തൃത്താല പിടിക്കാന്‍ സ്വരാജിനെ ഇറക്കാന്‍ സി.പി.എം

1991 മുതല്‍ നാല് തവണ തുടര്‍ച്ചയായി സി.പി.എം വിജയിച്ച മണ്ഡലമാണ് തൃത്താല. വി.ടി ബല്‍റാമിലൂടെ കോണ്‍ഗ്രസ്സ് പിടിച്ചെടുത്ത ഈ മണ്ഡലം തിരിച്ചു പിടിക്കുക എന്നത് സി.പി.എമ്മിനെ സംബന്ധിച്ച് ഇപ്പോള്‍ അഭിമാന പ്രശ്‌നമാണ്. ഇതിനായി സി.പി.എം പാലക്കാട് ജില്ലാ നേതൃത്വം നോക്കികാണുന്നത് എം.സ്വരാജിനെയാണ്. സംസ്ഥാന നേതൃത്വം കനിഞ്ഞാല്‍ തൃപ്പൂണിത്തുറ എം.എല്‍.എയായ സ്വരാജിന് ഈ ദൗത്യവും ഏറ്റെടുക്കേണ്ടി വരും. കെ.ബാബു എന്ന അതികായകനെ മലര്‍ത്തിയടിച്ചാണ് 2016-ല്‍ തൃപ്പൂണിത്തറയില്‍ സ്വരാജ് അട്ടിമറി വിജയം നേടിയിരുന്നത്. യു.ഡി.എഫിനെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരുന്നു ഈ പരാജയം.

ഇത്തരമൊരു ‘ഷോക്ക് ‘തൃത്താലയിലും കൊടുക്കാന്‍ സ്വരാജ് തന്നെ വരണമെന്നാണ് സി.പി.എം പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത്. ആനക്കര, ചാലിശ്ശേരി, കപ്പൂര്‍, നാഗലശ്ശേരി, പരുതൂര്‍, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല പഞ്ചായത്തുകളാണ് തൃത്താല നിയമസഭാ മണ്ഡലത്തിലുള്ളത്. മണ്ഡലം രൂപപ്പെട്ട 1965ല്‍ സി.പി.എമ്മിലെ ഇ.ടി. കുഞ്ഞനാണ് നിയമസഭയിലെത്തിയിരുന്നത്. 67ല്‍ വി. ഈച്ചരനും സ്വതന്ത്രനായി വിജയിച്ചു. സംവരണം മാറി പൊതുവിഭാഗത്തിലായപ്പോള്‍ 77ല്‍ കോണ്‍ഗ്രസ്സിലെ കെ. ശങ്കരനാരായണനാണ് നിയമസഭയിലെത്തിയിരുന്നത്. 80ല്‍ മണ്ഡലം വീണ്ടും സംവരണമായി മാറുകയുണ്ടായി. അന്ന് വിജയിച്ചതാകട്ടെ കോണ്‍ഗ്രസ്സിലെ താമിയായിരുന്നു.

82ല്‍ കെ.കെ. ബാലകൃഷ്ണനിലൂടെയും 87ല്‍ വീണ്ടും എം.പി. താമിയിലൂടെയും കോണ്‍ഗ്രസ് മണ്ഡലം നിലനിര്‍ത്തി പോന്നു. എന്നാല്‍ 91ല്‍ ഇ. ശങ്കരനിലൂടെ മണ്ഡലം സി.പി.എം തിരിച്ചുപിടിക്കുകയുണ്ടായി. 96ലും 2001ലും സി.പി.എമ്മിലെ വി.കെ. ചന്ദ്രനാണ് ഈ മണ്ഡലം നിലനിര്‍ത്തിയിരുന്നത്. 2006ല്‍ ടി.പി. കുഞ്ഞുണ്ണിയിലൂടെ സി.പി.എം. നാലാം വട്ടവും വിജയം നേടുകയുണ്ടായി. ചുവന്ന് തുടുത്ത ഈ മണ്ഡലത്തിലാണ് 2011ല്‍ വി.ടി. ബല്‍റാം അട്ടിമറി വിജയം നേടിയിരുന്നത്. 57,727 വോട്ട് നേടിയായിരുന്നു അന്നത്തെ വിജയം. ഭൂരിപക്ഷമാകട്ടെ 3438 വോട്ടുകള്‍ക്കായിരുന്നു.

