ശിവശങ്കരന് നല്കിയ മൊഴി വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ച് കസ്റ്റംസ്. പല കാര്യങ്ങളിലും വൈരുധ്യങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് നടപടി. വിശദമായ പരിശോധനയ്ക്ക് ശേഷം ശിവശങ്കരനില്‍ നിന്നും വീണ്ടും മൊഴിയെടുക്കും. മറ്റ് ഏജന്‍സികള്‍ക്ക് നല്കിയ മൊഴി കൂടി കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.
22 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ എന്തെല്ലാം സഹായങ്ങള്‍ പ്രതികള്‍ക്ക് ചെയ്ത് നല്കിയിട്ടുണ്ടെന്ന ചോദ്യങ്ങളാണ് പ്രധാനമായിട്ടും ഉണ്ടായിരുന്നത്. ഇതിനെല്ലാം മറുപടി പറഞ്ഞെങ്കിലും ഈ മൊഴി തൃപ്തികരമല്ലെന്നാണ് കസ്റ്റംസ് നല്കുന്ന സൂചന. പല കാര്യങ്ങളും ശിവശങ്കരന്‍ മറച്ച് വെച്ചതായാണ് വിവരം. സ്വപ്ന അടക്കമുള്ള പ്രതികളുമായി സൌഹൃദം മാത്രമാണെന്നായിരുന്നു ആദ്യത്തെ മൊഴി. എന്നാല്‍ ഇത് ഇപ്പോള്‍ മാറ്റിയിട്ടുണ്ട്. കൂടുതല്‍ അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്ന് ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രതികള്‍ ബോധപൂര്‍വ്വം ശിവശങ്കരനെ കരുവാക്കിയതാണോ എന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.
എന്നാല്‍ സ്വര്‍ണ്ണക്കടത്ത് അടക്കം പ്രതികള്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ ശിവശങ്കരന്‍ അറിഞ്ഞിട്ടുണ്ടെങ്കില്‍ അറസ്റ്റിലേക്ക് വരെ കാര്യങ്ങള്‍ പോയേക്കാം. അല്ലാത്ത പക്ഷം ശിവശങ്കരന് ക്ലീന്‍ ചിറ്റ് ലഭിക്കും. മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം വീണ്ടും ശിവശങ്കരനെ ചോദ്യം ചെയ്യാനാണ് തീരുമാനം











































