ഇബ്രാഹിം കുഞ്ഞിനെ പൂട്ടാൻ റഹിം

റണാകുളം ജില്ലയില്‍ ഏറ്റവും ശക്തമായി മത്സരം നടക്കാന്‍ പോകുന്ന മണ്ഡലമാണ് കളമശ്ശേരി. നിലവിലെ എം.എല്‍.എ വി.കെ ഇബ്രാഹിം കുഞ്ഞ് തന്നെയാകും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെന്നാണ് മുസ്ലീം ലീഗ് നേതൃത്വം നല്‍കുന്ന സൂചന. ഉദ്യോഗസ്ഥര്‍ ചെയ്ത പാലം അഴിമതിയില്‍ മുന്‍ മന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്നത് ശരിയല്ലെ നിലപാടാണ് ലീഗ് നേതൃത്വത്തിനുള്ളത്. പാര്‍ട്ടിയിലെ എതിര്‍പ്പ് വകവയ്ക്കാതെ ഇബ്രാഹിം കുഞ്ഞിന് തന്നെ വീണ്ടും അവസരം നല്‍കുന്നതിന് പിന്നില്‍ കുഞ്ഞാലിക്കുട്ടിയുടെ ശക്തമായ ഇടപെടലാണുള്ളത്. എന്നാല്‍ എതിരാളി ശക്തനാണെങ്കില്‍ സ്ഥാനാര്‍ത്ഥി മാറാനുള്ള സാധ്യതയും കൂടുതലാണ്.

ഇബ്രാഹിം കുഞ്ഞ് മത്സരിച്ചാല്‍ മണ്ഡലം കൈവിട്ട് പോകുമെന്ന ഭയം കോണ്‍ഗ്രസ്സിനുണ്ടെങ്കിലും ലീഗിനെ പേടിച്ച് അത് പറയാനുള്ള ധൈര്യം ഒരു കോണ്‍ഗ്രസ്സ് നേതാവും പ്രകടിപ്പിക്കുന്നില്ല. അതേ സമയം ‘പാലാരിവട്ടം പാലത്തിലൂടെ’ കളമശ്ശേരി പിടിക്കാനാണ് സി.പി.എം ഇപ്പോള്‍ തയ്യാറെടുപ്പ് നടത്തുന്നത്. പാലം അഴിമതിയില്‍ ‘ക്ലൈമാക്‌സില്‍’ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിലാകുമെന്ന് തന്നെയാണ് സി.പി.എം പ്രവര്‍ത്തകര്‍ കരുതുന്നത്. യു.ഡി.എഫിന്റെ ഏത് സ്ഥാനാര്‍ത്ഥി മത്സരിച്ചാലും ഇത്തവണ അട്ടിമറി വിജയം ഉറപ്പാണെന്നാണ് സി.പി.എം നേതൃത്വവും അവകാശപ്പെടുന്നത്.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏഴായിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ് ഇബ്രാഹിം കുഞ്ഞ് വിജയിച്ചിരുന്നത്. ആദ്യ തിരഞ്ഞെടുപ്പില്‍ കെ.ചന്ദ്രന്‍ പിള്ളയെയും പിന്നീട് എ എം യൂസഫിനെയുമാണ് ഇബ്രാഹിം കുഞ്ഞ് പരാജയപ്പെടുത്തിയിരുന്നത്. മുസ്ലീം – ക്രിസ്ത്യന്‍ ഭൂരിപക്ഷമണ്ഡലമാണിത്. ഇവിടെ ഇത്തവണ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിനെ മത്സരിപ്പിക്കണമെന്ന ആവശ്യം സി.പി.എമ്മില്‍ ശക്തമാണ്. ഇബ്രാഹിം കുഞ്ഞിനെതിരായി അഴിമതിവിരുദ്ധ മുഖമായി റഹീമിനെ ഉയര്‍ത്തിക്കാട്ടിയാല്‍ മണ്ഡലം പിടിക്കാന്‍ പറ്റുമെന്നാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്.

