കാറിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവർക്ക് മാസ്‌ക് നിർബന്ധമില്ലെന്ന് കേന്ദ്രം; പിഴയിട്ട് പോലീസ്

സ്വകാര്യ വാഹനത്തിൽ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോൾ മാസ്‌ക് നിർബന്ധമില്ലെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് പോലീസ്. അതേസമയം, മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച് മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗനിർദേശം കാരണം നിരത്തുകളിൽ പോലീസും യാത്രക്കാരും തമ്മിൽ തർക്കത്തിന് കാരണമായിരിക്കുകയാണ്. സ്വന്തം വാഹനത്തിൽ മാസ്‌കില്ലാതെ തനിച്ച് യാത്ര ചെയ്യുന്നവർക്ക് പോലീസ് പിഴ ചുമത്തുന്നത് തുടരുന്നതാണ് തർക്കങ്ങൾക്കു കാരണം. പൊതുസ്ഥലത്ത് വാഹനത്തിൽ യാത്രചെയ്യുമ്പോൾ മാസ്‌ക് ധരിച്ചിട്ടില്ലെങ്കിൽ നടപടി സ്വീകരിക്കാനാണ് പോലീസിനു ലഭിച്ചിരിക്കുന്ന നിർദേശം. കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് പൊതുസ്ഥലമായിട്ടാണ് കണക്കാക്കുന്നത്.

എന്നാൽ, പുതിയ കേന്ദ്ര മാനദണ്ഡ പ്രകാരം ഒന്നിൽ കൂടുതൽ പേർ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ മാത്രം മാസ്‌ക് ഉറപ്പാക്കണമെന്നാണ് നിർദേശം. ഈ സാഹചര്യത്തിൽ കാറിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവർക്ക് പിഴയീടാക്കുന്ന നടപടി നിർത്തണമെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നുമാണ് ഉയരുന്ന ആവശ്യം. പുതിയ കേന്ദ്ര മാനദണ്ഡം കാറിൽ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോൾ മാസ്‌ക് വെക്കണമെന്ന് നിർബന്ധമില്ല. ഇതിന്റെപേരിൽ പിഴ ചുമത്തരുതെന്നാണ്. ഒറ്റയ്ക്ക് വ്യായാമം ചെയ്യുമ്പോഴും സൈക്ലിങ് നടത്തുമ്പോഴും മാസ്‌ക് നിർബന്ധമില്ല. കൂട്ടമായി സൈക്ലിങ് നടത്തുമ്പോഴും വ്യായാമം ചെയ്യുമ്പോഴും മാസ്‌ക് വെക്കണം. സാമൂഹിക അകലം പാലിക്കണമെന്നും കേന്ദ്രം നിർദേശിക്കുന്നു.

അതേസമയം, മാസ്‌ക് ധരിക്കാത്തതിന് ഒരു തവണ പിടിയിലായാൽ 200 രൂപയാണു പിഴ. രണ്ടാംതവണയും പിടിയിലായാൽ 2000 രൂപയും. ശരിയായ രീതിയിൽ മാസ്‌ക് ധരിക്കാതിരുന്നാലും പിഴ ഈടാക്കും. മാസ്‌ക് ധരിക്കാത്തതിന് നടപടി നേരിട്ടവരുടെ ഡാറ്റാ ബാങ്കും തയ്യാറാക്കുന്നുണ്ട്.