ആ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ പി. മമ്മിക്കുട്ടി 54,424 വോട്ടും, ബി.ജെ.പി.യിലെ വി. രാമന്‍കുട്ടി 5,888 വോട്ടുമാണ് നേടിയിരുന്നത്. 2016-ല്‍ വീണ്ടും ബല്‍റാം വിജയം ആവര്‍ത്തിച്ചു. ഈ തിരഞ്ഞെടുപ്പില്‍ പതിനായിരത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബല്‍റാം എല്‍.ഡി.എഫിന്റെ സുബൈദ ഇസഹാക്കിനെ പരാജയപ്പെടുത്തിയത്. വി.ടി ബല്‍റാമിന് 66,505 വോട്ടാണ് ലഭിച്ചത്. 55,958 വോട്ടുകളാണ് സുബൈദക്ക് ലഭിച്ചത്. ബി.ജെ.പിയുടെ വി.ടി രമയ്ക്ക് 14510 വോട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിക്കുകയുണ്ടായി. ഇത്തവണ തൃത്താല മണ്ഡലം തിരിച്ചു പിടിക്കുക എന്നത് സി.പി.എമ്മിന്റെ പ്രധാന അജണ്ടയാണ്. ബല്‍റാമിന് ഒത്ത എതിരാളിയായി സഭയിലും പുറത്തും തിളങ്ങുന്ന സ്വരാജിനെ പരിഗണിക്കുന്നതും അതുകൊണ്ട് തന്നെയാണ്.

എന്നാല്‍ സി.പി.എം സംസ്ഥാന കമ്മറ്റി അംഗം കൂടിയായ സ്വരാജിന്റെ കാര്യത്തില്‍ സംസ്ഥാന നേതൃത്വമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. നിലവില്‍ എറണാകുളമാണ് സ്വരാജിന്റെ പ്രവര്‍ത്തന മേഖല. തൃത്താലയിലേക്ക് മാറ്റുകയാണെങ്കില്‍ പാലക്കാട് ജില്ലാ കമ്മറ്റിക്ക് കീഴിലേക്ക് മാറേണ്ടി വരും. സി.പി.എമ്മിനെ സംബന്ധിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട ഘടകങ്ങളിലും ചര്‍ച്ച ചെയ്യേണ്ടി വരും. സാധാരണ ഒറ്റ ടേം പൂര്‍ത്തിയാക്കിയവരെ സി.പി.എം മാറ്റി പരീക്ഷിക്കാറില്ല.

എന്നാല്‍ തൃത്താലയിലെ സാഹചര്യം പരിഗണിച്ച് പുനര്‍വിചിന്തനത്തിന് പാര്‍ട്ടി തയ്യാറാകുമെന്ന് തന്നെയാണ് അണികള്‍ പ്രതീക്ഷിക്കുന്നത്. സ്വരാജ് തൃപ്പൂണിത്തുറയില്‍ നിന്നും മാറിയാല്‍ പകരം പി.രാജീവിനാണ് അവിടെ സാധ്യത. രാജ്യത്തെ മികച്ച സാമാജികരെ കണ്ടെത്താനുള്ള ഓണ്‍ലൈന്‍ സര്‍വ്വേയില്‍ ഇടംനേടിയ എം.എല്‍.എയാണ് വി.ടി ബല്‍റാം.’ഫെയിം ഇന്ത്യ ഏഷ്യ പോസ്റ്റ്’ എന്ന മാഗസിന്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയിലാണ് രാജ്യത്തെ മികച്ച അമ്പത് എംഎല്‍എമാരുടെ പട്ടികയില്‍ വി ടി ബല്‍റാമും ഇടം നേടിയിരിക്കുന്നത്.

അതേസമയം, മികച്ച എം.എല്‍.എ എന്ന് ഇതിനകം തന്നെ നിയമസഭയില്‍ തെളിയിച്ച വ്യക്തിയാണ് എം.സ്വരാജ്. അദ്ദേഹത്തിന്റെ നിയമസഭയിലെ പ്രസംഗങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ഈ ജനപ്രീതി വോട്ടായാല്‍ തൃത്താലയിലും ചുവപ്പ് ‘വസന്തം’ വരുമെന്നാണ് സി.പി.എം അണികള്‍ പ്രതീക്ഷിക്കുന്നത്. യുവ പോരാളികളായ സ്വരാജ് – ബല്‍റാം മത്സരം നടന്നാല്‍ പ്രവചനം അസാധ്യമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.