തൃപ്പൂണിത്തുറ മണ്ഡലം സ്വരാജിനെ ഉപയോഗിച്ച് പിടിച്ചെടുത്തത് പോലെ റഹീമിനെ മുന്‍ നിര്‍ത്തിയാല്‍ കളമശേരിയിലും എളുപ്പത്തില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് കണക്ക് കൂട്ടല്‍. മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ സ്വരാജിനെ എറണാകുളത്തേക്ക് മാറ്റിയത് സി.പി.എം സംസ്ഥാന നേതൃത്വം ഇടപെട്ടായിരുന്നു. റഹീമിന് എറണാകുളത്തേക്ക് പ്രവര്‍ത്തനമേഖല മാറ്റണമെങ്കിലും സംസ്ഥാന കമ്മറ്റിയുടെ അംഗീകാരം ആവശ്യമാണ്. കളമശ്ശേരിയില്‍ വിജയിക്കാന്‍ റഹീമിന്റെ സ്ഥാനാര്‍ത്ഥിത്വം അനിവാര്യമാണെന്ന് സി.പി.എം എറണാകുളം ജില്ലാ കമ്മറ്റി ബോധ്യപ്പെടുത്തിയാല്‍ മറ്റു തടസ്സങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല.

ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാക്കള്‍ക്കായി സി.പി.എം നിയമസഭ സീറ്റുകള്‍ മാറ്റിവയ്ക്കാറുണ്ട്. യുവ പ്രാതിനിത്വം കൂട്ടാന്‍ ആലോചനയുള്ളതിനാല്‍ കൂടുതല്‍ യുവ നേതാക്കള്‍ക്കാണ് ഇത്തവണ അവസരം ലഭിക്കാന്‍ പോകുന്നത്. എസ്.എഫ്.ഐ നേതാവായിരിക്കെ 2011 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വര്‍ക്കലയില്‍ നിന്നും റഹീം മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. അന്ന് അദ്ദേഹത്തിന്റെ പ്രായം വെറും 28 വയസ്സായിരുന്നു. പഴയ ആ റഹീമല്ല ഇപ്പോഴത്തെ റഹീം. സംസ്ഥാന രാഷ്ട്രീയത്തിലെ നിറ സാന്നിധ്യമാണിപ്പോള്‍ ഈ യുവജന നേതാവ്.

ഇടപെടലുകളുടെ കാര്യത്തിലും അദ്ദേഹം ഏറെ മുന്നിലാണ്. പൊതു സമൂഹത്തിലെ ഈ സ്വീകാര്യതയാണ് സി.പി.എം അണികളെയും ആകര്‍ഷിക്കുന്നത്. ഡി.വൈ.എഫ്.ഐ – എസ്.എഫ്.ഐ നേതാക്കള്‍ എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് സി.പി.എം സംസ്ഥാന നേതൃത്വമാണ്. നിലവില്‍ റഹീം തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ഭാഗമായതിനാല്‍ ആ ഘടകത്തിന്റെ നിലപാടും നിര്‍ണ്ണായകമാകും. റഹീം അല്ലെങ്കില്‍ സംവിധായകന്‍ ആഷിഖ് അബു ഉള്‍പ്പെടെയുള്ളവരുടെ പേരും കളമശ്ശേരിയില്‍ പരിഗണിക്കപ്പെട്ടേക്കും.

എന്നാല്‍ പ്രാദേശികമായി ആരെ നിര്‍ത്തിയാലും എതിര്‍പ്പ് ഉയരാന്‍ സാധ്യത ഉള്ളതിനാല്‍ പുറത്ത് നിന്നും സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരാനാണ് ഏറെ സാധ്യത. ഇതു തന്നെയാണ് റഹീമിന്റെ സാധ്യതയും വര്‍ദ്ധിപ്പിക്കുന്നത്. അതേ സമയം റഹീം കളമശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയായാല്‍ ഇബ്രാഹിം കുഞ്ഞിന് പകരം പി.കെ ഫിറോസിനെ ലീഗ് പരീക്ഷിക്കാനാണ് സാധ്യത. എറണാകുളത്തെ ലീഗിലെ പ്രബല വിഭാഗം ആഗ്രഹിക്കുന്നതും യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെയാണ്. അങ്ങനെ വന്നാല്‍ കടുത്ത പോരാട്ടത്തിനാണ് സംസ്ഥാനത്തെ വ്യവസായിക തലസ്ഥാനം വേദിയാകുക.