര്യം കോണ്‍സുല്‍ ജനറലിനെക്കൊണ്ട് പ്രസ്താവനയായി ഇറക്കാന്‍ നിര്‍ദ്ദേശിച്ചെന്നും സ്വപ്ന മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അനില്‍ നമ്പ്യാരെ തിരിച്ചുവിളിച്ച്, കോണ്‍സുല്‍ ജനറലിന്റെ പേരില്‍ ഒരു കത്ത് തയ്യാറാക്കി നല്‍കാന്‍ താന്‍ ആവശ്യപ്പെട്ടെന്നും കത്ത് തയ്യാറാക്കി നല്‍കാം എന്ന് അനില്‍ നമ്പ്യാര്‍ അറിയിച്ചെന്നും കസ്റ്റംസിനോട് സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ആ സമയത്ത് താന്‍ സ്വയം രക്ഷയ്ക്കുള്ള ശ്രമത്തിലായിരുന്നതിനാല്‍ ഇക്കാര്യം തുടര്‍ന്ന് അന്വേഷിക്കാന്‍ കഴിഞ്ഞില്ലെന്നാണ് സ്വപ്നയുടെ വിശദീകരണം. അന്വേഷണ സംഘത്തെ ഞെട്ടിച്ച മൊഴിയാണിത്. സംഘപരിവാറിന് മൊത്തം അപമാനമായ ഈ മൊഴിയില്‍ നടപടിയും ഇപ്പോള്‍ അനിവാര്യമാക്കിയിരിക്കുകയാണ്. സ്വപ്ന നല്‍കിയ മൊഴി പ്രകാരം അനില്‍ നമ്പ്യാരെ പ്രതിചേര്‍ക്കേണ്ടി വരുമെന്നാണ് നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. സ്വയം കുഴിച്ച കുഴിയില്‍ വീഴുന്ന അവസ്ഥയാണിത്. എല്ലാ യാഥാര്‍ത്ഥ്യങ്ങളും പുറത്ത് വരുമ്പോള്‍ കാണാമെന്ന മുഖ്യമന്ത്രിയുടെ ആത്മവിശ്വാസത്തിന്റെ പൊരുള്‍ ഇപ്പോഴാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കും ശരിക്കും മനസ്സിലായിരിക്കുന്നത്.

ആക്ഷേപം വന്നപ്പോള്‍ തന്നെ പ്രൈവറ്റ് സെക്രട്ടറി ശിവശങ്കറിനെ മുഖ്യമന്ത്രി പുറത്താക്കിയിട്ടുണ്ട്. എന്നാല്‍ ഗുരുതരമൊഴി സ്വപ്ന നല്‍കിയിട്ടും അനില്‍ നമ്പ്യാരെ ചാനല്‍ മാനേജ്‌മെന്റ് ഇതുവരെ പുറത്താക്കിയിട്ടില്ല. സ്വയം രാജി വെയ്ക്കാനുള്ള സാവകാശമാണ് നല്‍കിയിരുന്നത്. ഇതു തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെയും പ്രധാന ചര്‍ച്ച. കേന്ദ്ര ഏജന്‍സിയാണ് അന്വേഷിക്കുന്നത് എന്നതിനാല്‍ നമ്പ്യാരെ രക്ഷപ്പെടുത്തുമോ എന്ന ആശങ്കയും സോഷ്യല്‍ മീഡിയ പങ്കു വയ്ക്കുന്നുണ്ട്. എന്നാല്‍ അത്തരം നിലപാടുണ്ടായാല്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന നിലപാടിലാണ് സി.പി.എം. മേലിലും ചാനല്‍ തലപ്പത്ത് അനില്‍ നമ്പ്യാരെ പോലുള്ളവരെ തുടരാന്‍ അനുവദിക്കരുതെന്നാണ് സംഘപരിവാര്‍ അനുകൂല മാധ്യമ പ്രവര്‍ത്തകരും ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അവര്‍ ഇക്കാര്യം ആര്‍.എസ്.എസ് നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. അതേസമയം ഈ മൊഴി വാര്‍ത്തയാക്കുന്നത് മൂടിവച്ച കുത്തക മാധ്യമങ്ങള്‍ക്ക് വൈകിയെങ്കിലും നിലപാടിപ്പോള്‍ സ്വയം തിരുത്തേണ്ടി വന്നിട്ടുണ്ട്. വാര്‍ത്ത ‘മുക്കല്‍’ സി.പി.എം പ്രചരണമാക്കിയതോടെയാണ് ഈ തിരുത്തലെന്നതും ശ്രദ്ധേയമാണ്.