കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്‌നയും സരിത്തുമായി നടത്തിയ കൂടിക്കാഴ്ച ഔദ്യോഗികം മാത്രമാണെന്ന് മന്ത്രി കെ ടി ജലീല്‍. മതഗ്രന്ഥങ്ങള്‍ തിരിച്ചയയ്ക്കാന്‍ തയ്യാറാണെന്നും എന്‍ഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യലില്‍ മന്ത്രി മന്ത്രി പറഞ്ഞു.
മതഗ്രന്ഥം വിതരണം ചെയ്ത സംഭവം, സ്വപ്നയടക്കം കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടവരുമായി മന്ത്രിയ്ക്കുള്ള പരിചയം, അദ്ദേഹത്തിന്റെ ആസ്തി വകകള്‍ തുടങ്ങിയവ സംബന്ധിച്ചായിരുന്നു പ്രധാനമായും ചോദ്യം ചെയ്യല്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട്. മതഗ്രന്ഥം വിതരണം ചെയ്തത് തെറ്റാണെന്ന് താന്‍ കരുതുന്നില്ല. ആര്‍ക്കൊക്കെ നല്‍കിയിട്ടുണ്ട് എന്നത് സംബന്ധിച്ച് രേഖകള്‍ ഉണ്ട്. ആവശ്യമെങ്കില്‍ അത് തിരിച്ചെടുക്കാന്‍ കഴിയുന്നതുമാണെന്ന് ജലീല്‍ ഇ.ഡിയോട് വ്യക്തമാക്കി.
താന്‍ സമ്പന്നനല്ല. തനിക്ക് പത്തൊമ്പതര സെന്റ് സ്ഥലം മാത്രമാണുള്ളത്. ഒന്നര ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. 3.5 ലക്ഷം രൂപ ട്രഷറിയില്‍ ഉണ്ട്. സ്വന്തമായി വാഹനമോ സ്വര്‍ണമോ ഇല്ല തുടങ്ങിയ കാര്യങ്ങളുമാണ് അദ്ദേഹം അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്.
സ്വപ്ന അടക്കം ഉള്ളവരോടുള്ള ബന്ധം ഔദ്യോഗികം മാത്രമാണ്. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഇത്തരം ബന്ധങ്ങള്‍ ഉപയോഗിച്ചിട്ടില്ല. കോണ്‍സല്‍ ജനറലുമായുള്ള ബന്ധത്തില്‍ അസ്വാഭാവികതയില്ല. പ്രോട്ടോക്കോള്‍ ലംഘനത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നും ജലീല്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.
 
            


























 
				
















